മുളപ്പിച്ച പയർ, മസാല രുചിയിൽ കഴിച്ചു നോക്കൂ
Mail This Article
പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് മുളപ്പിച്ച പയർ, പച്ചയ്ക്ക് കഴിക്കാൻ പലർക്കും ഇഷ്ടപ്പെടില്ല. അങ്ങനെയെങ്കിൽ അൽപം മസാല ചേർത്ത് രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മുളപ്പിച്ച പയർ - 100 ഗ്രാം
- സവാള - 1 വലുത്
- തക്കാളി -1 ഇടത്തരം
- വെളുത്തുള്ളി - 2 അല്ലി
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- കടുക് - 1/4 ടേബിൾ സ്പൂൺ
- മുളകുപൊടി - 3/4 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടേബിൾ സ്പൂൺ
- ഗരംമസാലപൊടി - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പയർ നന്നായി കഴുകി, 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് ഇടുക. അതിനുശേഷം വൃത്തിയുള്ള ഒരു തുണിയിൽ കെട്ടി ഒരു ദിവസം വയ്ക്കുക. പയർ മുളച്ചത് ഇങ്ങനെ തയാറാക്കാം.
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായിക്കഴിയുമ്പോൾ കടുക് പൊട്ടിക്കുക. വെളുത്തുള്ളി ചതച്ചതും സവാളയും വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മുക്കാൽ ടേബിൾസ്പൂൺ ഗരംമസാലപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തക്കാളിയും ചേർത്ത് വേവിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. വെള്ളം തിളച്ചതിനു ശേഷം മുളപ്പിച്ച പയറും ചേർത്ത് അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം. വെള്ളം വറ്റിയ ശേഷം കാൽ ടേബിൾസ്പൂൺ ഗരംമസാലപ്പൊടിയും ചേർത്ത് തീ ഓഫ് ചെയ്യുക. സ്വാദിഷ്ടമായ മുളപ്പിച്ച പയർ മസാല റെഡി ആയികഴിഞ്ഞു.