കുട്ടികളെ പാട്ടിലാക്കാൻ മിനി സോസേജ് ബൺസ്
Mail This Article
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ എന്തെങ്കിലും പ്രത്യേക രൂപത്തിലോ അതുപോലെ അവരെ ആകർഷിക്കുന്ന രീതിയിൽ ഏതെങ്കിലും നിറത്തിലോ ഒക്കെ ഭക്ഷണം കൊടുത്താൽ അവരതു ആസ്വദിച്ചു കഴിക്കും അത് ഏത് നേരത്തെ ആഹാരം ആയാലും. അപ്പോൾ കുട്ടികൾക്ക് നാലുമണി പലഹാരമായി കൊടുക്കാൻ ഇതാ ഒരു വ്യത്യസ്ത വിഭവം. അതാണ് മിനി സോസേജ് ബൺ. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ആസ്വദിച്ചു കഴിക്കാം.
ചേരുവകൾ
- സോസേജ് - 5
- മൈദ - 1/2 കപ്പ്
- കാശ്മീരി മുളകുപൊടി -1/2 ടീസ്പൂൺ
- മുട്ട - 1
- ഉപ്പ് - ഒരു നുള്ള്
- പഞ്ചസാര - 1 ടേബിള്‌സ്പൂൺ
- ബേക്കിങ് പൗഡർ - 1 ടീ സ്പൂൺ
- പാൽ - 1 കപ്പ്
- ടൂത്ത് പിക്ക് - ആവശ്യത്തിന്
- എണ്ണ - ആവശ്യത്തിന്
പാകം ചെയുന്ന വിധം
ആദ്യം സോസേജ് 2 ഇഞ്ച് നീളത്തിൽ മുറിച്ചു വയ്ക്കുക. അതിന് ശേഷം ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിങ് പൗഡർ, ഉപ്പ്, പഞ്ചസാര എല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുട്ട ചേർത്ത് ഇളക്കുക. അതിന് ശേഷം മുളകുപൊടി ചേർത്ത് നന്നായി ഇളക്കണം. ഇനി ഈ കൂട്ടിലേക്ക് പാൽ കുറേശ്ശേ ചേർത്ത് ബാറ്റർ തയാറാക്കണം.
മറ്റൊരു പാത്രത്തിൽ അല്പം മൈദ എടുത്ത്, മുറിച്ചു വെച്ചിരിക്കുന്ന സോസേജ് ഓരോന്നായി ടൂത് പിക്കിൽ കുത്തി ആദ്യം മൈദ പുരട്ടി തുടർന്ന് ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തെടുക്കണം.