മുട്ടയും പാലും വേണ്ട, ഉഗ്രൻ സ്റ്റഫ്ഡ് ബൺ വീട്ടിൽ ഒരുക്കാം ഇഫ്താറിന്
Mail This Article
രുചികരമായ സ്റ്റഫ്ഡ് ബൺ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. മുട്ടയും പാലും ചേർക്കാതെയാണ് ഈ സ്റ്റഫ്ഡ് ബൺ തയാറാക്കുന്നത്.
ചേരുവകൾ:
- ഉരുളക്കിഴങ്ങ് - ഒന്നര കഷ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- വലിയ ഉള്ളി - ഒരെണ്ണം
- ചെറുനാരങ്ങ - ഒരെണ്ണം
- മല്ലിയില - ആവശ്യത്തിന്
- പച്ചമുളക് - 2 എണ്ണം
- കടുക് - 1 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി - അര ടീസ്പൂൺ
- ചതച്ച വറ്റൽ മുളക് - കാൽ ടീസ്പൂൺ
- കായം - ഒരു നുള്ള്
- ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
- ഓയിൽ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പാൻ നന്നായി ചൂടായാൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർക്കാം. ശേഷം പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി ഉള്ളി ചേർത്ത് കൊടുക്കുക. നന്നായൊന്നു വഴറ്റിയ ശേഷം മഞ്ഞൾപൊടിയും കായപ്പൊടിയും ഇട്ടു കൊടുക്കുക. ശേഷം ഉരുളക്കിഴങ്ങു പുഴുങ്ങിയെടുത്തു നന്നായി ഉടച്ചെടുത്തു അതിലേക്ക് ഇട്ടു കൊടുക്കാം. നന്നായി കൂട്ടി യോജിപ്പിച്ച ശേഷം ചെറുനാരങ്ങാ കുരു ഇല്ലാതെ അതിലേക്ക് പിഴിഞ്ഞ് മല്ലിയിലയും ഇട്ടു കൊടുക്കാം.
(ബൺ ഉണ്ടാക്കാൻ)
- മൈദ - ഒന്നര കപ്പ്
- ബട്ടർ - ഒന്നേകാൽ ടേബിൾസ്പൂൺ
- യീസ്റ്റ് - 1 ടീസ്പൂൺ
- പഞ്ചസാര - 1 ടീസ്പൂൺ
- ഇളം ചൂടുവെള്ളം - 3/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു വലിയ ബൗളിൽ യീസ്റ്റും പഞ്ചസാരയും ഇട്ടു കൊടുക്കുക. അതിലേക്ക് ഇളം ചൂടുവെള്ളം ചേർത്ത് യോജിപ്പിച്ചു 5 മിനിറ്റ് വെക്കുക. ശേഷം അരിച്ച് എടുത്ത മൈദ അതിലേക്ക് ഇട്ടു കൊടുക്കുക. ബട്ടർ ചേർക്കുക. എല്ലാം കൂടെ നന്നായി യോജിപ്പിച്ചു പൊന്താൻ വേണ്ടി 4 മണിക്കൂർ അടച്ചു വെക്കാം. പൊങ്ങി വന്നതിനു ശേഷം നന്നായൊന്നു കുഴച്ചു കൊടുത്ത ശേഷം 5 ഭാഗമായി കട്ട് ചെയ്തു കൊടുക്കാം. ശേഷം ഓരോ ഭാഗം എടുത്തു കൈ കൊണ്ടു പരത്തി ഉള്ളിൽ നേരത്തെ തയാറാക്കി വെച്ച സ്റ്റഫിങ് ഇട്ടു കൊടുത്തു അടച്ചു കൊടുക്കാം. ശേഷം ബേക്കിങ് ട്രേയിൽ വയ്ക്കുക. മുകളിൽ അല്പം ബട്ടർ ബ്രഷ് ചെയ്യുക. എന്നിട്ടു 3/4 മണിക്കൂർ വെറുതെ വെച്ച ശേഷം അവ്നിൽ 180 ഡിഗ്രി ചൂടിൽ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. നമ്മുടെ സോഫ്റ്റ് സ്റ്റഫ്ഡ് ബൺ റെഡി.
English Summary: Homemade Bun Recipe