റസ്റ്ററന്റ് രുചിയിൽ ഹണി ചില്ലി കോളിഫ്ലവർ
Mail This Article
ഹണി ചില്ലി കോളിഫ്ലവർ ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം. കിടിലൻ വെജ് സ്റ്റാർട്ടറാണ്.
ചേരുവകൾ :
1. കോളിഫ്ലവർ - 1/2 എണ്ണം (ഒരു മീഡിയം വലുപ്പത്തിൽ ഉള്ളതിന്റെ )
2. മൈദ - 1/4 കപ്പ്
3. കോൺഫ്ലോർ - 2 ടേബിൾ സ്പൂൺ
4. കാശ്മീരി മുളക് പൊടി - 2 ടേബിൾ സ്പൂൺ
5. സവാള - 1 എണ്ണം
6. വെളുത്തുള്ളി - 5 അല്ലി
7. സ്പ്രിങ് ഒനിയൻ
8. കുരുമുളക് പൊടി - 1/2 ടേബിൾ സ്പൂൺ
9. സോയാസോസ് - 1 ടേബിൾ സ്പൂൺ
10. ടൊമാറ്റോ സോസ് - 1/2 ടേബിൾ സ്പൂൺ
11. തേൻ - 2 ടേബിൾ സ്പൂൺ
12. ഉപ്പ് - ആവശ്യത്തിന്
13. എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കി ഒരു 10 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട് വയ്ക്കുക. ഒരു പാത്രത്തിൽ മൈദ, ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലോർ, ഒന്നര ടേബിൾ സ്പൂൺ മുളകുപൊടി, കുറച്ച് ഉപ്പ് എന്നിവ അൽപം വെള്ളം ഒഴിച്ച് കലക്കി എടുക്കുക. അതിലേക്ക് ചൂട് വെള്ളത്തിൽ ഇട്ട കോളിഫ്ലവർ വെള്ളം നന്നായി കളഞ്ഞ് നന്നായി യോജിപ്പിച്ച് എടുക്കാം. എണ്ണ ചൂടായി കഴിഞ്ഞാൽ ഇത് വറത്ത് കോരി മാറ്റി വയ്ക്കാം.
അതിന് ശേഷം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത്, സ്പ്രിങ് ഒനിയൻ, ഉപ്പ് എന്നിവ ഇട്ട് ഒരു മിനിറ്റ് വഴറ്റുക. അതിലേക്ക് 1/2 ടേബിൾ സ്പൂൺ മുളകുപൊടി, കുരുമുളകുപൊടി എന്നിവ ഇട്ട് യോജിപ്പിക്കുക. അതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ്, തേൻ എന്നിവ ഇട്ട് നന്നായി യോജിപ്പിക്കാം. അതിലേക്ക് അര ടേബിൾ സ്പൂൺ കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കി ഒഴിക്കാം. അത് നന്നായി യോജിപ്പിച്ച് അതിലേക്ക് വറുത്ത കോളിഫ്ലവർ ചേർക്കാം. തീ അണച്ച് സ്പ്രിങ് ഒനിയൻ ഇട്ടു കൊടുക്കാം.