നിങ്ങൾ അടുക്കള വൃത്തിയാക്കാൻ തുണിക്കഷണമാണോ ഉപയോഗിക്കുന്നത്? ഇവ നിസ്സാരമായി കാണരുത്
Mail This Article
അടുക്കളയിലെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നാണ് ദുര്‍ഗന്ധം പരത്തുന്ന കിച്ചന്‍ ടവ്വലുകള്‍. അടുക്കളയുടെയും ഉപകരണങ്ങളുടെയും ഭാഗങ്ങള്‍ തുടയ്ക്കാനും മറ്റും ഉപയോഗിക്കുന്ന ഈ തുണിക്കഷ്ണങ്ങള്‍ ബാക്ടീരിയയുടെ ഉറവിടങ്ങളാണ്. ഇവ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ രോഗം പിടിക്കാന്‍ വേറെവിടെയും പോകേണ്ട. കൗണ്ടർടോപ്പുകൾ, സിങ്കുകൾ അല്ലെങ്കിൽ പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ടവലുകൾ അണുവിമുക്തമാക്കണം.
ഇത്തരം തുണികള്‍ സാധാരണ വാഷിങ് മെഷീനില്‍ ഇട്ടു വൃത്തിയാക്കി എടുക്കാം. എന്നാല്‍, ഒരു മാസം കൂടുമ്പോള്‍ ഇവ ആഴത്തില്‍ വൃത്തിയാക്കേണ്ടതുണ്ട്. അഞ്ചോ ആറോ മാസം കഴിയുമ്പോള്‍ ഈ തുണികള്‍ മാറ്റി സ്ഥാപിക്കുകയും വേണം.
പുതുതായി വാങ്ങുന്ന കിച്ചൻ ടൗവലുകൾ നന്നായി കഴുകിയതിനു ശേഷമേ ഉപയോഗിക്കാവൂ. നിര്‍മ്മാണഘട്ടത്തിൽ അവയില്‍ പറ്റിപിടിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആണിത്. കഴുകിയുണക്കിയ ശേഷം മൈക്രോവേവ് അവ്നിൽ 30 സെക്കന്‍ഡ് വച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനാവും. അല്ലെങ്കിൽ വെയിലത്തു വച്ച് നല്ലതുപോലെ ഉണക്കണം. കൂടാതെ നല്ല കോട്ടൺ തുണി തന്നെ തിരഞ്ഞെടുക്കണം. ചൂടുള്ള പാത്രങ്ങളും മറ്റും പിടിക്കാനും കോട്ടൺ തുണിത്തരം തന്നെയാണ് നല്ലത്.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഒരു മാസം കഴിഞ്ഞ കിച്ചന്‍ ടവ്വലുകള്‍ തിളച്ച വെള്ളത്തില്‍ പുഴുങ്ങിയെടുത്ത് വൃത്തിയാക്കാം. ഇതിനായി, ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കാത്ത പഴയ പാത്രത്തില്‍ വെള്ളം നിറച്ച് അടുപ്പത്ത് വയ്ക്കുക. ശേഷം, അല്‍പ്പം സോപ്പുപൊടി ഇടുക. തുടര്‍ന്ന് തുണികള്‍ ഓരോന്നായി ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പ്പം ഡെറ്റോള്‍ ചേര്‍ക്കാം.വെള്ളം നന്നായി തിളച്ച ശേഷം ഇത് അടുപ്പത്ത് നിന്നെടുത്ത് പുറത്തു വയ്ക്കാം. അര മണിക്കൂര്‍ ഇങ്ങനെ ഇരിക്കട്ടെ. അതിനു ശേഷം നന്നായി ഉരച്ചു കഴുകി കളഞ്ഞാല്‍ അഴുക്കും മെഴുക്കും ബാക്ടീരിയയുമെല്ലാം കളയാം.
വിനാഗിരിയും ബേക്കിങ് സോഡയും ഡിറ്റര്‍ജന്റുമുപയോഗിച്ചാണ് അടുത്ത വഴി. 1 കപ്പ് വിനാഗിരി, ½ കപ്പ് ബേക്കിങ് സോഡ, അൽപ്പം
ഡിറ്റർജൻ്റ് എന്നിവ വെള്ളത്തിൽ ചേര്‍ക്കുക. ഇതില്‍ തുണികള്‍ രാത്രി മുഴുവന്‍ മുക്കിവയ്ക്കുക. പിറ്റേന്ന് വാഷിംഗ് മെഷീനിൽ ഇട്ടു അലക്കി എടുക്കാം. ഇത് ദുർഗന്ധത്തെ നിർവീര്യമാക്കും.
ഒരു പാത്രത്തില്‍ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ക്ലീനിംഗ് സൊല്യൂഷന്‍ ഒഴിക്കുക, ഡിഷ് വാഷ് ലിക്വിഡ് ആയാലും മതി. ശേഷം ഇത് അടുപ്പത്ത് വച്ച് പതിനഞ്ചു മിനിറ്റ് തിളപ്പിക്കുക. എന്നിട്ട് പുറത്തെടുത്ത് സാധാരണ സോപ്പ് ഉപയോഗിച്ച് ഉരച്ചു കഴുകാം.
ടവലുകൾ കൂടുതൽ അണുവിമുക്തമാക്കണമെങ്കിൽ, ഇടയ്ക്കിടെ വീര്യം കുറഞ്ഞ ബ്ലീച്ച് ലായനി ഉപയോഗിക്കാം. ഇത് ചെയ്യുന്നതിന് മുമ്പ് തൂവാലകളിലെ ഫാബ്രിക് കെയർ നിർദ്ദേശങ്ങൾ പരിശോധിക്കണം.