തേങ്ങാപ്പാൽ ഒഴിച്ച് മീൻ ഗ്രിൽ ചെയ്തു കഴിച്ചിട്ടുണ്ടോ? ഏതു മീനും ഇങ്ങനെ വറുത്താൽ രുചികൂടും
Mail This Article
മീൻ ഗ്രിൽ ചെയ്യുമ്പോൾ അതിൽ നാളികേര പാലിന്റെ ക്രീം കൂടി ചേർത്താൽ അസാധ്യരുചിയാണ്. മീനും നാളികേരപ്പാലും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇങ്ങനെ മീൻ വറുത്തെടുത്താൽ സ്‌റ്റാർട്ടർ ആയി പാർട്ടികളിൽ ഉപയോഗിക്കാം.
ചേരുവകൾ
- മീൻ - 3/4 കിലോഗ്രാം
- സവാള - 1 വലുത്
- കശ്മീരി മുളക് - 5 എണ്ണം
- കശ്മീരി മുളകുപൊടി - I ടേബിൾ സ്പൂൺ
- ഇഞ്ചി വെള്ളിത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ
- ഉപ്പ്
- കറിവേപ്പില
- ചെറുനാരങ്ങ - 1 വലുത്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- നാളികേരപ്പാൽ
കശ്മീരി മുളക് ചൂടു വെള്ളത്തിൽ കുതിർത്ത് കുറച്ച് നേരം വയ്ക്കാം.
കുറച്ച് നാളികേര പാൽ പിഴിഞ്ഞെടുത്ത ശേഷം ഫ്രിഡ്ജിൽ വയ്ക്കാം. ഇതിനു മുകളിൽ തെളിഞ്ഞു വരുന്ന ക്രീം മീൻ വറുക്കുമ്പോൾ ഉപയോഗിക്കാം.
തയാറാക്കുന്ന വിധം
വെള്ളത്തിൽ കുതിർത്തു വച്ചിരിക്കുന്ന മുളകും സവാള, കറിവേപ്പില, ഉപ്പ് എന്നിവയും ചേർത്ത് ആദ്യം അരയ്ക്കുക, ഇതിലേക്കു മുളക് കുതിർക്കാൻ ഉപയോഗിച്ച വെള്ളവും ചേർത്ത് മഷി പോലെ അരയ്ക്കുക.
ഒരു പാത്രത്തിലേക്ക് അരപ്പും ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ചെറുനാരങ്ങ നീര് ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മീനിൽ പുരട്ടി അരമണിക്കൂറെങ്കിലും വെക്കുക.
ഒരു പാൻ ചൂടാക്കി അതിൽ വളരെ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് മീൻ നിരത്തി വെക്കുക. ഒരു വശം വെന്താൽ മറിച്ചെടുക. ഫ്രിജിൽ വെച്ച നാളികേരപാൽ പുറത്തെടുക്കുക, മുകളിൽ നാളികേരക്രീമും താഴെ വെള്ളവും രൂപപെട്ടിരിക്കും. മുകളിലെ ക്രീം മാത്രം എടുത്ത് മീനിന്റെ മുകളിൽ കുറച്ച് കുറച്ച് ആയി ഒഴിച്ച് കൊടുക്കുക. രണ്ടു വശത്തും ഇങ്ങനെ ചെയ്യുക. മീനീന്റെ രണ്ടു വശങ്ങളും മൊരിഞ്ഞു വന്നാൽ തീ ഓഫാക്കാം, ചൂടൊടെ വിളമ്പുക. ഫിഷ് ഗ്രിൽ വിത്ത് കോക്കനട്ട് ക്രീം റെഡി.