ആരെയും കൊതിപ്പിക്കുന്ന രുചിയിൽ മട്ടൺ ഹലിം
Mail This Article
സ്പെഷൽ രുചിയിൽ ഹെൽത്തിയായ മട്ടൺ ഹലിം തയാറാക്കിയാലോ? മധ്യേഷ്യയിൽ ഏറെ പ്രചാരത്തിലുള്ള വിഭവമാണ് മാംസവും ധാന്യങ്ങളും ചേർത്തുള്ള ഹലിം വിഭവങ്ങൾ.
ചേരുവകൾ
- ഗോതമ്പ് നുറുക്ക് - അരക്കപ്പ്
- കടലപ്പരിപ്പ് - കാൽകപ്പ്
- ഉഴുന്നുപരിപ്പ് -2 ടേബിൾസ്പൂൺ
- മസൂർദാൽ - 2 ടേബിൾസ്പൂൺ
- മട്ടൺ - അരകിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - കാൽടീസ്പൂൺ
- മല്ലിപ്പൊടി -1 ടീസ്പൂൺ
- ഗരം മസാല - അരടീസ്പൂൺ
- ചെറിയജീരകം പൊടിച്ചത് - 1 ടീസ്പൂൺ
- ഫ്രൈഡ് ഒനിയൻ - 1 കപ്പ്
- അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- നാരങ്ങാനീര് - 1 ടേബിൾസ്പൂൺ
- മല്ലിയില
- പുതിനയില
- നെയ്യ് - 1 ടീസ്പൂൺ
- ഓയിൽ -3 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- വെള്ളം- 3 - 4 കപ്പ്
തയാറാക്കുന്ന വിധം
ഗോതമ്പ് നുറുക്ക്, കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, മസൂർപരിപ്പ് എന്നിവ 3 - 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക. കുതിർന്നുകഴിഞ്ഞാൽ പ്രഷർ കുക്കറിൽ ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചെടുക്കുക, തണുത്തുകഴിഞ്ഞാൽ കുറച്ചു വെള്ളമൊഴിച്ചു മിക്സിയിൽ അരച്ചെടുത്തു മാറ്റിവയ്ക്കുക.
കുക്കറിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല ,ജീരകം പൊടിച്ചത്, ഉപ്പ് എന്നിവ ചേർത്തു വഴറ്റിയെടുക്കുക, ഇതിലേക്കു മട്ടൺ ചേർത്തു കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക. വെന്തു കഴിഞ്ഞാൽ മട്ടൺ കഷണങ്ങളിലെ എല്ലുമാറ്റി മിക്സിയിൽ ഒന്ന് ചെറുതായി ക്രഷ് ചെയ്‌തെടുക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്കു അരച്ചുവച്ച ഗോതമ്പ് പരിപ്പ് കൂട്ട്, മട്ടൺ ക്രഷ് ചെയ്തത്, മട്ടൺ ബ്രോത് ( മട്ടൺ വേവിച്ചെടുത്ത വെള്ളം) എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, തിളച്ചുവരുമ്പോൾ ഇതിലേക്ക് സവാള വറുത്തത് , നാരങ്ങാനീര് , അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, നെയ്യ് , ഉപ്പ് എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക.
നന്നായി തിളച്ചുവരുമ്പോൾ തീ ഓഫ് ചെയ്തു വറുത്ത സവാള, അണ്ടിപ്പരിപ്പ്,പച്ചമുളക് എന്നിവ മുകളിൽ വിതറി സെർവ് ചെയ്യാവുന്നതാണ്. ടേസ്റ്റി മട്ടൺ ഹലീം റെഡി.