ന്യൂജെൻ വീട്ടമ്മയാണോ? എങ്കിൽ കേട്ടോളൂ ആരും പറയാത്ത ചില അടുക്കളരഹസ്യങ്ങൾ!
Mail This Article
ഭക്ഷണപദാർഥങ്ങൾ പാകം ചെയ്യുന്ന സ്ഥലമാണല്ലോ അടുക്കള. അടുക്കള എപ്പോഴും ഭംഗിയായും ശുചിയായും സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പല രോഗങ്ങളും അടുക്കളയിലാണാരംഭിക്കുക. അതിനാൽ അടുക്കളയിൽ ഉച്ഛിഷ്ടങ്ങൾ അവശേഷിക്കുവാൻ അനുവദിക്കരുത്. രാത്രിയിൽ പാത്രങ്ങൾ കഴുകാതെ നേരം വെളുക്കുന്നതു വരെ സൂക്ഷിക്കരുത്. അതുപോലെ തന്നെ പാചകം ചെയ്യുന്നതിനുള്ള സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. മലക്കറിയായാലും മൽസ്യമാംസാദികളായാലും മുട്ടയായാലും പുതുമ നശിക്കാത്തവയായിരിക്കണം.
പ്രായമുള്ളവർക്കു തങ്ങളുടെ സുദീർഘമായ അനുഭവപരിചയം മൂലം പാകത്തിനുള്ള ചേരുവകൾ കൃത്യമായ അനുപാതത്തിൽ കൂട്ടിച്ചേർക്കുവാനുള്ള കൈനിശ്ചയമുണ്ട്. പാചകകലയിൽ വേണ്ടത്ര പരിചയമില്ലാത്തവർ തെറ്റു പറ്റാതിരിക്കുന്നതിനു വേണ്ടി ചേരുവകൾ സസൂക്ഷ്മം അളന്നും തൂക്കിയും ചേർക്കേണ്ടതാണ്. പാചകസാധനങ്ങൾ അളക്കുന്നതിനും തൂക്കുന്നതിനുമുള്ള ഉപകരണങ്ങൾ ഓരോ വീട്ടിലും ഉണ്ടായിരിക്കുന്നത് അഭിലഷണീയമായിരിക്കും. താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിയിരിക്കേണ്ടതു നമ്മുടെ അനുദിന പാചകത്തിന് അത്യന്താപേക്ഷിതമാണ്. അരി വേവിക്കുമ്പോൾ അല്പം ഉപ്പു ചേർക്കുന്ന പക്ഷം ചോറിന് ഉപ്പുണ്ടായിരിക്കും. അല്പം ചുണ്ണാമ്പു വെള്ളം ചേർക്കുന്ന പക്ഷം ചോറിനു കൂടുതൽ വെളുത്ത നിറം ലഭിക്കും.
മുട്ടയുടെ തോടു പൊട്ടിയതാണെങ്കിലും പുഴുങ്ങുമ്പോൾ വെള്ളത്തിൽ അൽപ്പം ഉപ്പു ചേർക്കുന്ന പക്ഷം അതിന്റെ വെള്ള പുറത്തു ചാടുന്നതല്ല.
ഉപ്പു ചേർത്തു മാംസം വേവിക്കുമ്പോൾ കുറച്ചു കടുകുപൊടി ഇടുന്ന പക്ഷം മാംസം കുറെക്കൂടി മയമുള്ളതായിത്തീരും.
ഒരു കഷണം ഉരുളക്കിഴങ്ങു മുറിച്ചു കത്തിയുടെ വായ്ത്തലയിൽ വച്ചു തൂത്താൽ വായത്തലയിലുള്ള ഏതു ഗന്ധവും മാറും.
കൂടുതൽ സമയം കിടന്ന് അധികം വെന്തുപോയ മുട്ട കുറെ സമയം തണുത്ത വെള്ളത്തിൽ ഇട്ടാൽ നല്ല മയം വരും. അതിന്റെ അരുചിയും മണവും മാറുകയും ചെയ്യും.
മുട്ട പതയ്ക്കുമ്പോൾ നനവുള്ള ഒരു പാത്രമുപയോഗിക്കുകയാണെങ്കിൽ മുട്ടയുടെ ചുവന്ന ഭാഗം അതിൽ പറ്റിപ്പിടിച്ചിരിക്കുകയില്ല.
മിക്സ്ചർ ശരിക്കു മൂത്തു എന്നറിയുവാൻ വെളളത്തിൽ ഇട്ടു നോക്കുക. പൊങ്ങിക്കിടക്കുകയാണെങ്കിൽ മിക്സ്ചർ ശരിക്കു മൂത്തതാണെന്നു മനസ്സിലാക്കാം.
ജീവകങ്ങൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റ്, മാംസ്യാംശങ്ങൾ എന്നിവയടങ്ങിയ ഒരു സമ്മിശ്രഭക്ഷണമാണ് ഏറ്റവും നല്ല ആഹാരമെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണല്ലോ. ഫലവർഗങ്ങൾ, മലക്കറികൾ, ധാന്യങ്ങൾ, പയർവർഗങ്ങൾ, അണ്ടികൾ, പാൽ, മുട്ട, മത്സ്യം, നെയ്യ് എന്നിവയിൽ മേൽപറഞ്ഞവ സമൃദ്ധിയായുണ്ട്. ഒരു സമീകൃത ഭക്ഷണത്തിനാവശ്യമായ മിക്കവാറും എല്ലാ ഘടകങ്ങളും ഉള്ള ഭക്ഷണം പാൽ മാത്രമാണ്.
ഏറ്റവും പോഷകസമൃദ്ധവും രുചിപ്രദവുമായ ഭക്ഷണമാണെങ്കിലും കൗതുകകരമായ രീതിയിൽ വിളമ്പാത്തപക്ഷം അത് അനാകർഷകമായിരിക്കും. വിലപിടിച്ച പാത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കണമെന്നല്ല ഇതിന്റെ അര്‍ഥം. പ്രത്യുത, പാത്രങ്ങൾ ഭംഗിയും ശുചിത്വവുമുള്ളതായിരിക്കണം. ചില ചില്ലറ പ്രയോഗങ്ങൾ മൂലം പാചകം അനായാസകരവും ആകർഷകവുമാക്കാവുന്നതാണ്. പാചവിദ്യ ഒരു കല തന്നെയാണ്. ആസ്വാദ്യവും രുചിപ്രദവുമായി ഭക്ഷണം തയാറാക്കി ആകർഷമകായി വിളമ്പിക്കൊടുക്കുന്ന ആളിന് ഒരു കലാകാരനെപ്പോലെയോ ചിത്രകാരനെപ്പോലെയോ ഗായകനെപ്പോലെയോ തന്നെ സ്ഥാനം കൽപ്പിക്കേണ്ടതാണ്.
English Summary: General Cooking Tips