നാരങ്ങാ അച്ചാർ വർഷങ്ങളോളം കേടാകാതെ ഇരിക്കാൻ വഴിയുണ്ട്
Mail This Article
പഴയകാലത്ത് അമ്മമാർ ഫ്രിഡ്ജ് ഇല്ലാതെ വർഷങ്ങളോളം അച്ചാർ സൂക്ഷിച്ചിരുന്നു ആ ഒരു രീതിയാണ് ഈ അച്ചാർ തയാറാക്കുന്നത്.
നാരങ്ങ അച്ചാർ വർഷങ്ങളോളം കേടാകാതെ ഇരിക്കാൻ ഇതേപോലെ അച്ചാർ തയാറാക്കിയാൽ മതി.
ചേരുവകൾ
- നാരങ്ങ - ഒന്നര കിലോ
- വെളുത്തുള്ളി - നാലെണ്ണം
- കടുക് - ഒന്നര ടേബിൾസ്പൂൺ
- കറിവേപ്പില - 10 തണ്ട്
- പച്ചമുളക് - 10 എണ്ണം
- മഞ്ഞപ്പൊടി - അര ടീസ്പൂൺ
- മുളകുപ്പൊടി - നാലു ടേബിൾസ്പൂൺ
- ഉലുവാപ്പൊടി - കാൽ ടീസ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- വിനാഗിരി - 5 ടേബിൾസ്പൂൺ
- പഞ്ചസാര - കാൽ ടീസ്പൂൺ
- നല്ലെണ്ണ - 160 മില്ലിലിറ്റർ
- ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
നാരങ്ങ നല്ലതുപോലെ കഴുകി വൃത്തിയാക്കി ഓരോന്നായി തുടച്ചെടുക്കുക. അടി കട്ടിയുള്ള പാത്രം ചൂടാക്കി 4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ തുടച്ച് വെച്ച നാരങ്ങ ഇട്ടു കൊടുക്കുക. നാരങ്ങ നല്ലതുപോലെ വഴറ്റി സോഫ്റ്റാക്കി എടുക്കണം. നാരങ്ങ പൊട്ടി സോഫ്റ്റായി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഏകദേശം 20 മിനിറ്റ് എടുക്കും. സോഫ്റ്റായ നാരങ്ങ ഒരു പാത്രത്തിലേക്ക് മാറ്റി തണുത്തശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. തുടച്ച നാരങ്ങ ഓരോന്നായി ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം നാലായിട്ട് മുറിച്ചെടുക്കുന്നത് കാണാനാണ് കൂടുതൽ ഭംഗി. മുറിച്ച നാരങ്ങയിലേക്ക് പാകത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് സ്റ്റീൽ പാത്രത്തിലോ കുപ്പിഭരണിയിലോ രണ്ടോ മൂന്നോ ദിവസം അടച്ച് മാറ്റി വയ്ക്കുക.
അച്ചാർ ഇടുന്ന ദിവസം. വിനാഗിരി നന്നായി തിളപ്പിച്ച് തണുക്കാൻ വയ്ക്കുക. അടി കട്ടിയുള്ള പാത്രം ചൂടാക്കി ഇതിലേക്ക് ബാക്കിയുള്ള എണ്ണ ചേർത്ത് ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് വെളുത്തുള്ളി ചേർത്ത് വഴറ്റുക.
നിറം മാറി വരുമ്പോൾ പച്ചമുളക് നാലായി കീറി ചേർക്കുക. കൂടെ കറിവേപ്പിലയും ചേർത്ത് കൊടുക്കുക. തീ ഓഫ് ചെയ്ത ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഉലുവാപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. അരിഞ്ഞുവെച്ച നാരങ്ങയും അരപ്പും ചേർത്ത് ഇളക്കിയോജിപ്പിക്കുക. തീ ഓൺ ചെയ്‌ത് അഞ്ച് മിനിറ്റ് അരപ്പും ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. പാകത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് കൊടുത്ത് യോജിപ്പിക്കുക. നാരങ്ങയുടെ അകത്തും പുറത്തും അരപ്പ് നന്നായി പിടിച്ച ശേഷം തീ ഓഫ് ചെയ്യുക. വിനാഗിരിയും പഞ്ചസാരയും ചേർത്ത് കൊടുത്ത് ഒന്നുകൂടി ഇളക്കി യോജിപ്പിക്കുക. നല്ലതുപോലെ തണുത്തശേഷം കുപ്പിയിലാക്കുക.
ശ്രദ്ധിക്കാൻ
- ∙നാരങ്ങ എണ്ണയിൽ വഴറ്റിയെടുക്കുമ്പോൾ പൊട്ടാനും ചീറ്റാനും സാധ്യതയുണ്ട് പേടിക്കേണ്ട ആവശ്യമില്ല
- ∙ അച്ചാർ നനഞ്ഞ സ്പൂൺ കൊണ്ട് എടുക്കരുത്. രണ്ടോമൂന്നോ കുപ്പികളിലാക്കി സൂക്ഷിക്കുക.
English Summary: How to Make Tasty Lemon Pickle , Traditional Method