ADVERTISEMENT

ചൂര അഥവാ ട്യൂണ സാധാരണയായി അത്രയ്ക്ക് വിലയുള്ള മീനല്ല. മാത്രമല്ല, ഇത് പൊതുവേ എപ്പോഴും കിട്ടുന്ന ഒരു മത്സ്യ ഇനമാണ്.  എന്നാല്‍ ജപ്പാനില്‍ ഈയിടെ ഒരു ട്യൂണ വിറ്റത് റെക്കോർഡ് വിലയായ 11 കോടി രൂപയ്ക്കാണ്. 276 കിലോ ഭാരമുള്ള ട്യൂണയാണ് ലേലത്തില്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്. ഒരു മോട്ടോർബൈക്കിന്റെ വലുപ്പവും ഭാരവും ഉണ്ടായിരുന്ന മത്സ്യത്തെ, അമോറിയുടെ വടക്കുകിഴക്കൻ പ്രിഫെക്ചറിലെ ഒമാ തീരത്ത് നിന്നാണ് പിടിച്ചത്.

ടോക്കിയോ നഗരത്തിലെ ടൊയോസു മാർക്കറ്റിൽ നടന്ന ലേലത്തില്‍, ജനപ്രിയ റെസ്റ്റോറൻ്റായ ഒനോഡെറ ഗ്രൂപ്പ്, ഈ ട്യൂണയ്ക്കായി 207 ദശലക്ഷം യെൻ (1.3 ദശലക്ഷം ഡോളർ അഥവാ 11 കോടി രൂപ) നൽകി. ഈ വർഷം ജനുവരി 5 ന് നടന്ന വാർഷിക പുതുവത്സര ലേലത്തിലാണ് ട്യൂണ വിറ്റത്. ബ്ലൂഫിൻ വിഭാഗത്തില്‍പ്പെട്ട ഈ ട്യൂണ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ജപ്പാനിലുടനീളമുള്ള മിഷെലിൻ സ്റ്റാർ ജിൻസ ഒനോഡെറ റെസ്റ്റോറൻ്റുകളിലും നദമാൻ റെസ്റ്റോറൻ്റുകളിലും വിളമ്പുമെന്ന് ഒനോഡെറ ഗ്രൂപ്പ് അറിയിച്ചു. 

ജാപ്പനീസ് വിശ്വാസപ്രകാരം, ട്യൂണ ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. ട്യൂണ കഴിക്കുന്ന ആളുകള്‍ക്ക് അടുത്ത വര്‍ഷം മികച്ചതായിരിക്കും എന്നാണ് ഇവര്‍ കരുതുന്നത്. 

ബ്ലൂഫിന്‍ ട്യൂണയെക്കുറിച്ച്

വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം 40 വർഷം വരെ ജീവിക്കാൻ കഴിയുന്ന ട്യൂണയുടെ ഏറ്റവും വലിയ ഇനമാണ് ബ്ലൂഫിൻ. ബ്ലൂഫിൻ ട്യൂണകള്‍ വംശനാശഭീഷണി നേരിടുന്നതായി കണക്കാക്കുന്നു. അറ്റ്ലാൻ്റിക്, പസഫിക്, സതേണ്‍ എന്നിങ്ങനെ മൂന്ന് തരം ബ്ലൂഫിനുകൾ ഉണ്ട്. ഇവയില്‍ ഏറ്റവും വലുതും വംശനാശഭീഷണി നേരിടുന്നതുമാണ് അറ്റ്ലാൻ്റിക് ബ്ലൂഫിൻ ട്യൂണ. സുഷി, സാഷിമി തുടങ്ങിയ വിഭവങ്ങള്‍ക്കായി ബ്ലൂഫിൻ ട്യൂണ ഉപയോഗിക്കുന്നു. സാധാരണയായി ട്യൂണയുടെ ഏറ്റവും വിലയേറിയ വിഭാഗമാണിത്.

ജപ്പാനിലെ ഭീമന്‍ മത്സ്യമാര്‍ക്കറ്റ്

ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാര്‍ക്കറ്റുകളില്‍ ഒന്നാണ്  കോട്ട വാർഡിലെ ടൊയോസു പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടോയോസു മാർക്കറ്റ്. 2018 ഒക്ടോബർ 11 ന് തുറന്നപ്പോൾ തന്നെ, ലോകത്തിലെ ഏറ്റവും വലിയ മൊത്ത മത്സ്യ മാർക്കറ്റായി ഇത് മാറി. ഇവിടെ വ്യാപാരത്തിനും ലേലംവിളിക്കുമായി രണ്ടു മാര്‍ക്കറ്റുകള്‍ ഉണ്ട്. കൂടാതെ, പഴം-പച്ചക്കറി മാർക്കറ്റും ഉണ്ട്. വിനോദസഞ്ചാരികൾക്ക് രണ്ടാം നിലയിലെ വ്യൂവിംഗ് ഡെക്കിൽ ലേല വിപണി നിരീക്ഷിക്കാം. മാർക്കറ്റിൽ നിന്നും കടകളിൽ നിന്നുമുള്ള ഫ്രഷ് സീഫുഡുകളും ഉൽപ്പന്നങ്ങളും ഉള്ള റെസ്റ്റോറൻ്റുകളുമുണ്ട്.

ട്യൂണ ഇതാദ്യമല്ല

ഇതിനു മുന്നേ 2019 ല്‍ നടന്ന മറ്റൊരു ലേലത്തിൽ 18 കോടിയിലധികം രൂപയ്ക്ക് ട്യൂണ ലേലത്തില്‍ പോയിരുന്നു. ഇതിന്  278 കിലോഗ്രാമായിരുന്നു ഭാരം. ജപ്പാനിലെ സുഷി സൻമായ് റെസ്റ്റോറൻ്റ് ശൃംഖലയുടെ ഉടമസ്ഥനായ, കിയോഷി കിമുറഎന്ന പ്രശസ്തനായ വ്യക്തിയാണ് ഈ ട്യൂണയെ പണം നൽകി വാങ്ങിയത്. ഇദ്ദേഹം 'ട്യൂണ കിംഗ്' എന്നും അറിയപ്പെടുന്നു.

ചൂര മീൻ, അച്ചാറാക്കിയാൽ രുചികൂടും

മലയാളികളിൽ ഭൂരിപക്ഷം പേരുടെയും ഭക്ഷണശീലങ്ങളിൽ നിന്ന് മീൻ വിഭവങ്ങൾ മാറ്റിവയ്ക്കാൻ പറ്റില്ല. ഇതാ ഒരു രുചിയൂറും മീൻ അച്ചാർ. ഫ്രിജിൽ വെച്ച് ഉപയോഗിച്ചാൽ വളരെ അധികം നാളുകൾ കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം.

ചേരുവകൾ 

ചൂര (ട്യൂണ)മീൻ : 3/4 കിലോഗ്രാം (വൃത്തിയായി കഴുകി ചെറു കഷ്ണങ്ങളാക്കിയത്)

ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചത് - 1 ടേബിൾ സ്പൂൺ

ഉലുവ പൊടിച്ചത് - 1 ടീ സ്പൂൺ

മുളകുപൊടി - 4 ടീ സ്പൂൺ

മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ 

ഉപ്പ് - 1 1/2 ടീ സ്പൂൺ

നാരങ്ങ നീര് - 1 ടേബിൾ സ്പൂൺ

നല്ലെണ്ണ - 350 മില്ലി ലിറ്റർ

വെളുത്തുള്ളി - 250 ഗ്രാം (നീളത്തിൽ കട്ടി കുറഞ്ഞരിഞ്ഞത്)

ഇഞ്ചി - 200 ഗ്രാം

പച്ചമുളക് - 10 എണ്ണം (ഞെട്ട് കളയാതെ നീളത്തിൽ പിളർന്നത്)

തയാറാക്കുന്ന വിധം

നന്നായി കഴുകി ഉണക്കിയ പാത്രത്തിൽ ചൂര കഷ്ണങ്ങൾ (വെള്ളം കൂടാതെ തുണിയിൽ ഒപ്പിയെടുത്തത്) ഇടുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചതും, ഉലുവ, മുളക്, മഞ്ഞൾ പൊടികളും ഉപ്പും ചേർത്ത് മീനിൽ പിടിക്കുന്നത് വരെ നന്നായി ചേർത്തിളക്കുക. അതിലേക്ക് നാരങ്ങ നീരും ചേർത്തിളക്കുക. ഇത് ഒരു മണിക്കൂറോളം വയ്ക്കുക. 

tuna-pickle

ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി അരിഞ്ഞെടുത്ത വെളുത്തുള്ളി 6-7 മിനിറ്റ് സ്വർണ്ണ നിറമാകും വരെ വഴറ്റുക. ശേഷം ഇഞ്ചിയും 5-6 മിനിറ്റ് ബ്രൗൺ നിറം ആകും വരെ വഴറ്റുക. അതിലേക്ക് പച്ച മുളക് ചേർത്ത് 5 മിനിറ്റ് വഴറ്റുക.ബാക്കി വരുന്ന എണ്ണയിലേക്ക് പുരട്ടി വെച്ച മീൻ കഷ്ണങ്ങൾ ചേർത്ത് 10-12 മിനിറ്റോളം നന്നായി വറുത്തെടുക്കുക. ബാക്കി വരുന്ന എണ്ണയിലേക്ക് 50 മില്ലി ലിറ്റർ നല്ലെണ്ണ കൂടി ഒഴിച്ച് തിളപ്പിക്കുക. 

ശേഷം കടുക് -2 ടേബിൾ സ്പൂൺ ഇതിൽ ചേർത്ത് പൊട്ടിക്കുക. കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിലേക്ക് കായപ്പൊടി - 3/4 ടീ സ്പൂൺ, 4 ടീ സ്പൂൺ മുളക് പൊടി , 1/2 ടീ സ്പൂൺ മഞ്ഞൾപ്പൊടി , 3/4 ടീ സ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കി 5 മിനിറ്റ് വഴറ്റുക. ശേഷം 3/4 കപ്പ് വിനിഗർ ചേർത്ത് 4 മിനിറ്റ് ഇളക്കുക. ഇതിലേക്ക് 1 ടീ സ്പൂൺ  ഉലുവാ പൊടിച്ചതും ചേർക്കുക. വഴറ്റിയ ഈ ചേരുവകളിലേക്ക് വറുത്തെടുത്ത മീൻ കഷ്ണങ്ങൾ നന്നായി കൂട്ടി യോജിപ്പിച്ചു വാങ്ങി വയ്ക്കുക. ചൂടാറിയ ശേഷം കുപ്പികളിലോ ഭരണിയിലോ അടച്ചു സൂക്ഷിക്കുക.

English Summary:

Japanese Tuna Auction Record Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com