തൊട്ടുകൂട്ടാൻ നെല്ലിക്ക, മാങ്ങാ, നാരങ്ങാ അച്ചാറുകൾ ഞൊടിയിടയിൽ തയാറാക്കാം
Mail This Article
തൊടുകറികളുടെ കൂട്ടത്തിലാണ് അച്ചാറുകളെ കൂട്ടാറ്. പക്ഷേ, ഇതില്ലെങ്കിൽ പലർക്കും ചോറ് ഇറങ്ങില്ലെന്നതാണ് വാസ്തവം! മലയാളികളുടെ ഭക്ഷണത്തിൽ മുൻപന്തിയിലാണ് അച്ചാറിന്റെ സ്ഥാനം. ഉപ്പ്, പുളി, എരിവ് എന്നീ മൂന്നു രുചികളുടെ സമ്മേളനമാണ് മിക്ക അച്ചാറുകളും.
നെല്ലിക്ക അച്ചാർ
- ചുവന്ന മുളക് - 12-15
- ഉലുവ - 1 ടീ സ്പൂൺ
- കടുക് - 1 ടീ സ്പൂൺ
- നല്ലെണ്ണ - 1/2 കപ്പ്
- നെല്ലിക്ക - 500ഗ്രാം
- ഉപ്പ് - 1 ടേബിൾ സ്പൂൺ
- കായം - 1/4 ടീസ്പൂൺ
- വിനാഗിരി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ ചുവന്ന മുളക്, ഉലുവ, കടുക് എന്നിവ ചെറു തീയിൽ വഴറ്റി എടുക്കുക. ചെറു ചൂടോടെ ഇത് മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക.
പാനിൽ നല്ലെണ്ണ ഒഴിച്ചു നെല്ലിക്ക വഴറ്റുക. നെല്ലിക്ക ബ്രൗൺ നിറം ആകുമ്പോൾ ഉപ്പും തരുതരുപ്പായി പൊടിച്ച പൊടിയും ചേർക്കുക. കായം , വിനാഗിരി എന്നിവ ചേർത്ത് 10 മിനിറ്റ് മിനിമം വെച്ച് ഉപയോഗിക്കാവുന്നതാണ്.
മാങ്ങാ അച്ചാർ
- മാങ്ങാ ചെറുതായി നുറുക്കിയത് - 1 കപ്പ്
- ഉപ്പ് - 1 ടീ സ്പൂൺ
- നല്ലെണ്ണ - 1/4 കപ്പ്
- കടുക് - 1/2 ടീ സ്പൂൺ
- ചുവന്ന മുളക് - 2-3 എണ്ണം
- കറിവേപ്പില
- മുളക് പൊടി - 1 ടേബിൾ സ്പൂൺ
- കായം -1/4 ടീ സ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങാ ചെറുതായി മുറിച്ചതിൽ ഉപ്പ് ചേർത്ത് ഇളക്കി വെക്കുക.
5-6 മണിക്കൂർ ഉപ്പ് മാങ്ങയിൽ പിടിച്ചു കിട്ടാൻ വെക്കുക.
(എളുപ്പത്തിൽ വേണം എന്നുണ്ടെങ്കിൽ 10-15 മിനിട്ട് മിനിമം വെച്ചിട്ടും ഉപയോഗിക്കാവുന്നതാണ് )
പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം ചുവന്ന മുളകും, കറിവേപ്പിലയും ഇട്ട് വഴറ്റുക.
ഇതിലേക്ക് മുളക് പൊടി, കായം എന്നിവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. അതിന് ശേഷം മാങ്ങ ചേർത്തുക. 10-15 മിനിട്ടിനു ശേഷം ഉപയോഗിക്കാം
നാരങ്ങ അച്ചാർ
- നല്ലെണ്ണ - 1/4 കപ്പ്
- നാരങ്ങ - 4 എണ്ണം
- മുളക് പൊടി - 2 ടീ സ്പൂൺ
- ഉപ്പ് - 1ടീ സ്പൂൺ
- കായം - 1/4 ടീ സ്പൂൺ
തയാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് നാരങ്ങ വഴറ്റുക. നാരങ്ങയുടെ നിറം മാറുന്ന വരെ വഴറ്റണം. നാരങ്ങായിൽ നിന്നു വെള്ളം വന്നു തുടങ്ങുമ്പോൾ വാങ്ങി തണുക്കാൻ വെക്കുക. തണുത്ത ശേഷം ചെറിയ കഷ്ണങ്ങൾ ആക്കുക. അതിലേക്ക് മുളക് പൊടിയും, ഉപ്പും കായവും ചേർക്കുക. വേണമെങ്കിൽ വറവ് ഇടാം.
Note : വീടുകളിൽ സാധാരണ ചെറുനാരങ്ങ കൊണ്ടാണ് അച്ചാറിടുക. ഗണപതി നാരങ്ങ കറിക്ക് എടുക്കില്ല. അതു പൂജയ്‌ക്കുള്ളതാണ്. വെന്ത ചെറുനാരങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന അച്ചാർ എണ്ണയൊഴിച്ചുവച്ചാൽ ഏറെ നാൾ കേടുകൂടാതെയിരിക്കും.