തടി കുറയ്ക്കാനായി നിങ്ങൾ ചോളം കഴിക്കാറുണ്ടോ? ഇതറിഞ്ഞിരിക്കാം
Mail This Article
ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലാണ് ചോളം ആദ്യമായി കൃഷി ചെയ്ത് തുടങ്ങിയത്. തദ്ദേശീയരായ അമേരിക്കക്കാർ ഈ വിള വളർത്തുകയും വിളവെടുക്കുകയും ചെയ്തു. ഇന്ന്, ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ചോളം കൃഷി ചെയ്യുന്നു. കേരളത്തിലും വളരെ ഇത് സുലഭമായി കിട്ടുന്നുണ്ട്.
ഉയർന്ന അളവില്‍ കാർബോഹൈഡ്രേറ്റുകളും നാരുകളും വിറ്റാമിനുകളും മഗ്നീഷ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, മാഗനീസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ ചോളത്തില്‍ പ്രോട്ടീനും കൊഴുപ്പും താരതമ്യേന കുറവാണ്. കൂടാതെ, ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകളും സസ്യ സംയുക്തങ്ങളുമെല്ലാം ചോളത്തില്‍ ധാരാളമുണ്ട്.
കണ്ണിനെ കാക്കും
തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും (എഎംഡി) തടയാൻ കഴിയുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ രണ്ടു കരോട്ടിനോയിഡുകൾ ഇതിലുണ്ട്. ഇവ കഴിക്കുന്നത് എഎംഡി ഉണ്ടാകാനുള്ള സാധ്യത 43% കുറയ്ക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടാതെ, ഇവ ഇൻഫ്ലമേഷനുള്ള സാധ്യത കുറയ്ക്കുകയും അൽസ്ഹൈമേഴ്സ് പോലുള്ള രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യും.
പ്രമേഹരോഗികള്‍ കരുതണം
സ്റ്റാർച്ചിനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്നത് സാവധാനത്തിലാക്കുക വഴി ചോളത്തിലടങ്ങിയ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. എന്നാല്‍ ചോളത്തില്‍ അന്നജം കൂടുതലായതിനാൽ, അമിതമായി കഴിക്കുമ്പോള്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. അതുപോലെ, അമിതമായി കഴിക്കുമ്പോൾ ഇത് ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. പ്രമേഹമുള്ളവരും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുമായ ആളുകള്‍ ചോളത്തിന്‍റെ ഉപഭോഗം പരിമിതപ്പെടുത്തണം.
ചോരയുണ്ടാകാന്‍ ചോളം
ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചോളം കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ, വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിളര്‍ച്ച തടയാനും സഹായിക്കും.
ചോളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമത്തിലെ കൊളാജന്‍റെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കും. അതിനാല്‍, ഇവ മനോഹരമായ ചര്‍മ്മത്തിനും സഹായിക്കുന്നു.
ചോളം നിസാരക്കാരനല്ല! ഒരു അടിപൊളി സാലഡ് ഉണ്ടാക്കാം
എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് സ്വീറ്റ് കോൺ. ചോളത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കുടലിന്റെ ആരോഗ്യത്തെ വളരെയധികം പ്രോത്സാഹിപ്പിക്കും. ചോളം നിസ്സാരക്കാരനല്ല ഗുണങ്ങൾ പലതുമുണ്ട്. ഇന്ന് വ്യത്യസ്തമായ ഒരു റെസിപ്പി നോക്കാം.
ചേരുവകൾ
കുക്കുമ്പർ– ഒന്ന്
സവാള –ഒന്ന്
തക്കാളി –ഒന്ന്
ചോളം– ഒന്ന്
പച്ചമുളക് –രണ്ടെണ്ണം
ഉപ്പ് –പാകത്തിന്
കുരുമുളക് പൊടി –കാൽ ടീസ്പൂൺ
ജീരക പൊടി –കാൽ ടീസ്പൂൺ
ലെമൺ –ഒന്ന്
മല്ലിയില –കുറച്ച്
തയാറാക്കേണ്ട വിധം
കോൺ ഒന്ന് തിളപ്പിച്ച വെള്ളത്തിൽ ഒന്ന് വേവിക്കുക.സവാള, കുക്കു ബർ , തക്കാളി, പച്ചമുളക്, എല്ലാം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. വേവിച്ച ചോളവും പച്ചക്കറിയും ചേർത്ത് കുറച്ചു ഉപ്പ് കുരുമുളകുപൊടി ജീരകപ്പൊടി ചേർത്ത് മിക്സാക്കുക. അതിലേക്ക് ഒരു ലെമൺ പിഴിഞ്ഞു ചേർക്കുക. മല്ലിയിലയും ചേർക്കാം. നല്ലൊരു സ്വീറ്റ് കോൺ ചാട്ട് റെഡിയായി. നമ്മുടെ ഭക്ഷണത്തിൽ സാലഡ് , ചാട്ട് വളരെയധികം ഉൾപ്പെടുത്താൻ ശ്രമിക്കാം.