മാസം 8 കിലോ ഭാരം കുറയുമോ? ഓട്സ് ഇങ്ങനെയും കഴിക്കാം
Mail This Article
തടി കുറയ്ക്കാന്‍ ഓട്സ് കഴിക്കുന്നത് പലരുടെയും ശീലമാണ്. സ്മൂത്തിയായും ദോശയായും പുട്ടായും ഓവര്‍നൈറ്റ് ഓട്സ് ആയുമെല്ലാം പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്താറുണ്ട്. പുളിച്ച ഓട്സ് ഇങ്ങനെ കഴിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ പുതിയ സോഷ്യൽ മീഡിയ ഡയറ്റ് ട്രെൻഡ്, 'ഓട്‌സെംപിക്' എന്നാണ് അറിയപ്പെടുന്നത്. ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരവധി ആളുകള്‍ അവകാശപ്പെടുന്നു.
തയാറാക്കുന്നത് ഇങ്ങനെ
ഓട്‌സെംപിക്കിൻ്റെ പേരില്‍ നിന്നാണ് ഓട്‌സെംപിക് വന്നത്. ഒരു പിടി പ്ലെയിൻ റോൾഡ് ഓട്‌സ് നാരങ്ങാനീരും വെള്ളവും ചേർത്ത് ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ചെടുക്കുന്നു. ഇത് എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും കഴിക്കുന്നത് പ്രതിമാസം 8-10 കിലോഗ്രാം വരെ കുറയ്ക്കാൻ വരെ സഹായിക്കുമെന്ന്, ഈ രീതി പിന്തുടരുന്ന ആളുകള്‍ പറയുന്നു.
വളരെ ബുദ്ധിമുട്ടാണ് ഇത് കഴിക്കാന്‍ എന്ന് ഒട്ടേറെപ്പേര്‍ പറയുന്നു. എന്നാല്‍ അല്‍പ്പദിവസങ്ങള്‍ കഴിച്ചതിനു ശേഷം, ഇതിന്‍റെ രുചിയുമായി പരിചയത്തിലായിക്കഴിഞ്ഞാല്‍ പിന്നെ കഴിക്കാന്‍ അത്ര പ്രശ്നമില്ല.
ഓട്‌സിൽ ലയിക്കുന്ന നാരുകൾ കൂടുതലാണ്, ഇത് കൂടുതൽ നേരം വിശപ്പില്ലാതെ തുടരാൻ സഹായിക്കുന്നു, അതുവഴി ദിവസം മുഴുവൻ ലഘുഭക്ഷണത്തിനുള്ള ആഗ്രഹം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുന്നു, മാത്രമല്ല ഇത് ശരീരഭാരം കുറയ്ക്കുന്ന നിരവധി മരുന്നുകളുടെ പ്രവർത്തനത്തെ അനുകരിക്കുകയും ചെയ്യുന്നു.
ഓട്‌സിൽ അടങ്ങിയിരിക്കുന്ന ഒരു തരം ഫൈബർ (ബീറ്റാ-ഗ്ലൂക്കൻ) ഓസെമ്പിക്കിൻ്റെ അതേ ബയോകെമിക്കൽ സവിശേഷതകളോട് കൂടിയതാണെന്ന് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി.
എന്നാൽ പുളിച്ച ഓട്സ് മാത്രം കഴിക്കുന്നത് ഗുരുതരമായ പോഷകാഹാരക്കുറവിന് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വിവിധ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ അടങ്ങിയ സമീകൃതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ലയിക്കുന്ന നാരുകളാൽ സമ്പുഷ്ടമായ ഓട്സ് കഴിക്കുന്നത് നല്ലതാണെങ്കിലും ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് മറ്റ് ആൻ്റിഓക്‌സിഡൻ്റുകളുടെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടങ്ങൾ ആവശ്യമാണ്. ദിവസവും വളരെ കുറച്ച് കാലറി മാത്രം കഴിക്കുന്നതും ആരോഗ്യകരമല്ല.
പ്രഭാത ഭക്ഷണത്തിന് ഓട്സ് രുചി ഈ രീതിയിൽ തയാറാക്കി നോക്കൂ
ചേരുവകൾ
ഓട്സ് -1 കപ്പ്
ഉള്ളി - 1 ചെറിയ കഷ്ണം
തക്കാളി - 1 ചെറിയ കഷ്ണം
മിക്സഡ് ഹെർബ്സ് - 1 നുള്ള്
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
മാഗി മസാല - 1 പാക്കറ്റ്
ഇഞ്ചി - 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് - 2 എണ്ണം
മല്ലിയില
എണ്ണ - 1 ടീസ്പൂൺ
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മിക്സഡ് ഹെർബ്സ് ഇടുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്തു ചെറുതായിട്ട് വഴറ്റുക. അതിലേക്കു തക്കാളി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റി മാഗി മസാല ചേർത്ത് ഇളക്കുക. ഇതിലേക്ക് ഓട്സ് ചേർത്ത് ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക. അതിലേക്കു 2 കപ്പിന് അടുത്ത് വെള്ളം ചേർത്തു മീഡിയം തീയിൽ വേവിക്കുക. വെള്ളം വറ്റി വന്നാൽ അതിലേക്കു മല്ലിയില അരിഞ്ഞത് ചേർത്തിളക്കി തീ അണയ്ക്കുക.