ADVERTISEMENT

തിരുവനന്തപുരം∙ ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേള കഴിഞ്ഞ് അനന്തപുരിയില്‍നിന്ന് പതിനയ്യായിരത്തോളം കുരുന്നുകളും അവര്‍ക്കൊപ്പമെത്തിയ മാതാപിതാക്കളും ബന്ധുക്കളും മനസു നിറഞ്ഞു മടങ്ങുമ്പോള്‍ അവര്‍ ഒരിക്കലും മറക്കില്ല, വിശന്നപ്പോള്‍ അന്നമൂട്ടിയ പുത്തരിക്കണ്ടം മൈതാനത്തെയും നെയ്യാർ എന്ന ഭക്ഷണപ്പുരയെയും. ബാക്കി 24 വേദികള്‍ക്കും മത്സരത്തിന്റെ മനസായിരുന്നപ്പോള്‍ പുത്തരിക്കണ്ടത്തിനു മാത്രം എന്നും ഉത്സവത്തിന്റെ മനസായിരുന്നു. 24 വേദികള്‍ക്കും വിശന്നപ്പോള്‍ അന്നമൂട്ടാന്‍ രാപ്പകല്‍ കണ്ണുചിമ്മാതെ, എംടിയുടെ ഭാഷ കടമെടുത്താല്‍ 'മഹാബലന്‍' ആയി കലയും രുചിയും പഴയിടവും സമന്വയിച്ച 'കലാഭിരുചിയിടം' ആയി പുത്തരിക്കണ്ടം മാറി.

kalolsavam1-Copy
തിരുവനന്തപുരത്തു നടന്ന സ്ഥാന സ്കൂൾ കലോത്സവത്തിനു പുത്തരിക്കണ്ടം മൈതാനത്തു തയാറാക്കിയ ഭക്ഷണശാല. ചിത്രം: ഹരിലാൽ/മനോരമ

രാജഭരണകാലത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവശ്യമായ നെല്ല് വിളയിച്ചിരുന്ന പുത്തരിക്കണ്ടം പതിനായിരങ്ങളെ അന്നമൂട്ടിയ ഭക്ഷണപ്പുര ആയി രൂപാന്തരപ്പെട്ടപ്പോള്‍ ആ നിയോഗത്തില്‍ ഭാഗമായത് കലോത്സവ ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുതല്‍ രുചിവിസ്മയം ഒരുക്കിയ പഴയിടം മോഹനനന്‍ നമ്പൂതിരിയും ചിരി മായാത്ത മുഖത്തോടെ ഭക്ഷണം വിളമ്പിയ അധ്യാപകരും അനധ്യാപകരും കുട്ടിവൊളന്റിയര്‍മാരും ശുചീകരണത്തൊഴിലാളികളും ഉള്‍പ്പെടെ ആയിരങ്ങള്‍. 

സ്‌പെഷല്‍ പായസത്തിന് സേലത്തുനിന്ന് ചക്കപ്പഴം

മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായ ഏറെ വൃത്തിയും വലിപ്പവുമുള്ള പാചകപ്പുര പുത്തരിക്കണ്ടത്ത് ലഭിച്ചത് ഏറെ സഹായകരമായെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. അപ്പോള്‍ തന്നെ പകുതി ആശ്വാസമായി. പിന്നെ മാലിന്യനീക്കവും മറ്റും വളരെ കൃത്യതയോടെയാണ് നഗരസഭ നിര്‍വഹിച്ചത്. ആവശ്യത്തിന് ശുദ്ധജലം അപ്പോള്‍ എത്തിച്ച് ജലഅതോറിറ്റിയും ഒപ്പംനിന്നു. തുടക്കത്തില്‍ പാല് കാച്ചല്‍ ദിവസം സ്‌പെഷല്‍ പായസം വേണമെന്നാണ് ഭക്ഷണകമ്മിറ്റി ചെയര്‍മാന്‍ ആവശ്യപ്പെട്ടത്. തലേന്ന് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരിയില്‍ ആയിരുന്നു.

പ്രത്യേകിച്ച് തയാറെടുപ്പിന് സമയം കിട്ടിയില്ല. ഒന്നാലോചിച്ച ശേഷം ചക്കപ്പായസം ഉണ്ടാക്കാമെന്നു തീരുമാനിച്ചു. അപ്പോള്‍തന്നെ സേലത്തുനിന്ന് പഴുത്ത ചക്ക വരുത്തി വരട്ടി വയ്ക്കാന്‍ നിര്‍ദേശം നല്‍കി. ഇല്ലത്ത് തിരിച്ചെത്തി ചക്കയും ഗോതമ്പും ശര്‍ക്കരയും ചേര്‍ത്ത് നൂറു ലിറ്റര്‍ പായസവും ഉണ്ടാക്കിയാണ് തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി ഉള്‍പ്പെടെ അന്ന് എത്തിയവര്‍ക്കെല്ലാം പായസം വലിയ ഇഷ്ടമായി. അതൊക്കെയാണ് വലിയ സന്തോഷം - പഴയിടം പറഞ്ഞു.

ഒരുനേരം 30,000 ഇഡ്ഡലി; 500 ലീറ്റര്‍ കറി

അഞ്ച് രാപ്പകലുകളിലായി കുറഞ്ഞത് രണ്ടുലക്ഷത്തോളം പേരെങ്കിലും പുത്തരിക്കണ്ടത്തെ ഭക്ഷണപ്പുരയില്‍നിന്നു വയറും മനസും നിറഞ്ഞു മടങ്ങിയിട്ടുണ്ട്. കലോത്സവത്തലേന്നു തീപകര്‍ന്നതു മുതല്‍ ഇന്നലെ ഉച്ചവരെ അടുപ്പുകളില്‍ തീയണഞ്ഞിരുന്നില്ല. കുറഞ്ഞത് 30,000 പേര്‍ക്കു വീതം ദിവസവും ഭക്ഷണമൊരുങ്ങി. വിവിധ സ്‌കൂളുകളില്‍ കലോത്സവ ഡ്യൂട്ടിയിലുള്ളവര്‍ക്കായി 3,500 ഭക്ഷണപ്പൊതികള്‍ വീതം കലവറയില്‍ നിന്നു പുറത്തേക്കെത്തി. രാത്രിയില്‍ പരമാവധി ഒരു മണിക്കൂര്‍ കലവറയ്ക്കുള്ളിലെ കസേരയിലിരുന്നു മയങ്ങാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ മുഴുവന്‍ സമയവും വിശ്രമമില്ലാതെ നയിച്ച പഴയിടം മോഹനന്‍ നമ്പൂതിരിയാണ് അസാധ്യദൗത്യം ഇത്തവണയും വിജയമാക്കിയത്.

kalolsavam-Copy
തിരുവനന്തപുരത്തു നടന്ന സ്ഥാന സ്കൂൾ കലോത്സവത്തിനു പുത്തരിക്കണ്ടം മൈതാനത്തു തയാറാക്കിയ ഭക്ഷണശാല. ചിത്രം: ഹരിലാൽ/മനോരമ

പ്രഭാതഭക്ഷണമാണു കലവറയിലെ ആദ്യദൗത്യം. പുട്ടും കടലയും, ഇഡ്ഡലിയും സാമ്പാറും, ദോശയും ചമ്മന്തിയും എന്നിങ്ങനെയായിരുന്നു വിഭവങ്ങള്‍. പുട്ട് ആയാലും ഇഡ്ഡലി ആയാലും ദോശയായാലും 30,000 എണ്ണം വീതം ദിവസവും തയാറാക്കി. 500 ലീറ്റര്‍ കറിയും. കുറഞ്ഞത് 5000 പേര്‍ വീതം പ്രഭാതഭക്ഷണം കഴിച്ചെന്നാണു കണക്ക്. ഭക്ഷണക്കമ്മിറ്റിയുടെ ചുമതല വഹിച്ച കെഎസ്ടിഎയുടെ നേതൃത്വത്തില്‍ 12 കൗണ്ടറുകള്‍ വീതമൊരുക്കിയാണു ഭക്ഷണം വിളമ്പുന്നത് ഏകോപിപ്പിച്ചത്. ഓരോ കൗണ്ടറിലും 30 പേര്‍ വിളമ്പി. രാവിലെ 7ന് ആരംഭിച്ച പ്രഭാതഭക്ഷണം 11.30 വരെ നീണ്ടു.

ഉച്ചയൂണിനു പല അടുപ്പുകളിലായി 1500 കിലോ അരിയാണ് ഒരേസമയം വെന്തു ചോറായത്. ദിവസവും മാറിമാറി സാമ്പാര്‍, പുളിശേരി, പരിപ്പ്, 'മീനില്ലാത്ത മീന്‍കറി', വിവിധ തരം തോരനുകള്‍, മെഴുക്കുപുരട്ടികള്‍, അച്ചാര്‍ തുടങ്ങിയവ ചോറിനു കൂട്ടായെത്തി. ഉച്ചയൂണിനു മാത്രം ശരാശരി 6000 ലീറ്റര്‍ കറികള്‍ വേണ്ടിവന്നു. ഉച്ചയൂണിനുണ്ടാക്കിയ കറികള്‍ ആ ഒരുനേരം മാത്രമേ ഉപയോഗിച്ചുള്ളൂ. വൈകിട്ട് 5.30വരെ ഉച്ചഭക്ഷണം വിളമ്പേണ്ടിവന്നു. പാലട, പയര്‍, അടപ്രഥമന്‍, കുമ്പളങ്ങ, കടല എന്നിങ്ങനെ പലതരം പായസങ്ങളും കൊടുത്തു. ഉച്ചയ്ക്കു വിളമ്പുന്ന വിഭവങ്ങളില്‍ പായസമൊഴികെയുള്ളവയായിരുന്നു അത്താഴത്തിന് ഒരുക്കിയിരുന്നത്. എന്നാല്‍ ഉച്ചയ്ക്കു വിളമ്പിയ കറിയോ ചോറോ ഇതിനായി ഉപയോഗിച്ചിരുന്നില്ല. 

'ശ്രദ്ധിച്ചത് വെയിലത്തു നിര്‍ത്താതെ വയറും മനസും നിറയ്ക്കാന്‍' 

മൂവായിരത്തോളം വൊളന്റിയര്‍മാര്‍ ഒരേ മനസോടെയും അച്ചടക്കത്തോടെയും എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി ചുമതല നിര്‍വഹിച്ചതുകൊണ്ടാണ് വിവാദരഹിതമായി ഭക്ഷണവിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന് കലോത്സവ ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാസ് ഉണ്ടോ എന്നു പോലും നോക്കാതെ ഭക്ഷണപ്പുരയില്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും ആഹാരം വിളമ്പാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിശക്കുന്ന വയറുമായി എത്തിയവര്‍ക്ക് ഒരു മിനിറ്റ് പോലും വെയിലത്ത് വരി നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ചുരുങ്ങിയത് രണ്ടു ലക്ഷത്തോളം പേരെങ്കിലും വയറും മനസും നിറച്ച് മടങ്ങിയിട്ടുണ്ട്. അത് ഞങ്ങള്‍ക്കു വലിയ സന്തോഷമാണ് നല്‍കുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം അനന്തപുരിയുടെ മണ്ണിലേക്ക് എത്തിയപ്പോള്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഭക്ഷണക്കമ്മിറ്റിയുടെ ചുമതല വിശ്വസിച്ച് എന്നെ എല്‍പ്പിക്കുകയായിരുന്നു. യാതൊരു തരത്തിലുള്ള വിവാദവും കൂടാതെ ഭക്ഷണവിതരണം നടക്കണം എന്ന ഒരൊറ്റ ആവശ്യമാണ് അദ്ദേഹം മുന്നില്‍വച്ചത്. അത് നൂറുശതമാനം ഫലപ്രദമായി നിര്‍വഹിച്ചുവെന്ന് സന്തോഷപൂര്‍വം പറയാന്‍ കഴിയും. 

വലിയ ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന ഉത്തമബോധ്യത്തോടെ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത്. കെഎസ്ടിഎ സംസ്ഥാന സംസ്ഥാന സെക്രട്ടറി നജീബ് സാറിനെ കണ്‍വീനര്‍ ആയും കെഎസ്ടിഎയെ സഹായക സംഘടനയായും വോളന്റിയര്‍ സംഘടനയായി സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവരെയും നിശ്ചയിച്ചു. ഫുഡ് കമ്മിറ്റി വൈസ് ചെയര്‍മാനായി സിപിഎം ജില്ലാകമ്മിറ്റി അംഗം കരമന ഹരിയെ നിശ്ചയിച്ചു. ഭക്ഷണപുരയിലെ ഓരോ പ്രവൃത്തിയും വെവ്വേറെ തിരിച്ചു ഒരു ടീം ലീഡറിന്റെ മേല്‍നോട്ടത്തില്‍ അംഗങ്ങളെ നിയോഗിക്കുകയാണ് ആദ്യം ചെയ്തത്. ആഹാരം കഴിക്കാന്‍ എത്തുന്നവര്‍ പെരിവെയിലില്‍ ക്യൂ നില്‍ക്കുന്നത് ഒഴിവാക്കാന്‍ ഭക്ഷണപ്പുരയോട് ചേര്‍ന്ന് മറ്റൊരു പന്തല്‍ കൂടിയിട്ടു. സാധാരണ പോലെ ഭക്ഷണപ്പുര നിര്‍ജീവമാകാതിരിക്കാന്‍ അവിടുത്തെ വേദിയില്‍ കലാപരിപാടികള്‍ നടത്താന്‍ അവസരം നല്‍കിയതോടെ നൂറുകണക്കിനു പേരാണ് തങ്ങളുടെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ഗവേദി ഉപയോഗപ്പെടുത്തിയത്. 

ഒരേ സമയം 2400 പേര്‍ക്കിരുന്ന് ആഹാരം കഴിക്കാന്‍ പാകത്തില്‍ പന്തല്‍ ഒരുക്കിയത് നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്റെ നേതൃത്വത്തിലാണ്. കാല്‍ നൂറ്റാണ്ടിന്റെ കലോത്സവ പരിചയവുമായി പഴയിടം മോഹനന്‍ നമ്പൂതിരി രുചിവിസ്മയം ഒരുക്കാന്‍ എത്തിയതും ഏറെ ഗുണകരമായി. പാചകപ്പുരയുടെ ചുമതല കണ്‍വീനര്‍ നജീബ് തന്നെ ഏറ്റെടുത്തു. പഴയിടത്തിന്റെ നേതൃത്വത്തില്‍ ഏകദേശം എണ്‍പതോളം  തൊഴിലാളികള്‍ രാപ്പകല്‍ പ്രയത്‌നിച്ചതോടെ വൃത്തിയുള്ള ആഹാരം ഇടതടവില്ലാതെ ഭക്ഷണപ്പുരയിലേക്ക് എത്തിക്കൊണ്ടിരുന്നു. പാചകത്തിന് വേണ്ട സാധനങ്ങള്‍ എത്തിക്കുന്ന കലവറയുടെ ചുമതല ബി.ഡി. ബീനടീച്ചറിന് ആയിരുന്നു.

ഭക്ഷണ വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന സിപിഎം ജില്ലാകമ്മിറ്റി അംഗം ലെനിന്റെ നിര്‍ദേശാനുസരണം ഭക്ഷണപന്തലില്‍ സാമ്പാര്‍, അവിയല്‍ തോരന്‍ എന്നീ പേരുകളോടെ 12 കൗണ്ടറുകള്‍ ആയി വിഭജിച്ചു. ഓരോ കൗണ്ടറിലും 200 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കി. ഓരോ കൗണ്ടറിലും കെഎസ്ടിഎ അധ്യാപകരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ 25 പേരും 5 സ്‌കൗട്ട് ആന്‍ഡ് ഗൈഡ് വോളന്റിയര്‍മാരും വീതം സേവനത്തിനായി അണിനിരന്നു. ഓരോ കൗണ്ടറിനും ഓരോ ടീം ലീഡറിനെ നിശ്ചയിച്ചു. ഓരോ കൗണ്ടറിലും വിളമ്പാനുള്ളവരുടെ ടീം വിഭജനവും നിയന്ത്രണവും ഹരിലാല്‍ സാറാണ് നിര്‍വഹിച്ചത്.

English Summary:

Thiruvananthapuram Kalotsavam Food Pavilion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com