സ്വാദുള്ള ബീഫ് ബിരിയാണി പ്രഷർകുക്കറിൽ ദം ചെയ്തെടുക്കാം
Mail This Article
ബീഫ് ബിരിയാണി ഇങ്ങനെ തയാറാക്കി നോക്കൂ. അരി കുഴഞ്ഞു പോകാതെ നല്ല രുചിയുള്ള ബിരിയാണി പ്രഷർ കുക്കറിലാണ് തയാറാക്കിയിരിക്കുന്നത്.
ബീഫ് ഗ്രേവി തയാറാക്കാൻ
- സവാള - 3 എണ്ണം
- പച്ചമുളക് - 4 എണ്ണം
- മുളകുപൊടി - 1 ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - ഒന്നര ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - അര ടേബിൾ സ്പൂൺ
- ഗ്രാമ്പു - 3 എണ്ണം
- കറുവാപ്പട്ട - 1 കഷണം
- തക്കോലം - 1 എണ്ണം
- തക്കാളി - 3 എണ്ണം
- ഇഞ്ചി - വലിയ കഷണം
- വെളുതുള്ളി - 8 അല്ലി
- പെരുംജീരകം - ഒന്നര ടീ സ്പൂൺ
- കുരുമുളക് - 1 ടീ സ്പൂൺ
തയാറാക്കുന്ന വിധം
∙ മിക്സിയുടെ ജാറിൽ കുരുമുളകും പെരുംജീരകവും പൊടിച്ച ശേഷം ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും ചേർത്ത് അരച്ച് എടുക്കാം.
∙ പാൻ ചൂടാക്കി വളരെ ചെറുതായി അരിഞ്ഞ സവാള വെളിച്ചെണ്ണയിൽ വഴറ്റി, പച്ചമുളകും മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഗ്രാമ്പു, കറുകപ്പട്ട, താക്കോലം എന്നിവ കൂട്ടി വഴറ്റുക. ഇതിലേക്ക് അരച്ചെടുത്ത തക്കാളി മിശ്രിതം ചേർക്കാം. ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ബീഫ് കഷണങ്ങൾ ചേർത്ത് യോജിപ്പിച്ചെടുക്കുക. കുക്കർ അടച്ച് 8 വിസിലിനു ശേഷം, ഗ്രേവി കട്ടി ആകുന്നത് വരെ തിളപ്പിക്കുക. മല്ലിയില ചേർത്ത് വാങ്ങാം.
ബിരിയാണി റൈസ്
∙ കുക്കർ ചൂടാക്കി 3 ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ, പട്ട, ഗ്രാമ്പു, ഏലക്കായ, കുരുമുളകും ചേർത്ത് വഴറ്റുക. കഴുകി വാരിവച്ചിരിക്കുന്ന അരി ചേർത്ത് 2 മിനിറ്റ് നന്നായി ഇളക്കി ഇതിലെ വെള്ളം പറ്റിച്ചെടുക്കുക (മീഡിയം തീയിൽ). ഇതിലേക്ക് തിളച്ചവെള്ളം (3 ഗ്ലാസ് അരിക്ക് 6 ഗ്ലാസ് വെള്ളം എന്ന കണക്കിൽ) ചേർക്കാം. ആവശ്യത്തിന് ഉപ്പും പകുതിനാരങ്ങയുടെ നീരും കുറച്ച് മല്ലിയിലയും വറുത്തുവെച്ചിരിക്കുന്ന കുറച്ച് സവാളയും ചേർക്കാം. വിസിൽ ഇല്ലാതെ പ്രഷർ കുക്കർ അടച്ച് 5 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കാം.
∙ കുക്കർ തുറക്കുമ്പോൾ കുറച്ചു വെള്ളം മാത്രമെങ്കിൽ മീഡിയം തീയിൽ 4 മിനിറ്റ് വേവിക്കുക.
∙ തീ ഓഫ് ചെയ്ത ശേഷം 15 മിനിറ്റ് വിസിൽ ഇട്ട് മാറ്റിവയ്ക്കാം.
ദം ചെയ്യാം
ദം ചെയ്യാനുള്ള പാത്രത്തിൽ നെയ്യ് പുരട്ടി അതിലേക്ക് ബീഫ് മസാല നിരത്തി അതിനു മുകളിൽ റൈസ് നിരത്താം. ഇതിന് മുകളിലേക്ക് സവാള ഫ്രൈ, കശുവണ്ടി വറുത്തത്,മല്ലിയിലയും ചേർക്കാം. ഇതു പോലെ എത്ര ലെയർ വേണമെങ്കിലും ചെയ്യാം. ഈ പാത്രം ആവിയൊട്ടും പുറത്തു പോകാതെ നന്നായി അലുമിനിയം ഫോയിൽ ഉപയോഗിച്ച് അടച്ച് അതിനുമുകളിൽ അടപ്പു വച്ച് അടയ്ക്കാം.
പഴയൊരു പാത്രം ചൂടാക്കി അതിനു മുകളിൽ ഈ പാത്രം വച്ചാണ് ദം ചെയ്തെടുക്കുന്നത്. ഈ പാത്രത്തിനുമുകളിൽ തിളച്ച വെള്ളം നിറച്ച് ഒരു പാത്രം വച്ചിരുന്നാൽ മുകളിൽ നിന്നുള്ള ചൂടും ഇതിലേക്ക് കിട്ടും. 3 മിനിറ്റ് ചെറുതീയിൽ വയ്ക്കണം. 2 മിനിറ്റ് മീഡിയം തീയിൽ വയ്ക്കാം. അടി കട്ടി ഇല്ലാത്ത ബിരിയാണി പാത്രത്തിന് മീഡിയം തീ മതി കട്ടിയുള്ള പാത്രമാണെങ്കിൽ ഹൈ ഫ്ലെയിമിൽ വയ്ക്കാം. തീ ഓഫ് ചെയ്ത് ഒരു മിനിറ്റ് വയ്ക്കണം. രുചികരമായ ബീഫ് ബിരിയാണി റെഡി.