ADVERTISEMENT

മലയാളിക്ക് എന്നും ഗൃഹാതുരത്വം നൽകുന്ന ഒരു വിഭവമാണ് പൊതിച്ചോറ്. വളരെ രുചികരമായ ഒരു പൊതിച്ചോറ് എങ്ങനെ തയാറാക്കാം എന്ന് നോക്കാം. 

പൊതിച്ചോറ് ഉള്ള വിഭവങ്ങൾ:

മട്ട ചോറ്, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, ചീര തോരൻ, നെത്തോലി വറുത്തത്, മാങ്ങ അച്ചാർ, മുട്ട ഓംലെറ്റ്, തേങ്ങ ചമ്മന്തി, വെള്ളരിക്ക മാങ്ങാ കറി, സംഭാരം.

വെണ്ടയ്ക്ക മെഴുക്കുപുരട്ടി: ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും കറിവേപ്പിലയും വലിയ ഉള്ളി നീളത്തിൽ അരിഞ്ഞതും വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്ത് ഇളക്കി, അതിനുശേഷം വെണ്ടയ്ക്ക അരിഞ്ഞതും ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിക്കുക.

ചീരത്തോരൻ: ഒരു പാത്രത്തിൽ ഇതിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ഉഴുന്ന് വലിയ മുളക് കറിവേപ്പില  എന്നിവ പൊട്ടുമ്പോൾ, ചെറിയ ഉള്ളി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും ചീരയും ഉപ്പും ഉപ്പും ചേർത്ത് ഇളക്കി അടച്ചുവെച്ച് വേവിച്ചതിനുശേഷം, ചിരവിയ തേങ്ങയും ഇട്ട് നന്നായി ഇളക്കുക. തോരൻ റെഡി.

നെത്തോലി വറുത്തത്: കഴുകി വൃത്തിയാക്കിയ നെത്തോലിയിൽ മഞ്ഞളും മുളകും ഉപ്പും സ്വല്പം അരിപ്പൊടിയും ചേർത്ത് അരമണിക്കൂർ മാറ്റിവെച്ച് വെളിച്ചെണ്ണയിൽ രണ്ടുവശവും മൊരിയുന്നതുവരെ വറുത്തെടുക്കുക.

മാങ്ങ അച്ചാർ: അരക്കപ്പ് ചെറുതായി കൊത്തിയരിഞ്ഞ മാങ്ങാ കഷണങ്ങളിൽ ഒരു നുള്ള് കടുക്, ഒരു നുള്ള് ഉലുവ എന്നിവ പൊടിച്ചതും, ഒരു നുള്ള്  കായപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂറിനുശേഷം ഉപയോഗിക്കാം.

മുട്ട ഓംലെറ്റ്: ഒരു പാത്രത്തിൽ അൽപം  ഉള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും രണ്ടു മുട്ടയും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ വെള്ളവും ചേർത്ത് നന്നായി അടിച്ചു,  വെളിച്ചെണ്ണ ഒഴിച്ച പാനിൽ രണ്ട് സൈഡും വേവിച്ച് എടുക്കുക.

തേങ്ങ ചമ്മന്തി: അരക്കപ്പ് തേങ്ങയിൽ അല്പം പുളിയും ഉപ്പ് കറിവേപ്പില, ഒരു മുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക

വെള്ളരിക്ക മാങ്ങാ കറി: വെള്ളരിക്കയിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് മുക്കാൽ വേവ് എത്തുമ്പോൾ പച്ചമാങ്ങ അരിഞ്ഞതും പച്ചമുളകും ചേർത്ത് വേവിക്കുക തേങ്ങയും ജീരകവും മഞ്ഞൾപടിയും ചേർത്ത് അരച്ച് കറിയിലേക്ക് ചേർക്കുക. വറുത്തിടാൻ ആയി അല്പം വെളിച്ചെണ്ണയിൽ കടുക് മുളക് കറിവേപ്പില ചെറിയ ഉള്ളി എന്നിവ മൂപ്പിച്ച് കറിയിൽ ഒഴിക്കുക.

സംഭാരം: സംഭാരം ഉണ്ടാക്കുന്നതിനായി അല്പം തൈരിൽ കുറച്ചു വെള്ളമൊഴിച്ച് കട്ടയില്ലാതെ നന്നായി അടിക്കുക. ഇതിലേക്കു ചതച്ചു വെച്ച ഇഞ്ചി പച്ചമുളക് എന്നിവയും, കറിവേപ്പില മല്ലിയില ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

ഒരു വാഴയില തീയിൽ വാട്ടി, കുത്തരിച്ചോറ് വിളമ്പുക.  അതിനുമുകളിലായി എല്ലാ ഡ്രൈ ഐറ്റംസ് വിളമ്പുക. ഇല ഒരു നൂലുകൊണ്ട് അല്ലെങ്കിൽ വാഴയുടെ തന്നെ നാര് കൊണ്ടു കെട്ടിവയ്ക്കുക. കറികൾ രണ്ടും ഒരു കുപ്പിയിലോ വാഴയില കൊണ്ട് ഉണ്ടാകുന്ന ചെറിയ കവറിലോ ഒഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com