ചോറ് ഫ്രിജിൽ വയ്ക്കാറുണ്ടോ? എങ്കിലിത് അറിയാതെ പോകരുത്!
Mail This Article
കറിയും ചോറുമൊക്കെ ബാക്കി വന്നാൽ കേടാകാതിരിക്കുവാന്‍ ഫ്രിജിൽ വയ്ക്കാറാണ് പതിവ്. ഫ്രിജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്. പാകം ചെയ്ത ചോറ് നന്നായി തണുത്തതിനു ശേഷം ഫ്രിജിൽ വയ്ക്കാവൂ.
വേവിച്ച അരി, അഥവാ ചോറ് ശ്രദ്ധാപൂർവം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് ഒഴിവാക്കാൻ ചോറ് എപ്പോഴും ഫ്രിജില്‍ വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. ശരിയായ ഊഷ്മാവിൽ സൂക്ഷിച്ചാൽ വേവിച്ച അരി മൂന്ന് നാല് ദിവസം വരെ ഫ്രഷ് ആയി സൂക്ഷിക്കാം. പാകം ചെയ്ത അരി അഞ്ച് ഡിഗ്രി സെൽഷ്യസിലോ അതിൽ കുറവോ താപനിലയില്‍ സൂക്ഷിക്കണം. കൂടാതെ, കഴിക്കും മുമ്പ് ശരിയായി ചൂടാക്കാനും ഓർക്കണം.
തലേന്നത്തെ ചോറ് ബാക്കിയുണ്ടോ? കളയേണ്ട; അടിപൊളി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം
തലേന്നത്തെ ചോറ് ബാക്കി വന്നാല്‍ കളയുകയല്ലാതെ മറ്റു മാർഗമില്ലെന്നു കരുതേണ്ട. പ്രാതലിനു ചോറും മുട്ടയും ചേർന്നൊരു വിഭവം പരീക്ഷിച്ചാലോ?
ചേരുവകൾ
ചോറ് - 1 കപ്പ്
മുട്ട - 2
ഉപ്പ് - ആവശ്യത്തിന്
ചെറിയ ഉള്ളി - 4 എണ്ണം അരിഞ്ഞത്
തേങ്ങ ചിരവിയത് - 3 ടേബിള്‍സ്പൂണ്‍
ചെറിയ ജീരകം - അര ടീസ്പൂണ്‍
അരിപ്പൊടി - 1 ടേബിള്‍സ്പൂണ്‍
മൈദ - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
മിക്സിയിലേക്ക് ചോറ്, മുട്ട എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, ചെറിയ ഉള്ളി, തേങ്ങ, ജീരകം എന്നിവ ചേര്‍ത്ത് ഇളക്കുക. ശേഷം, അരിപ്പൊടി, മൈദ എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. ദോശയുടെ മാവിന്‍റെ സ്ഥിരത കിട്ടാന്‍ അല്‍പ്പാല്‍പ്പമായി വെള്ളം ചേര്‍ത്ത് നന്നായി വീണ്ടും ഇളക്കുക. ഒരുപാടു വെള്ളം ഒരുമിച്ച് ഒഴിക്കരുത്. ഇത് ഒരു ദോശക്കല്ലില്‍ ഒഴിച്ച് ദോശ പോലെ ചുട്ടെടുത്ത് ചട്ണി, ചമ്മന്തി എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്.