10 മിനിറ്റുകൊണ്ട് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന മുന്തിരി ജാം വീട്ടിൽ തയാറാക്കാം
Mail This Article
മിക്കവാറും എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള ഒന്നാണ് ബ്രഡും ജാമും. പക്ഷേ കടയിൽ നിന്നും വാങ്ങി കൊടുക്കുന്ന ജാം എത്രമാത്രം ഹെൽത്തി ആണ് എന്ന് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? വളരെ ഹെൽത്തിയായി പഞ്ചസാര പോലും ചേർക്കാതെ ഒരു ജാം നമുക്ക് വീട്ടിൽ തന്നെ തയാറാക്കാൻ പറ്റുമെങ്കിൽ പിന്നെ കടയിൽ നിന്നും വാങ്ങേണ്ട കാര്യമുണ്ടോ? കുട്ടികൾക്ക് ഇത് ധൈര്യമായി തന്നെ കൊടുക്കാം.
ചേരുവകൾ
- ആപ്പിൾ - ¼ കഷണം
- കറുത്ത മുന്തിരി (കുരു ഇല്ലാത്തത്) - 400 ഗ്രാം
- തേൻ - ½ കപ്പ്
- നാരങ്ങാനീര് - ഒരു നാരങ്ങയുടേത്
തയാറാക്കുന്ന വിധം
ആപ്പിൾ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക ഇത് ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി അരച്ചെടുക്കുക ഇത് ഒരു പാനിലേക്ക് പകർത്തുക എടുത്തു വച്ചിരിക്കുന്ന മുന്തിരിയിൽ നിന്ന് നാലോ അഞ്ചോ മുന്തിരി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കു. ബാക്കിയുള്ള മുന്തിരി ഒരു ബ്ലെൻഡറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക ഇതും അതേ പാനിലേക്ക് പകർത്തുക.
തീ കത്തിച്ച് ഇത് നന്നായി യോജിപ്പിക്കുക. 5 മിനിറ്റ് നേരം നന്നായി ഇളക്കുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന തേൻ ചേർക്കുക. മീഡിയം തീയിൽ ചെറുതായി കുറുകിവരുമ്പോൾ ഇതിലേക്കു നാരങ്ങാനീര് ചേർക്കുക. ഇതും നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലോട്ട് നേരത്തെ മുറിച്ച് മാറ്റി വച്ചിരിക്കുന്ന മുന്തിരി കഷണങ്ങൾ കൂടെ ചേർത്ത് യോജിപ്പിക്കുക . ഒരു സ്പാടുല വെച്ച് ഈ കഷണങ്ങൾ ചെറുതായി ഉടച്ചെടുക്കുക. ജാം കുറുകി വരുന്നത് കാണാം ഏതാണ്ട് കുറുകിവരുമ്പോൾ പാകമായോ എന്ന് നോക്കാൻ വേണ്ടി ഒരു പ്ലേറ്റിലേക്കു കുറച്ച് എടുത്തശേഷം പ്ലേറ്റ് ചരിച്ചു നോക്കുക. അത് ഒഴുകി വരാത്ത പാകത്തിൽ ആണെങ്കിൽ ജാം തയാറായി എന്ന് മനസിലാക്കാം. അപ്പോൾതന്നെ തീ ഓഫ് ചെയ്യുക. ചെറുതായി തണുത്തു കഴിയുമ്പോൾ ഒരു സ്റ്റെറിലൈസ് ചെയ്ത ഗ്ലാസ് ജാറിലോട്ട് മാറ്റുക. ജാം നന്നായി തണുത്തു എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മൂടി വയ്ക്കുക.
ഇത് ഫ്രിജിൽ വച്ച് 6 മാസം വരെ ഉപയോഗിക്കാം
Note: ജാം ജെൽ രൂപത്തിൽ ആകാൻ വേണ്ടി പെക്ടിൻ എന്ന പദാർത്ഥം ആവശ്യമാണ്. എന്നാൽ നമുക്ക് കിട്ടുന്ന ധാരാളം പഴവർഗങ്ങളിൽ ഇത് ധാരാളമായി ഉണ്ട്. ഉദാഹരണമായി ആപ്പിൾ,പപ്പായ മുതലായവ. ഈ റസിപ്പിയിൽ നമ്മൾ ഒരു ചെറിയ കഷണം ആപ്പിൾ ആണ് ചേർക്കുന്നത്. അതുപോലെ പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കുന്നില്ല ചെറുനാരങ്ങാനീര് ആണ് പ്രിസർവേറ്റീവ് ആയി ഉപയോഗിച്ചിട്ടുള്ളത്.