ഔഷധ ഗുണമുള്ള കർക്കടകക്കഞ്ഞി തയാറാക്കാം
Mail This Article
വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ഊർജം ആവാഹിക്കാനുള്ള അവസരമാണ് കർക്കടകചര്യകൾ...പുലർച്ചെയുള്ള എണ്ണതേച്ചു കുളി, കർക്കടകക്കഞ്ഞി എല്ലാം രോഗപ്രതിരോധ ശക്തി കൂട്ടും. കർക്കിടകമാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കർക്കിടക കഞ്ഞി. വളരെ എളുപ്പത്തിലും ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രീതിയിൽ വീട്ടിൽ കർക്കടക്കഞ്ഞി തയാറാക്കാം. കൂടെ കഴിക്കാൻ പറ്റിയ കൂട്ടുകറിയുടെ രുചിക്കൂട്ടും പരിചയപ്പെടാം.
ചേരുവകൾ
- ഞവരഅരി/ഉണക്കലരി - 1/2 കപ്പ്
- കടുക് - 1 ടീസ്പൂൺ
- എള്ള് - 1 ടീസ്പൂൺ
- ഉലുവ - 1 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടേബിൾസ്പൂൺ
- തേങ്ങാപ്പാൽ -1/2 മുറി തേങ്ങയുടെ
- മാവ് ഇല - 4 എണ്ണം
- പ്ലാവ് ഇല -4 എണ്ണം
- ഉപ്പ് - ആവശ്യമെങ്കിൽ മാത്രം
തയാറാക്കുന്ന വിധം
- അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
- കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകിയ ശേഷം 30 മിനിറ്റ് വെള്ളത്തിൽ ഇട്ടുവയ്ക്കുക. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്സിയിൽ അരച്ച് പേസ്റ്റാക്കി എടുക്കാം. ഒരു മൺകലത്തിൽ കഴുകി വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ച പേസ്റ്റും ഇട്ടുകൊടുക്കാം. മഞ്ഞൾപ്പൊടിയും ചേർക്കുക. എടുത്തു വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകൾ മുറിച്ച ഇട്ടുകൊടുക്കാം.
- ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാൽ ഒഴിച്ച് ചെറുതീയിൽ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കാം. നമ്മുടെ കർക്കിടകക്കഞ്ഞി തയാറായിക്കഴിഞ്ഞു ഉപ്പു നിർബന്ധമുണ്ടെങ്കിൽ മാത്രം.
- എല്ലാത്തരം ഔഷധഗുണങ്ങളുമുള്ള ഒരു കർക്കിടക കഞ്ഞിയാണ്. നമ്മുടെ പറമ്പുകളിൽ നിന്നും കിട്ടുന്ന ഔഷധ ഗുണമുള്ള എല്ലാ ഇല വർഗങ്ങളും കർക്കിടക മാസം കഴിയുന്നത് വരെ ഓരോരോ ദിവസങ്ങളിലായി ഇടാവുന്നതാണ്.
കൂട്ടുകറി
- ചേന - 300 ഗ്രാം
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- തേങ്ങാപ്പീര -1/2 മുറി
- പച്ചമുളക് -2 എണ്ണം
- വെളുത്തുള്ളി -2 അല്ലി
- ജീരകം -1ടീസ്പൂൺ
- വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
- കറിവേപ്പില -2 തണ്ട്
- ഉപ്പ് – കുറച്ചു മാത്രം
തയാറാക്കുന്ന വിധം
ചേനയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് കുക്കറിൽ മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. വെന്തതിനുശേഷം നന്നായി ഉടച്ചെടുക്കുക. മിക്സിയുടെ ജാറലേക്ക് തേങ്ങാപ്പീര, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ അല്പം വെള്ളവും ഒഴിച്ച് അരച്ചെടുക്കുക. ചേന ഉടച്ചതിലേക്കു അരപ്പ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. അല്പം ഉപ്പും ചേർത്ത് ചെറുതീയിൽ നന്നായി വെള്ളം വറ്റിച്ചെടുക്കുക. തീ ഓഫ് ചെയ്തതിനു ശേഷം വെളിച്ചെണ്ണയും രണ്ടു തണ്ട് കറിവേപ്പിലയും ചേർക്കാം. സ്വാദിഷ്ടമായ കൂട്ടുകറി തയാറായിക്കഴിഞ്ഞു.