ഇറച്ചി ഇങ്ങനെയാണോ നിങ്ങൾ ഫ്രിജിൽ വയ്ക്കുന്നത്? എങ്കിൽ സൂക്ഷിച്ചോളൂ
Mail This Article
പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ കേടു കൂടാതെ സൂക്ഷിക്കാൻ ഫ്രിജിനോളം വലിയൊരു ഉപകാരി വേറെയില്ല. എന്നാൽ, ഇത്തരത്തിൽ വേണ്ടതും വേണ്ടാത്തതുമായ എല്ലാ ഭക്ഷണസാധനങ്ങളും ഫ്രിജിലേക്ക് വയ്ക്കുന്നവരാണെങ്കിൽ ഒന്ന് കരുതിയിരിക്കുക. പല തരത്തിലുള്ള അസുഖങ്ങൾക്കും അത് കാരണമാകും. അതുകൊണ്ടു തന്നെ ഫ്രിജ് ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. അതുപോലെ ഇറച്ചി, മീൻ പോലുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മാംസവും മത്സ്യവും ഫ്രിജിൽ സൂക്ഷിക്കുമ്പോൾ
പാകം ചെയ്യാത്ത മാംസവും മത്സ്യവും ഫ്രിജിനുള്ളിൽ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കുമ്പോൾ എപ്പോഴും ഫ്രീസറിൽ തന്നെ വയ്ക്കുക. ചിക്കൻ, പോർക്ക്, ഇളം മാംസം എന്ന് തുടങ്ങിയ ഗ്രൌണ്ട് മീറ്റുകൾ രണ്ടു ദിവസത്തിൽ കൂടുതൽ ഫ്രിജിൽ സൂക്ഷിക്കരുത്. എന്നാൽ, ഫ്രീസറിൽ നാലുമാസം വരെ കേടു കൂടാതെ സൂക്ഷിക്കാം. റെഡ് മീറ്റ് ഫ്രിജിൽ അഞ്ചു ദിവസം വരെയും നാലുമുതൽ പന്ത്രണ്ടു മാസം വരെ ഫ്രീസറിലും കേടു കൂടാതെ സൂക്ഷിക്കാം.
ഫ്രിജിൽ കാലങ്ങളോളം സൂക്ഷിക്കുന്ന ഇറച്ചി ഉപയോഗിക്കുന്നവരിൽ മൂത്രനാളിയിലെ അണുബാധയ്ക്ക് സാധ്യതയുണ്ട്. കേടായ മാംസത്തിൽ നിന്ന് ഉടലെടുക്കുന്ന ഇ - കോളി ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമാകുന്നത്. ഇത്തരം കേടായ ഇറച്ചി കഴിക്കുന്നതു മൂലം അമേരിക്കയിൽ ഓരോ വർഷവും അഞ്ച് ലക്ഷം പേർക്കെങ്കിലും മൂത്രാശയത്തിൽ അണുബാധയുണ്ടാകുന്നുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.
മറ്റ് സാധനങ്ങൾ ഫ്രിജിൽ വയ്ക്കുമ്പോൾ
ഒരിക്കലും ചൂടുള്ള ഭക്ഷണസാധനങ്ങൾ നേരിട്ട് ഫ്രിജിൽ വയ്ക്കരുത്. സാധനങ്ങൾ അടുക്കി വയ്ക്കുമ്പോൾ ആവശ്യത്തിന് വിടവ് നൽകണം. എങ്കിൽ മാത്രമേ ശീതീകരണം ശരിയായ രീതിയിൽ നടക്കുകയുള്ളൂ. പച്ചക്കറികളും പഴങ്ങളും ട്രേയിൽ അടച്ചുവെക്കാം. പാകം ചെയ്ത ഭക്ഷണങ്ങളും പാത്രങ്ങളിൽ അടച്ചു വെക്കണം.
പാൽ, ജൂസ്, അല്ലെങ്കിൽ എന്തെങ്കിലും പാനീയങ്ങളുണ്ടെങ്കിൽ കുപ്പികളിൽ അടച്ചു വയ്ക്കുക. ഭക്ഷണ സാധനങ്ങൾ, പ്രത്യേകിച്ച് പാകം ചെയ്തവ ഒരിക്കലും തുറന്നു വെയ്ക്കരുത്. എപ്പോഴും അവ അടച്ചു വെയ്ക്കാൻ ശ്രദ്ധിക്കണം. വൈദ്യതി മുടക്കം ഉണ്ടായാൽ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള വസ്തുക്കൾ ഫ്രിജിന്റെ ഏറ്റവും തണുത്ത ഭാഗത്തേക്ക് മാറ്റിവയ്ക്കാൻ ശ്രദ്ധിക്കണം.
ഫ്രിജ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കാം
ഫ്രിജ് വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് ഏറ്റവും ആദ്യം വൈദ്യുതിബന്ധം വിച്ഛേദിക്കുക. അതിനു ശേഷം ഫ്രിഡ്ജിനുള്ളിലെ എല്ലാ ഭക്ഷണസാധനങ്ങളും പുറത്ത് എടുത്തു വെയ്ക്കുക. പെട്ടെന്ന് കേടായിപ്പോകുന്ന വസ്തുക്കൾ ഉണ്ടെങ്കിൽ ഐസ് - പാക്കുകളുള്ള ഒരു തണുത്ത പാത്രത്തിൽ വെയ്ക്കുക. തുടർന്ന് ഫ്രിഡ്ജ് ചെറിയ ചൂടുവെള്ളം കൊണ്ട് നന്നായി വൃത്തിയാക്കുക.
ചെറിയ ചൂടുവെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞൊഴിച്ച് അത് ഉപയോഗിച്ച് ഫ്രിജ് തുടച്ച് വൃത്തിയാക്കാം. ഫ്രിഡ്ജ് വൃത്തിയാക്കാൻ എപ്പോഴും അഴുക്കില്ലാത്ത നല്ലൊരു തുണി ഉപയോഗിക്കാം. ഫ്രിജ് വൃത്തിയാക്കി നന്നായി ഉണങ്ങിയതിനു ശേഷം മാത്രം വീണ്ടും ഫ്രിജ് പ്രവർത്തിപ്പിക്കുക. ഷെൽഫുകൾ പതിവായി തുടച്ചു വൃത്തിയാക്കുക.