പോഷക ഗുണങ്ങൾ നിറഞ്ഞ എള്ളുകറി, ഒരു വേറിട്ട തൊടുകറി
Mail This Article
നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന വസ്തുവാണ് എള്ള്. പലതരത്തിലുള്ള വിഭങ്ങൾ എള്ള് കൊണ്ട് തയാറാകാറുണ്ട്. പക്ഷേ എള്ള് കൊണ്ടൊരു കറി വ്യത്യസ്ത രുചി സമ്മാനിക്കുമെന്നതിൽ സംശയമില്ല. ചോറിനൊപ്പം പച്ചടി പോലെ തൊട്ട് കൂട്ടാൻ പറ്റുന്ന ഒരു കറി അതാണ് ഈ എള്ള് കറി. പുളിയും മധുരവും എരിവും കൂടി ചേർന്നൊരു വിഭവം. ഒരു കറി എന്നതിലുപരി നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ എല്ലാ പോഷക ഗുണങ്ങളും ഇതിൽ നിന്നു കിട്ടും. കുട്ടികൾ പോലും ആസ്വദിച്ചു കഴിക്കുമെന്നുറപ്പ്. ഇന്നത്തെ ഊണിന് എള്ള് കറി തന്നെയാവട്ടെ സ്പെഷൽ.
ചേരുവകൾ
- എള്ള് - 1/2 കപ്പ്
- കടുക് - 1/4 ടീസ്പൂൺ
- വെള്ളം - 1 1/4 കപ്പ്
- വാളൻ പുളി - നെല്ലിക്ക വലിപ്പത്തിൽ
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ്
- നല്ലെണ്ണ - 1 ടീസ്പൂൺ
- കറിവേപ്പില
- ഉണക്ക മുളക് - 2 എണ്ണം
- ശർക്കര - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 3 എണ്ണം
പാകം ചെയുന്ന വിധം
ആദ്യം 1 1/4 കപ്പ് വെള്ളത്തിൽ പുളി പിഴിഞ്ഞെടുക്കുക. ഇത് ഫ്രൈയിങ് പാനിൽ ഒഴിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കണം. ഈ സമയം മറ്റൊരു പാൻ വച്ച് എള്ളും കടുകും വറുത്തെടുക്കണം. തണുത്തതിന് ശേഷം പൊടിക്കണം. പുളി വെള്ളം കുറുകി വരുമ്പോൾ ശർക്കര ചേർത്ത് കൊടുക്കണം. ശർക്കരയും ചേർത്ത് കുറുകി കഴിയുമ്പോൾ തീ ഓഫ് ചെയ്തിട്ട് പൊടിച്ചു വെച്ചിരിക്കുന്ന എള്ളും കടുകും ചേർത്ത് കൊടുക്കണം. എന്നിട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. മറ്റൊരു പാൻ വെച്ചിട്ട് നല്ലെണ്ണ ഒഴിച്ച് അല്പം കടുകും പച്ചമുളകും ഉണക്ക മുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു കറിയിലേക്ക് ഒഴിച്ച് ഇളക്കുക.