നിങ്ങള്‍ കാരറ്റ് കഴിക്കാറുണ്ടോ? കറുത്തതും ചുവന്നതും, ഏതാണ് നല്ലത്?
Mail This Article
വളരെ ആരോഗ്യകരമായി കണക്കാക്കപ്പെടുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. എഡി 900 മുതൽ മനുഷ്യർ കാരറ്റ് കൃഷി ചെയ്യാന്‍ തുടങ്ങിയെന്നു ചരിത്രം പറയുന്നു. മഞ്ഞ, ചുവപ്പ്, വെള്ള, പര്‍പ്പിള്‍ എന്നിങ്ങനെ പല നിറങ്ങളില്‍ ഇന്ന് കാരറ്റ് ലഭ്യമാണ്. നിറം എന്തുതന്നെയായാലും, കാരറ്റ് എല്ലായ്പ്പോഴും വളരെയധികം ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയായി കണക്കാക്കപ്പെടുന്നു. പലതരം വിറ്റാമിനുകളും ആൻ്റിഓക്‌സിഡന്‍റുകളും കൊണ്ട് സമ്പന്നമാണ് കാരറ്റുകള്‍ എല്ലാം തന്നെ.
ഓറഞ്ച് കാരറ്റ് വർഷം മുഴുവനും ലഭ്യമാണ്. എന്നാല്‍ ചുവന്ന കാരറ്റിന്റെ ലഭ്യത മഞ്ഞുകാലത്ത് മാത്രമാണ് ഉള്ളത്. ചുവന്ന നിറമുള്ള കാരറ്റില്‍ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിന്‍ എയുടെ രൂപമായ ബീറ്റാ കരോട്ടിൻ, ആരോഗ്യമുള്ള കണ്ണുകളും ചർമ്മവും നല്കാന്‍ സഹായിക്കുന്നു. ചുവന്ന കാരറ്റിൽ ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
ഓറഞ്ച് കാരറ്റിൽ ല്യൂട്ടിന്‍റെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അകാലവാര്‍ധക്യം തടയുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെയും ഇതിലുണ്ട്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും ചൈനയിലും കാണപ്പെടുന്ന അപൂർവ ഇനമാണ് കറുത്ത നിറത്തിലുള്ള കാരറ്റ്. അഫ്ഗാനിസ്ഥാനിൽ എഡി 900 മുതൽ കൃഷി ചെയ്ത ആദ്യത്തെ കാരറ്റുകളിൽ ഒന്നായിരുന്നു ഇവ എന്നും പറയപ്പെടുന്നു. ബിസി 2,000 മുതലുള്ള ഈജിപ്ഷ്യൻ ക്ഷേത്ര ഡ്രോയിംഗുകളില്‍ പർപ്പിൾ കാരറ്റ് എന്ന് വിശ്വസിക്കപ്പെടുന്ന തരം സസ്യങ്ങള്‍ കാണാം.
ഉയര്‍ന്ന അളവില്‍ ആന്തോസയാനിനുകള്‍ അടങ്ങിയതിനാലാണ് ഇതിനു ഇരുണ്ട നിറം കിട്ടുന്നത്. ഇവ കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ആന്തോസയാനിനുകൾക്ക് ആന്‍റി ഇൻഫ്ലമേറ്ററി, ആൻ്റി ഓക്‌സിഡൻ്റ് ഗുണങ്ങളുമുണ്ട്.
കറുത്ത കാരറ്റ് കൊണ്ട് ഉത്തരേന്ത്യയിലും മറ്റും ഉണ്ടാക്കുന്ന ഒരു പാനീയമാണ് കാഞ്ചി. പുളിപ്പിച്ച് ഉണ്ടാക്കുന്ന ഈ പാനീയം ദഹനത്തിന് നല്ലതാണെന്ന് പറയപ്പെടുന്നു.
കാഞ്ചി ഉണ്ടാക്കാം
ഈ പാനീയം ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. അഞ്ചാറു കറുത്ത കാരറ്റ് എടുത്ത് നന്നായി കഴുകി മുറിക്കുക. തൊലി കളയേണ്ട ആവശ്യമില്ല. വൃത്തിയുള്ളതും പൂർണ്ണമായും ഉണങ്ങിയതുമായ ഗ്ലാസ് കുപ്പിയിൽ വായു കടക്കാതെ മൂടിവെക്കുക. രണ്ടു ലിറ്റര്‍ വെള്ളം തിളപ്പിച്ച്, ആറിയ ശേഷം ഇതിലേക്ക് ഒഴിക്കുക. ഇതിലേക്ക് നാലഞ്ചു ചുവന്ന ഉണക്കമുളക്, 2 ടീസ്പൂണ്‍ ചുവന്ന മുളക്പൊടി, 3 ടീസ്പൂണ്‍ കടുക്പൊടി, പാകത്തിന് ഉപ്പ്, കാല്‍ ടീസ്പൂണ്‍ നാരങ്ങ എന്നിവ ചേര്‍ത്ത് ഇളക്കുക. കുപ്പി വായു കടക്കാതെ മൂടി വച്ച് ഒരാഴ്ച വരെ വെയിലത്ത് സൂക്ഷിക്കുക. ശേഷം അരിച്ചെടുത്ത് ഫ്രിജില്‍ വയ്ക്കുക. ആവശ്യമനുസരിച്ച് ഓരോ ഗ്ലാസ് കുടിക്കുക കറുത്ത കാരറ്റ് ലഭ്യമല്ലെങ്കിൽ, സാധാരണ കാരറ്റും ബീറ്റ്റൂട്ടും ഉപയോഗിക്കാം.