ഇടി ചക്ക തോരൻ കൂട്ടി ചോറുണ്ടാൽ സദ്യ കഴിച്ചതു പോലെയാണ്
Mail This Article
ചക്കയെ പഴം മാത്രമായി മാത്രമല്ല പച്ചക്കറിയായും കണക്കാക്കുന്നത് നമ്മുടെ തീൻമേശയ്ക്കും കീശയ്ക്കും ഒരുപോലെ ഗുണകരമാകും. മുളപൊട്ടി 45 ദിവസം പ്രായമാകുമ്പോൾ മുതൽ ഇടിച്ചക്കയായി ഉപയോഗിക്കാം. ചെറിയ കഷണങ്ങളാക്കി വേവിച്ച് ചതച്ചെടുത്താൽ വിവിധതരം തോരനുകളും കട്ലറ്റും തയ്യാറാക്കാം.ചതയ്ക്കാതെ മറ്റു പച്ചക്കറികളുമായി ചേർത്ത് വെജിറ്റബിൾ സ്റ്റൂ, മസാലക്കൂട്ട് ചേർത്ത് ‘വെജ്മീറ്റ്’ കറി എന്നിവയും ഇടിച്ചക്കയിൽനിന്നുള്ള വിഭവങ്ങളാണ്. വരിക്കച്ചക്കയും കൂഴച്ചക്കയും ഒരുപോലെ ഈ വിഭവങ്ങൾക്ക് ഉപയോഗിക്കാം. ഇടിച്ചക്കകൊണ്ട് തയാറക്കാവുന്ന രുചികരമായ തോരൻ പരിചയപ്പെട്ടാലോ?
ചേരുവകൾ
- ചക്ക - 3 ആഴ്ചയോളം പ്രായമായത്
- തേങ്ങ ചിരകിയത് - ഒരു തേങ്ങയുടെ പകുതി
- വെളുത്തുള്ളി 5 അല്ലി
- കുരുമുളകു പൊടി - 1 ടീസ്പൂൺ
- ചെറിയ ഉള്ളി - 4 എണ്ണം
- കാന്താരി മുളക് - 10 എണ്ണം
- ജീരകം - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
താളിക്കാൻ
- കടുക്
- ഉഴുന്ന്
- വറ്റൽ മുളക്
- കറിവേപ്പില
- വെളിച്ചെണ്ണ
പാകം ചെയ്യുന്ന വിധം
∙ ചക്ക തൊലിയും ഉൾക്കാമ്പും നീക്കം ചെയ്ത് ചെറിയ ചതുര കഷ്ണങ്ങളായി അരിയണം.
∙ ഒരു പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ചക്ക വേവിച്ചെടുക്കുക. വേവിക്കുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്താൽ ചക്കയുടെ കറ കുക്കറിന്റെ വശങ്ങളിൽ പിടിക്കില്ല.വേവിച്ചെടുത്ത ചക്ക, വെള്ളം ഊറ്റി കളഞ്ഞശേഷം ഇടിച്ചെടുക്കണം.
∙ ഒരു ചുവട് കട്ടിയുള്ള പാൻ ചൂടാക്കി അതിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉഴുന്ന്, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിച്ചു എടുക്കുക. ഇതിൽ ഇടിച്ച ചക്ക ചേർത്ത് ചെറുതീയിൽ 3 മിനിറ്റ് ഉപ്പ് ചേർത്ത് അടച്ചു വച്ച് വേവിക്കുക.
∙ മിക്സിയിൽ തേങ്ങ ചിരകിയത്, വെളുത്തുള്ളി, കാന്താരി, ഉള്ളി, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പു ചക്കയിൽ ചേർത്ത് നന്നായിട്ടു ഇളക്കി യോജിപ്പിക്കുക. ഇതിലേക്കു കുരുമുളക് പൊടി ചേർത്ത് 5 മിനിറ്റ് അടച്ച് ചെറുതീയിൽ വേവിക്കുക. കുടുതൽ കറിവേപ്പില ചേർത്താൽ ടേസ്റ്റും കൂടും.
NB: ചക്ക അരിയുമ്പോൾ കത്തിയിലും ഒപ്പം കൈകളിലും എണ്ണ പുരട്ടിയാൽ ചക്കക്കറ പിടിക്കില്ല