രുചിയോടെ പോർക്ക് പിരളൻ, പ്രഷർ കുക്കറിൽ തയാറാക്കാം
Mail This Article
മൊരിഞ്ഞ പോർക്കിറച്ചി പിരളൻ, ചോറിനും ചപ്പാത്തിക്കും അപ്പത്തിനും രുചിയോടെ കൂട്ടാം.
ചേരുവകൾ
1. കൊഴുപ്പോടു കൂടിയ പോർക്കിറച്ചി ഉലർത്തിറച്ചിക്കു നുറുക്കുന്നതു പോലെ ചെറിയ കഷണങ്ങളാക്കിയത് – 1 കിലോ
2. ചുവന്നുള്ളിയല്ലി – 1 കപ്പ്
വെളുത്തുള്ളിയല്ലി – 12
പച്ചമുളക് – 6
ഇഞ്ചി നീളത്തിലരിഞ്ഞത് – 1 ഡിസേർട്ട് സ്പൂൺ
കടുക് – 1 ഡിസേർട്ട് സ്പൂൺ
ജീരകം – 1 ടീസ്പൂൺ
3. വെള്ളം – 2 കപ്പ്
4. വലിയ നെല്ലിക്ക വലുപ്പത്തിൽ
വാളൻ പുളി കുറുകെ
പിഴിഞ്ഞെടുത്തത് – 1/4 കപ്പ്
6. മഞ്ഞൾ പൊടി – 1 ടീസ്പൂൺ
ഉപ്പ് – പാകത്തിന്
ഉരുക്കിയ നെയ്യ് – 1 ടീസ്പൂൺ
ഉണക്ക മല്ലി – 2 ഡിസേർട്ട് സ്പൂൺ
കുരുമുളക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
7. അരി കളഞ്ഞ പച്ചമുളക് – 10 (ഈ രണ്ടായി മുറിക്കണം)
ചെറിയ ഇനം വെളുത്തുള്ളിയല്ലി
തൊലി കളഞ്ഞത് – 12
പാകം ചെയ്യുന്ന വിധം
രണ്ടാമത്തെ ചേരുവകൾ ചതച്ചു വയ്ക്കുക. രണ്ടു കപ്പു വെള്ളം പ്രഷർ കുക്കറിൽ വെട്ടിത്തിളയ്ക്കുമ്പോൾ ചതച്ചമസാല, ഇറച്ചി, പുളിവെള്ളം, മഞ്ഞൾപൊടി, ഉപ്പ് ഇവ ചേർത്ത് ഇറച്ചിക്കു മയം വരുന്നതുവരെ ചെറുതീയിൽ വേവിക്കുക. പ്രഷർ കുക്കറിന്റെ മൂടി തുറന്ന് ഇറച്ചി ചീനച്ചട്ടിയിലേക്കു പകർന്നു, നെയ്യ് തെളിയുന്നതു വരെ, വെള്ളം വറ്റിക്കുക. ഇറച്ചിയുടെ കൊഴുപ്പിൽ തന്നെ കിടന്നു മൊരിയുന്നതു കൊണ്ട് അതിനു കറുപ്പു നിറം വരും.
ഒരു ടീ സ്പൂൺ നെയ്യിൽ ആറാമത്തെ ചേരുവകൾ മൂപ്പനുസരിച്ച് ഓരോന്നായി മൂപ്പിച്ചു പൊടിക്കുക.
പച്ചമുളകിന്റെ അരി കളഞ്ഞ് ഓരോന്നും ഈരണ്ടാക്കിയതും വെളുത്തുള്ളിയല്ലിയും അപ്പച്ചെമ്പിന്റെ തട്ടിൽ വച്ചു നിറം പോകാതെ വാട്ടണം.
അവസാനം മൊരിഞ്ഞ പോർക്കിറച്ചിയിൽ പൊടിച്ച മസാലയും പച്ചമുളകും വെളുത്തുള്ളി തയാറാക്കിയതും തൂവി ചേരുവകൾ രണ്ടു മിനിറ്റു മൊരിയുമ്പോൾ വാങ്ങി ചൂടോടെ ഉപയോഗിക്കുക.
English Summary : Spicy pork curry.