ബീഫ് എന്ന പേരിൽ നിങ്ങൾ വാങ്ങുന്നത് എന്തിന്റെ ഇറച്ചി? തിരിച്ചറിയാം ഇങ്ങനെ, പറ്റിക്കപ്പെടരുത്!
Mail This Article
പൊറോട്ടയ്ക്കൊപ്പം കുറച്ച് ബീഫ് റോസ്റ്റ് കൂടിയുണ്ടെങ്കിൽ അടിപൊളിയാകുന്നവരാണ് മിക്ക മലയാളികളും. കപ്പയും ബീഫ് കറിയുമാണ് മലയാളിക്ക് ഇഷ്ടമുള്ള മറ്റൊരു കോമ്പിനേഷൻ. അവധിദിവസം ഒന്ന് ആഘോഷമാക്കാൻ വീട്ടിൽ ബീഫ് വാങ്ങുന്നവരാണ് മിക്കവരും. എന്നാൽ, ബീഫ് വാങ്ങുമ്പോൾ അത് നല്ല ബീഫാണോ അതോ മോശം ബീഫ് ആണോ എന്ന് എങ്ങനെ മനസ്സിലാക്കാം. അതിന് കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അതിൽ നമ്മൾ വാങ്ങുന്ന ബീഫിന്റെ നിറം മുതൽ മണവും ഗുണവും അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം.
നല്ല ബീഫ് ആണോ? നിറം നോക്കി മനസ്സിലാക്കാം
നമ്മൾ വാങ്ങാൻ പോകുന്ന ബീഫ് നല്ലതാണോ, ഫ്രഷ് ആണോ എന്നൊക്കെ അതിന്റെ നിറം നോക്കി മനസ്സിലാക്കാവുന്നതാണ്. ഫ്രഷ് ബീഫിന് എപ്പോഴും നല്ല ചുവപ്പ് നിറം ഉണ്ടായിരിക്കും. ഇറച്ചി പുതിയതാണെന്നതിന്റെറെ ഏറ്റവും പ്രധാനപ്പെട്ട സൂചനയാണ് ഇത്. അതേസമയം, ഗ്രൗണ്ട് ബീഫ് ആണെങ്കിൽ പുറത്ത് നല്ല ബ്രൈറ്റ് റെഡും അകത്ത് ചെറിയ ബ്രൗണിഷ് കളറും ആയിരിക്കും.
ഓക്സിഡേഷൻ മൂലം ഇത്തരത്തിൽ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതേസമയം, ഇറച്ചിക്ക് പഴക്കം ഉണ്ടെങ്കിൽ ഇരുണ്ട നിറമായിരിക്കും. പേശി നാരുകൾ ദുർബലമാകുന്നത് കൊണ്ടാണ് ഇത്തരത്തിൽ നിറം മാറുന്നത്.
മാർബ്ലിങ് നോക്കി മനസ്സിലാക്കാം
മാംസത്തിനുള്ളിലെ കൊഴുപ്പിന്റെ ചെറിയ അടയാളങ്ങളെയാണ് മാർബ്ലിങ് എന്ന് പറയുന്നത്. ബീഫിന്റെ ഗുണനിലവാരം അളക്കുന്നതിലെ ഒരു പ്രധാന ഘടകമാണ് ഇത്. നല്ല മാർബ്ലിങ് ആണെങ്കിൽ ഇറച്ചി നല്ലതാണെന്നാണ് അതിന്റെ അർത്ഥം. കാരണം, ബീഫിന്റെറെ സ്വാദും ആർദ്രതയും വർദ്ധിപ്പിക്കുന്നത് ഈ മാർബ്ലിങ് ആണ്.
മാർബ്ലിങ് കുറഞ്ഞ ബീഫ് ആണെങ്കിൽ അതിന് നല്ല ബീഫിനേക്കാൾ രുചി കുറവായിരിക്കും. ബീഫിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള ഒരു പ്രധാനഘടകമാണ് മാർബ്ലിങ് എന്നു പറയുന്നത്.
മണം നോക്കാം
ഫ്രഷ് ബീഫിന് എപ്പോഴും വൃത്തിയുള്ള ഒരു മണം ഉണ്ടായിരിക്കും. പക്ഷേ, അതിന് പുളിച്ചതോ രൂക്ഷമോ ആയ ഗന്ധം ഉണ്ടാകാൻ പാടുള്ളതല്ല. ഇത്തരത്തിലുള്ള ഗന്ധം ഉണ്ടെങ്കിൽ മാംസം കേടായതാണെന്ന് ഉറപ്പു വരുത്താം.
ചിലപ്പോൾ ബീഫ് ഒറ്റ നോട്ടത്തിൽ കണ്ടാൽ മോശമായതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. ആ സമയത്ത് വേവിക്കുമ്പോൾ രൂക്ഷഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ട്. അത്തരത്തിൽ മണം ഉണ്ടായാൽ ഇത് മോശമായ ബീഫ് ആണെന്ന് ഉറപ്പിക്കാം. അത്തരത്തിലുള്ള ബീഫ് കഴിക്കാതിരിക്കുന്നതാണ് നല്ലത്.
കൊഴുപ്പിന്റെ നിറം
ബീഫ് മികച്ചതാണോ അല്ലയോ എന്ന് അറിയാനുള്ള മറ്റൊരു വഴി അതിന്റെ കൊഴുപ്പിന്റെ ഭാഗത്തെ നിറം നോക്കുകയെന്നാണ്. വെള്ള നിറത്തിലോ അല്ലെങ്കിൽ ചെറിയ മഞ്ഞ കലർന്ന നിറത്തിലോ ആയിരിക്കും പൊതുവെ ഈ കൊഴുപ്പിന്റെ ഭാഗം. മൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് കൊഴുപ്പിന്റെ നിറത്തിൽ വ്യത്യാസം വരുന്നത്.
പുല്ല് കഴിച്ച മൃഗമാണെങ്കിൽ അതിന്റെ കൊഴുപ്പിന് മഞ്ഞ കലർന്ന നിറമായിരിക്കും. ബീഫ് ഉയർന്ന ഗുണനിലവാരം ഉള്ളതാണെന്നതിന്റെ അടയാളമാണ് ഇത്. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു. ധാന്യങ്ങൾ കഴിക്കുന്ന പോത്ത് ആണെങ്കിൽ ഈ ഇറച്ചിയിൽ കൊഴുപ്പിന്റെ നിറം വെള്ള ആയിരിക്കും. ഇതിൽ ബീഫിന്റെ ചുവന്ന ഭാഗം നല്ലതാണെങ്കിൽ കൊഴുപ്പും നല്ലത് ആയിരിക്കും.
ബീഫ് പ്രേമികളെ ഇനി ഇറച്ചി ഇങ്ങനെ വയ്ക്കണം
ബീഫിന്റെ പല വെറൈറ്റി വിഭവങ്ങൾ ഉണ്ടെങ്കിലും ചുവന്ന മുളകും ചെറിയുള്ളിയും ചതച്ചുചേർത്ത ഒരു അടിപൊളി വിഭവത്തിന്റെ റെസിപ്പിയാണ് ഷെഫ് അരുണ്‍ വിജയൻ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പം വീട്ടിലുണ്ടാക്കാവുന്നതുമാണ്. ഇറച്ചി ഉണക്കമുളക് ചതച്ചതാണ് ഐറ്റം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്: 500 ഗ്രാം
ചെറിയ ഉള്ളി: 20 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 ഗ്രാം
മുളകുപൊടി: 5 ഗ്രാം
മഞ്ഞൾപ്പൊടി: 3 ഗ്രാം
ഉപ്പ് പാകത്തിന്
ഗരം മസാല: 10 ഗ്രാം
വെളിച്ചെണ്ണ: 100 മില്ലി
വെളുത്തുള്ളി ചതച്ചത്: 20 ഗ്രാം
മുഴുവനായും ചതച്ചത്: 20 ഗ്രാം
മുഴുവൻ ചുവന്ന മുളക് ചതച്ചത്: 20 ഗ്രാം
കറിവേപ്പില: 2 ഗ്രാം
പച്ചമുളക്: 5 എണ്ണം
കുരുമുളക് പൊടി: 5 ഗ്രാം
കടുക്: 2 ഗ്രാം
പെരുംജീരകം പൊടി: 6 ഗ്രാം
തയാറാക്കുന്ന വിധം
ബീഫ് കഷ്ണങ്ങൾ ഉപ്പ്, ചെറിയ ഉള്ളി, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ആവശ്യത്തിനുള്ള വെള്ളവും ഒഴിച്ച് വേവിക്കാം. കുക്കറിൽ വയ്ക്കുന്നതിനെക്കാൾ നല്ലത് ഉരുളിയിൽ പാകം ചെയ്യുന്നതാണ്. നന്നായി വെന്തു കഴിയുമ്പോൾ വെള്ളം വറ്റി മസാലയുമായി ഒരുമിച്ച് ബീഫ് ഡ്രൈയാകും.
മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് അതിലേക്ക് ചതച്ച ഉള്ളി, വെളുത്തുള്ളി, ചുവന്ന മുളക് എന്നിവ ചേർക്കുക. ഇത് നന്നായി വഴറ്റണം. ഇളം തവിട്ട് നിറമാകുമ്പോൾ വേവിച്ച ബീഫും പെരുംജീരകപ്പൊടി, കുരുമുളകു പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വീണ്ടും വഴറ്റണം. നല്ല കറുത്ത നിറം ആകുന്നതു വരെ 20 മിനിറ്റ് നേരം ബീഫ് വരട്ടിയെടുക്കണം. കറിവേപ്പിലയും പച്ചമുളകും ചേർത്ത് ഉണക്കമുളക് ചതച്ചുചേർത്ത ബീഫ് വിളമ്പാം.