അയല പൊരിച്ചത്, ഗോവൻ സ്റ്റൈലിൽ
Mail This Article
ഗോവ.. ആഘോഷങ്ങളുടെയും രുചിയേറിയ ഭക്ഷണത്തിന്റെയും നാട്. കടൽ വിഭവങ്ങൾ ഏറെ ലഭിക്കുന്ന ഗോവയിൽ അവ പാചകം ചെയ്യുന്നതും ഒരു പ്രത്യേക ശൈലിയിലാണ്. അതു കൊണ്ടു തന്നെ അവയയുടെ രുചിയും വൈവിധ്യമേറിയതാകും. പരമ്പരാഗത ശൈലിയിൽ തയാറാക്കുന്ന ഗോവൻ ഭക്ഷണം കൂടി രുചിക്കുക എന്ന ലക്ഷ്യത്തോടെയാണു സഞ്ചാരികളേറെയും ഗോവയിലേക്കു വണ്ടി കയറുന്നത്. 451 വർഷത്തോളം നീണ്ട പോർച്ചുഗീസ് കോളനിവൽക്കരണമാണു ഗോവയുടെ രുചിയെ വൈവിധ്യമേറിയതാക്കിയത്. വെജിറ്റേറിയനും നോൺവെജിറ്റേറിയനുമൊക്കെയായി രുചിഭേദങ്ങൾ ഏറെയുണ്ടെങ്കിലും മൽസ്യ വിഭവമില്ലാതെ ഗോവൻ ഭക്ഷണം പൂർണമാകില്ല. അത്തരത്തിലൊരു രുചിയാണ് ഇന്നു തയാറാക്കുന്നത്. അധികം സമയമോ ചേരുവകളോ വേണ്ടാത്ത ഇൗ ഗോവൻ സ്റ്റൈൽ അയല പൊരിച്ചത് എല്ലാവർക്കും ഇഷ്ടപ്പെടുമെന്നത് ഉറപ്പ്.
ചേരുവകൾ
- അയല -3
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- ഉലുവ - 1 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- ഇഞ്ചി - ചെറിയ പീസ്
- വെളുത്തുള്ളി - 10 അല്ലി
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- പഞ്ചസാര - 1 ടീസ്പൂൺ
- കറുവപ്പട്ട - ചെറിയ പീസ്
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
- വിനാഗിരി -ആവശ്യത്തിന്
പാകം ചെയുന്ന വിധം
ആദ്യം മീനിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക. അതിന് ശേഷം ബാക്കി ഉള്ള ചേരുവകൾ വിനാഗിരി ചേർത്ത് അരച്ച് എടുത്ത് മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക. അതിന് ശേഷം എണ്ണയിൽ വറക്കുക.