രുചിവൈവിധ്യങ്ങളുമായി കൊച്ചി മാരിയറ്റിൽ ഫുഡ് ഫെസ്റ്റിവൽ
Mail This Article
പുതുവർഷത്തെ വരവേല്‍ക്കാനായി എല്ലാവരും ഒരുങ്ങി കഴിഞ്ഞു. സുഹൃത്തുക്കൾ ഒത്തൊരുമിച്ചോ കുടുംബമായോ ആഘോഷിക്കാനുള്ള മികച്ച അവസരമാണ് കൊച്ചി മാരിയറ്റിൽ തുടങ്ങിയിരിക്കുന്നത്. ഗ്രാൻഡ് 10 - ഫ്ലേവർ ഫെസ്റ്റ് 360യാണ് ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി മാരിയറ്റ് ഹോട്ടൽ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ക്രിസ്മസും പുതുവർഷവും രുചിലഹരിയിൽ ആസ്വദിക്കുകയാണ്. ലോകമെമ്പാടുമുള്ള ഏറ്റവുമധികം പ്രിയപ്പെട്ട വിഭവങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഡൈനിങ് അനുഭവമാണ് ഈ മാസം 21 മുതൽ കൊച്ചി മാരിയറ്റിൽ ഒരുക്കിയിരിക്കുന്നത്. ഡിസംബർ 30 വരെയുണ്ട്. പ്രശസ്ത എക്‌സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു ആതിഥേയത്വം വഹിക്കുന്ന 10 ദിവസത്തെ പാചക യാത്രയാണ് ദി ഗ്രാൻഡ് 10 - ഫ്ലേവർ ഫെസ്റ്റ് 360". ഇതിനോടകം നിരവധിപേരാണ് ഈ മികച്ച ഭക്ഷണവൈവിധ്യം ആസ്വദിക്കാനായി എത്തിയത്. വൈകിട്ട് 7:00 മണി മുതൽ 11:00 വരെയാണ് പ്രവേശനം.
ഡിസംബർ 21 മുതൽ ഓരോ വൈകുന്നേരവും കർണാടക, ഇറ്റാലിയൻ, പഞ്ചാബി, മെക്‌സിക്കൻ, ഹൈദരാബാദി, തായ്, തമിഴ്‌നാട്, ഗോവൻ തുടങ്ങിയ പ്രത്യേക ഭക്ഷണവിഭവങ്ങൾ തനതായ തീമിലാണ് സജ്ജമാക്കിയത്. തത്സമയ സംഗീതം, ഉത്സവ ആഘോഷങ്ങൾ എന്നിവയ്‌ക്കൊപ്പം അവിസ്മരണീയമായ ഓർമകൾ സൃഷ്‌ടിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന അൺലിമിറ്റഡ് മോക്ക്‌ടെയിലുകൾ ഉൾപ്പെടെ പ്രത്യേക ക്രിസ്‌മസ് ഈവ് ഡിന്നറും ക്രിസ്‌മസ് ഡിന്നറും ഉണ്ടായിരുന്നു.
കർണാടകയിലെ നീർദോശയും കോഴിക്കോരയും മുതൽ ഇറ്റലിയിലെ ട്രഫിൾ റിസോട്ടോ, തായ്‌ലൻഡിലെ പാഡ് ക്രാ പാവോ, പാഡ് തായ് എന്നിങ്ങനെ ഓരോ പാചകരീതിയും ഭക്ഷണത്തിലൂടെ ആധികാരികമായ രുചികളും സാംസ്‌കാരിക വിശേഷങ്ങളും അറിയാം.
അതിഥികൾക്ക് ഇൻ്ററാക്ടീവ് ലൈവ് പാചക പ്രദർശനങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള അതുല്യമായ അവസരവും ഉണ്ട്.