മലബാർ കല്ല്യാണ ബിരിയാണി ‘കഴിച്ചിനാ...’?
Mail This Article
എല്ലോടു കൂടിയ ബീഫ് ചേർത്ത് തയാറാക്കുന്ന രസികൻ മലബാർ സ്പെഷൽ ബിരിയാണിയുടെ രുചി കഴിച്ചു തന്നെ അറിയണം.
ചേരുവകൾ:
- ബീഫ് - 1 കിലോഗ്രാം (എല്ലോടു കൂടിയത്)
- ജീരകശാല അരി - 1 കിലോ
- വെള്ളം -1 ഗ്ലാസ് അരിക്ക് 11/2 ഗ്ലാസ് വെള്ളം
- ഓയിൽ - 5 ടേബിൾ സ്പൂൺ
- ഏലക്കായ - 4 എണ്ണം
- ഗ്രാമ്പു – 4 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 3 ടേബിൾ സ്പൂൺ
- പച്ച മുളക് ചതച്ചത് - 1 ടേബിൾ സ്പൂൺ
- സവാള - 6 എണ്ണം
- തക്കാളി - 5 എണ്ണം
- കുരുമുളക് പൊടി - 11/2 ടീസ്പൂൺ
- ഗരം മസാല പൊടിച്ചത് - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- തൈര് - 3 ടേബിൾ സ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ് - 4 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
- പട്ട - ഒരു കഷണം
- പട്ടയില - 2,3 എണ്ണം
- മല്ലിയില -ആവശ്യത്തിന്
- പുതീനയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പ്രഷർ കുക്കറിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്കു ഏലയ്ക്കായ, ഗ്രാമ്പു, കറുവാ പട്ടയില എന്നിവ ഇട്ട ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്തു വഴറ്റി എടുക്കാം. ഇതിലേക്ക് പച്ച മുളക് ചതച്ചത് ഇട്ടു കൊടുത്തു വഴറ്റി സവാള അരിഞ്ഞതും ചേർത്ത് വഴറ്റി എടുക്കാം. ഇതിലേക്ക് തക്കാളിയും കുരുമുളകുപൊടിയും മല്ലിപ്പൊടിയും ഗരംമസാലപ്പൊടിയും തൈരും ഉപ്പും ബീഫും ചേർത്തു കൊടുത്തു ചെറുതീയിൽ 45 മിനിറ്റ് വേവിച്ചെടുക്കുക. (ആവശ്യത്തിന് മല്ലിയിലയും പുതീനയും ചേർത്ത് വേവിക്കാം.)
അതേ സമയം വേറൊരു ചെമ്പിൽ ഓയിലും നെയ്യും യോജിപ്പിച്ചൊഴിച്ചു ചൂടാക്കി സവാള വറുത്തെടുക്കുക. വറുത്തെടുക്കുമ്പോൾ പഞ്ചസാര കൂടി ചേർത്തു കൊടുക്കുക.
ശേഷം അതേ ചെമ്പിൽ ഏലക്കായ, ഗ്രാമ്പു, പട്ടയില, പട്ട, അണ്ടിപ്പരിപ്പ് ഇവ ചേർത്തു 1 ഗ്ലാസ് അരിക്ക് 1 1/2 ഗ്ലാസ് വെള്ളം എന്ന അളവിൽ ചേർത്തു കൊടുത്തു അടച്ചുവച്ച് വേവിക്കുക. നേരത്തെ വറുത്തു വെച്ച സവാള എല്ലാം വേവിച്ചു വച്ച ബീഫ് മസാലയിലേക്ക് ഇട്ടു കൊടുത്തു യോജിപ്പിച്ചെടുക്കുക. ദം ഇടാനുള്ള ചെമ്പിലേക്ക് മാറ്റുക. മല്ലിയില പുതീന എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കുക. അരി വെന്ത ശേഷം ബീഫ്, മസാലയുടെ മുകളിൽ ലെയറാക്കി ഇടുക. ഇടക്കിടക്കു വറുത്തെടുത്ത സവാളയും മല്ലിയിലയും പുതീനയും നെയ്യും ഗരം മസാലപൊടിയും ഇട്ടു കൊടുത്തു ആവി പുറത്തു പോകാത്ത വിധം ഫോയിൽ കൊണ്ട് മൂടി അടപ്പിട്ടു കൊടുത്തു 45-60 മിനിറ്റു ദം ഇടുക. മലബാറിലെ കല്ല്യാണ ബിരിയാണി റെഡി.