പാചകത്തിൽ തുടക്കകാരാണോ? ചോറും രണ്ടു കൂട്ടം കറിയും അരമണിക്കൂർ കൊണ്ട് തയാറാക്കാം
Mail This Article
ജോലിക്കാർക്കും പാചകത്തിൽ തുടക്കകാർക്കും സഹായകരമായ കറിക്കൂട്ടുകൾ പരിചയപ്പെടാം. മൂന്ന് ദിവസത്തേക്കു വേണ്ട വ്യത്യസ്തമായ പാചകകുറിപ്പുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. മോര് കറി & ഉരുളക്കിഴങ്ങ് ഉപ്പേരി, മാങ്ങ രസം & ഉരുളക്കിഴങ്ങ് പൊടിച്ചത്, രസം & പയർ ഉപ്പേരി (എണ്ണചേർക്കാതെ തയാറാക്കുന്നത്)
Day 1
മോര് കറി & ഉരുളക്കിഴങ്ങ് ഉപ്പേരി
ഉരുളക്കിഴങ്ങ് ഉപ്പേരി
- ഉരുളക്കിഴങ്ങ് - 3 എണ്ണം
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - 1 1/2 ടീസ്പൂൺ
ഒരു പാനിൽ 2 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഉരുളക്കിഴങ്ങ് നല്ല പോലെ കഴുകി തോലോടു കൂടി ചതുര കഷ്ണങ്ങൾ ആയി മുറിക്കുക.
അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. അടച്ച് വെച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ തുറന്നു വെച്ച് ഉരുളക്കിഴങ്ങിന്റെ തോൽ മൊരിയുന്ന വരെ ചെറു തീയിൽ വേവിക്കുക.
മോര് കറി
- വെളിച്ചെണ്ണ - 1 ടീസ്പൂൺ
- കടുക് - 1/4 ടീസ്പൂൺ
- കറിവേപ്പില
- വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ
- ഇഞ്ചി ചതച്ചത് -1 ടീസ്പൂൺ
- പച്ച മുളക് - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- പുളിയുള്ള മോര് - 500 ML
- ഉപ്പ് - 2 ടീസ്പൂൺ
- ഉലുവ ജീരകം വറുത്തത് - 1 ടീസ്പൂൺ
- 1/2 നാരങ്ങയുടെ നീര്
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും ചേർക്കുക. കടുക് പൊട്ടി കഴിയുമ്പോൾ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് ചേർക്കുക.
പച്ച മണം മാറുന്ന വരെ വഴറ്റുക. അതിന് ശേഷം മഞ്ഞൾ പൊടി ചേർത്ത് 1 മിനിറ്റ് വഴറ്റി പുളിയുള്ള മോരും ചേർക്കുക.
അതിലേക്ക് വറത്തു വെച്ചിരിക്കുന്ന ഉലുവയും ജീരകവും പൊടിച്ചു ചേർക്കുക.
Note : മോര് തിളപ്പിക്കരുത്. പുളി കൂടുതൽ ആവശ്യമെങ്കിൽ നാരങ്ങ നീര് ചേർക്കാവുന്നതാണ്.
Day 2
മാങ്ങ രസം & ഉരുളക്കിഴങ്ങ് പൊടിച്ചത്
ഉരുളക്കിഴങ്ങ് പൊടിച്ചത്
- വെളിച്ചെണ്ണ - 3 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് - 1/2 ടീസ്പൂൺ
- കടലപ്പരിപ്പ് - 1/2 ടീസ്പൂൺ
- വെളുത്തുള്ളി - 4 എണ്ണം ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 4 എണ്ണം ചെറുതായി അരിഞ്ഞത്
- വലിയ ഉള്ളി - 1 ചെറുതായി അരിഞ്ഞത്
- ഉപ്പ് - 1 1/2 ടീ സ്പൂൺ
- മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
- മുളക് പൊടി - 1 ടീ സ്പൂൺ
- ഉരുളക്കിഴങ്ങ് വേവിച്ചു പൊടിച്ചത് - 2 എണ്ണം
ഒരു ചുവട് കട്ടിയുള്ള പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. അതിലേക്ക് ഉഴുന്നുപരിപ്പ്, കടലപ്പരിപ്പും ചേർത്ത് നന്നായി വഴറ്റുക. പരിപ്പ് ബ്രൗൺ നിറം ആവുമ്പോൾ വെളുത്തുള്ളി, പച്ചമുളക്, ഉള്ളി ചേർത്ത് വഴറ്റുക. പാകത്തിന് ഉപ്പ് ചേർക്കുക, ഉള്ളി പിങ്ക് നിറം ആവുമ്പോൾ അതിലേക്ക് മുളക് പൊടി മഞ്ഞൾ പൊടി ചേർത്ത് പച്ച മണം മാറുന്നതു വരെ വഴറ്റുക. വഴന്നു വരുമ്പോൾ വേവിച്ചു പൊടിച്ചു വെച്ച ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി യോജിപ്പിക്കുക.
മാങ്ങ രസം
- തുവരപരിപ്പ് - 1/2 കപ്പ്
- പച്ച മാങ്ങാ - 2 എണ്ണം
- മുളകുപൊടി - 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഉലുവ - 1 ടീസ്പൂൺ
- ചുവന്ന മുളക് - 2 എണ്ണം
ഒരു പ്രഷർ കുക്കറിൽ തുവര പരിപ്പ്, മാങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു 3-4 വിസിൽ വരുന്നതു വരെ വേവിക്കുക. കുക്കർ തണുത്ത ശേഷം ഇതിലേക്ക് കടുക്, ഉലുവ, ചുവന്ന മുളക് എന്നിവ വറുത്തിടുക.
Day 3
എണ്ണയില്ലാതെ ഒരു ഊണ് - രസം & പയർ ഉപ്പേരി
പയർ ഉപ്പേരി
- നീളൻ പയർ - 250ഗ്രാം
- വലിയ ഉള്ളി - 1 കപ്പ് ചെറുതായി അരിഞ്ഞത്
- വെളുത്തുള്ളി - 3 എണ്ണം
- തക്കാളി - 1 എണ്ണം
- പച്ചമുളക് - 3 എണ്ണം
- മുളക് പൊടി - 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
- മല്ലി പൊടി - 1/4 ടീ സ്പൂൺ
- ഉപ്പ് - 1 ടീ സ്പൂൺ
- മല്ലിയില
ഒരു ചുവടു കട്ടിയുള്ള പാത്രത്തിൽ മേൽ പറഞ്ഞ എല്ലാ ചേരുവകളും ചേർത്തി യോജിപ്പിച്ചു അടച്ച് വെച്ച് വേവിക്കുക.
Note : വെള്ളമോ എണ്ണയോ ആവശ്യം ഇല്ല.
വെന്തു കഴിയുമ്പോൾ മല്ലിയില ചേർത്ത് വാങ്ങി വെയ്ക്കാം.
രസം
- പരിപ്പ് - 100 ഗ്രാം
- തക്കാളി - 2 എണ്ണം
ഈ രണ്ട് ചേരുവകളും കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിച്ചെടുക്കുക.
- വെളുത്തുള്ളി - 2 എണ്ണം
- ജീരകം - 1 ടീ സ്പൂൺ
- പുളി പിഴിഞ്ഞ വെള്ളം - 1/2 കപ്പ്
- ഉപ്പ് - 1 ടേബിൾ സ്പൂൺ
- രസപ്പൊടി - 1 ടേബിൾ സ്പൂൺ
- മുളക് പൊടി - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1/4 ടീ സ്പൂൺ
- കായം - കുറച്ച്
വേവിച്ചു വെച്ച പരിപ്പും തക്കാളിയിലേക്ക് വെളുത്തുള്ളി ജീരകം ചേർത്ത് തിളപ്പിക്കുക.
തിളച്ചു വരുമ്പോൾ പുളിയും ഉപ്പും ചേർക്കുക.
രസപ്പൊടിയും മുളകുപൊടിയും കുരുമുളക് പൊടിയും ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് കുറച്ച് കായം, മല്ലിയില എന്നിവ ചേർത്ത് വാങ്ങി വെയ്ക്കുക.