നാവിൽ രുചിമേളം തീർക്കാൻ നെല്ലിപ്പൊടി ചമ്മന്തി
Mail This Article
നമ്മൾ മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രണ്ട് വിഭവങ്ങളാണ് ഇഡ്ഡലിയും ദോശയും. സാമ്പാറും ചമ്മന്തിയും പോലെ തന്നെ ഇഡ്ഡലിയുടെയുടെയും ദോശയുടെയും കൂടെ ഉഗ്രൻ കൂട്ടാണ് ചമ്മന്തിപ്പൊടി. സാധാരണ ഉഴുന്നുപൊടി ചമ്മന്തിയാണ് തയാറാക്കുന്നത്. ഉഴുന്നുപൊടി ചമ്മന്തി പോലെ തന്നെ വ്യത്യസ്തമായി ഉണ്ടാക്കാൻ പറ്റുന്ന മറ്റൊരു ചമ്മന്തിപ്പൊടിയാണ് നെല്ലിപ്പൊടി ചമ്മന്തി. ഹെൽത്തിയാണ് അതേ പോലെ രുചികരവും.
ചേരുവകൾ
- നെല്ലിക്ക ഗ്രേറ്റ് ചെയ്തത് - 1 കപ്പ്
- ഉണക്ക മുളക് - 12 എണ്ണം
- ജീരകം - 1 ടേബിൾസ്പൂൺ
- കുരുമുളക് - 1/2 ടേബിൾസ്പൂൺ
- പൊട്ടുകടല - 1/4 കപ്പ്
- ഉഴുന്ന് - 1/4 കപ്പ്
- എള്ള് - 1/4 കപ്പ്
- കറിവേപ്പില - 2 തണ്ട്
- കായപൊടി - 1/4 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം ഗ്രേറ്റ് ചെയ്ത നെല്ലിക്ക വെയിലത്തു വച്ച് ഉണക്കി എടുക്കണം. അതിന് ശേഷം ഒരു പാൻ വച്ച് ജീരകം, കുരുമുളക്, ഉഴുന്ന്, പൊട്ടുകടല എല്ലാം കൂടി മൂപ്പിച്ചു മാറ്റുക, അത് കഴിഞ്ഞ് എള്ള് വറുക്കണം. അതിന് ശേഷം മുളകും കറിവേപ്പിലയും മൂപ്പിക്കണം. മുകളിൽ പറഞ്ഞ ചേരുവകളും ഉണക്കിയ നെല്ലിക്കയും അല്പം കായപ്പൊടിയും ഉപ്പും ചേർത്ത് പൊടിച്ചെടുക്കണം. ആവശ്യത്തിന് പൊടി എടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് ഉപയോഗിക്കാവുന്നതാണ്.