അരി ഇല്ലാതെയും ചിക്കൻ ബിരിയാണിയോ! തയാറാക്കുന്നത് ഇങ്ങനെ
Mail This Article
നല്ല അസ്സൽ ചിക്കൻ ബിരിയാണി ഒരു മണിഅരിപോലും ചേർക്കാതെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചിക്കൻ വേവിക്കനുള്ള ചേരുവകൾ
- ചിക്കൻ - 750 ഗ്രാം
- എണ്ണ - 2 ടേബിൾ സ്പൂൺ
- സവാള - 2 നീളത്തിൽ അരിഞ്ഞത്
- ഇഞ്ചി - 2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി - 6 അല്ലി
- പച്ചമുളക് – 6 എണ്ണം
- മല്ലിയില, പുതിനയില - ഒരു ചെറിയ പിടി
- മല്ലിപ്പൊടി- 2 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ചിക്കൻ മസാലപ്പൊടി - 1 ടീസ്പൂൺ
- തക്കാളി - പകുതി
- തൈര് - 1/4 കപ്പ്
- വെള്ളം - 1 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം എണ്ണയിൽ സവാള വഴറ്റി, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, പുതിനയില ഇവയെല്ലാം അരച്ച് ചേർക്കുക. മസാല പൊടികൾ ഓരോന്നായി ചേർത്ത് തക്കാളിയും തൈരും ചേർത്തതിനു ശേഷം ചിക്കൻ ഇട്ടു നന്നായി ഇളക്കുക. 1 കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് ചെറുതീയിൽ വേവിക്കുക. കുറച്ച് ഗ്രേവിയോടെ മാറ്റി വയ്ക്കുക.
അരിക്ക് പകരം റവയാണ് ഇവിടെ ഉപയോഗിക്കുന്നത്
- റവ - 2കപ്പ് വറുത്തത്
- എണ്ണ / നെയ് - 1 ടേബിൾ സ്പൂൺ
- ഉണക്ക മുന്തിരി- 1 ടീസ്പൂൺ
- കറുവപട്ട - 1
- ഗ്രാമ്പൂ- 8
- ഏലയ്ക്ക - 4
- ജാതിക്കാ തൊലി - 1 ചെറിയ കഷ്ണം
- അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
- സവാള - 1 ചെറുത്
- വെള്ളം - 3 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില, പുതിനയില - 2 ടേബിൾസ്പൂൺ വീതം
എണ്ണഅല്ലെങ്കിൽ നെയ്യ് ചൂടാക്കി ഉണക്ക മുന്തിരി വറുത്ത് കോരുക. അതിന് ശേഷം തന്നിരിക്കുന്ന സാധനങ്ങൾ യഥാക്രമം വഴറ്റി, വെള്ളം ഒഴിച്ച് തിളപ്പിക്കുക. അതിൽ മല്ലിയിലയും പുതിനയിലയും റവയും ചേർത്ത് തീ ഓഫ് ചെയ്ത് അടച്ചു വയ്ക്കുക.
5 മിനിറ്റിനു ശേഷം തയാറാക്കിവച്ച റവയിലേക്ക് 1 ടീസ്പൂൺ നെയ്യും ഉണക്കമുന്തിരി വറുത്തതും ചേർക്കുക. ഇത് ചിക്കൻ കറിയുടെ മുകളിൽ നിരത്തി അടച്ച് 10 മിനിറ്റ് ചെറിയ തീയിൽ ദം ഇടുക.
തീ ഓഫ് ചെയത് 10-15 മിനിറ്റ് ശേഷം തുറന്നു വിളമ്പുക. രുചികരമായ ബിരിയാണി റെഡി.
English Summary: Delicious Chicken Biriyani without Rice