വായിലിട്ടാൽ പൊടിഞ്ഞു പോകുന്ന രുചിയിൽ മൈസൂർ പാക്ക്
Mail This Article
മൈസൂർപാക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയാറാക്കിയാലോ?. നല്ല ക്രഞ്ചി ആയിട്ടുള്ള വായിലിട്ടാൽ പൊടിഞ്ഞു പോകുന്ന മൈസൂർപാക്കിന്റെ രുചിക്കൂട്ട്. കുറേ ദിവസം നിങ്ങൾക്ക് കേടുകൂടാതെ സൂക്ഷിക്കാനും പറ്റും. വീട്ടിൽ ഫ്രഷ് ആയിട്ട് ഈ മൈസൂർപാക്ക് ഉണ്ടാക്കി കഴിച്ചു നോക്കൂ.
ചേരുവകൾ
- കടലപ്പൊടി – 3/4 കപ്പ്
- പഞ്ചസാര – 1 കപ്പ്
- വെള്ളം – 1/2 കപ്പ്
- നെയ്യ് – 1/2 കപ്പ്
- സൺഫ്ലവർ ഓയിൽ – 1/2 കപ്പ്
തയാറാക്കുന്ന വിധം
1. കടലപ്പൊടി അരിപ്പയിലൂടെ അരിച്ച് വയ്ക്കുക.
2. ഓയിലും നെയ്യും ഒരു പാത്രത്തിൽ ചൂടാക്കി ചെറിയ തീയിൽ വയ്ക്കുക.
3. ഗ്ലാസ്സിന്റെയോ അലുമിനിയത്തിന്റെയോ പാത്രം നെയ്യ് തടവി വയ്ക്കുക.
4. ചുവട് കട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും അലിയിച്ച് ഒരു നൂൽ പരുവത്തിലാക്കുക.
5. ഇതിലേക്ക് കടലമാവ് കുറേശ്ശേ ചേർത്ത് കട്ട ഇല്ലാതെ ഇളക്കുക. 30 സെക്കന്റ് വേവിക്കുക.
6. ഓരോ കോരി ചൂടുള്ള നെയ്യിന്റെയും ഓയലിന്റെയും മിശ്രിതം കടലമാവിന്റെ കൂട്ടിലേക്ക് ചേർത്ത് ഇളക്കുക. എണ്ണ കുറവ് വരുമ്പോൾ വീണ്ടും ചൂടുള്ള നെയ്യ് ഒഴിക്കുക. കടലമാവിന്റെ മിശ്രിതത്തിൽ നിന്ന് നെയ്യും എണ്ണയും വേർപെട്ടു വരുന്നത് വരെ ഈ രീതിയിൽ എണ്ണ ചേർത്ത് ഇളക്കുക.
7.എണ്ണ വേർപെട്ടു വരുമ്പോൾ തന്നെ ഈ മിശ്രിതം തയാറാക്കി വച്ചിരിക്കുന്ന പാത്രത്തിൽ ഒഴിക്കുക. 2 മിനിറ്റിന് ശേഷം കത്തി കൊണ്ട് വര ഇടുക.
8. 15 മിനിറ്റിന് ശേഷം പാത്രത്തിൽ നിന്ന് മറിച്ചിട്ട് വേർപെടുത്തി എടുത്ത് ചൂട് കുറഞ്ഞ ശേഷം വിളമ്പുക.