ചെമ്മീൻ കാന്താരി, ചൂട് ചോറിനൊപ്പം ഒരു തകർപ്പൻ കറി
Mail This Article
കാന്താരിയാണ് താരം, ഇത്രയും രുചിയുള്ള ചെമ്മീൻ കറി കഴിച്ചിട്ടുണ്ടോ? അപ്പം, ചപ്പാത്തി, ചൂട് ചോറ്...ഏതിനൊപ്പവും കഴിക്കാൻ പറ്റിയ ഒരു തകർപ്പൻ കറി
ചേരുവകൾ
- ചെമ്മീൻ വൃത്തിയാക്കിയത് - 350 ഗ്രാം
- കാന്താരി -20-25 എണ്ണം (ചതച്ചെടുക്കുക)
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
- ചെറിയ ഉള്ളി -8 എണ്ണം (നീളത്തിൽ അരിഞ്ഞത് )
- സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത് )
- ഏലക്കായ -3 എണ്ണം
- ഗ്രാമ്പു -2 എണ്ണം
- കറുകപട്ട - 1 ചെറിയ കഷണം
- ബിരിയാണി ഇല - 1 എണ്ണം
- വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
- തേങ്ങാപാലിന്റെ രണ്ടാം പാൽ - 2 കപ്പ്
- തേങ്ങാപാലിന്റെ ഒന്നാം പാൽ -1 കപ്പ്
- കുരുമുളക് ചതച്ചത് - 1 ടീസ്പൂൺ
- വിനാഗിരി -2 ടേബിൾസ്പൂൺ
- കറിവേപ്പില - 2 തണ്ട്
- ഉപ്പ് - ആവശ്യത്തിന്
കടുക് താളിക്കാൻ
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ചെറിയ ഉള്ളി - 3 എണ്ണം (നീളത്തിൽ അരിഞ്ഞത് )
- കാന്താരി നെടുകെ കീറിയത് - 7 എണ്ണം
- കറിവേപ്പില -1തണ്ട്
തയാറാക്കുന്ന വിധം
ഒരു ചട്ടി ചൂടാക്കി അതിലേക്ക് 3 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഏലക്കായ, ഗ്രാമ്പു, കറുകപട്ട, ബിരിയാണിയില എന്നിവ ഇട്ട് മൂപ്പിക്കുക. ചെറിയ ഉള്ളി, സവാള, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചതച്ച കാന്താരിയും ചേർത്ത് ഇതിന്റെ പച്ച മണം മാറുന്നത് വരെ വഴറ്റുക. ഇനി ചെമ്മീൻ ചേർത്ത് 4 മിനിറ്റ് വഴറ്റുക. ഇതിലേക്ക് വിനാഗിരി ചേർത്ത് ഇളക്കുക, ശേഷം തേങ്ങാപാലിന്റെ രണ്ടാം പാലും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഒരു അടപ്പ് വെച്ച് അടച്ച് 2 മിനിറ്റ് വേവിക്കുക. അതിനു ശേഷം അടപ്പു തുറന്നു 5 മിനിറ്റ് കറി തിളപ്പിക്കുക. ഈ സമയം കൊണ്ട് ചെമ്മീൻ പരുവത്തിന് വെന്തുകിട്ടും, അതുപോലെ ചാറും കുറുകി കിട്ടും. ചാറു നന്നായി കുറുകിയതിനു ശേഷം ചതച്ച കുരുമുളക് ചേർത്ത് ഇളക്കുക. ഈ സമയത്ത് കറിയുടെ ഉപ്പു നോക്കി ആവശ്യാനുസരണം ചേർക്കുക. ഇതിലേക്ക് തേങ്ങാപാലിന്റെ ഒന്നാം പാൽ ചേർത്ത് ഇളക്കി ചൂടാകുമ്പോൾ തീ അണയ്ക്കുക.
കടുക് താളിക്കാൻ ഒരു ചീനിച്ചട്ടി ചൂടാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ അതിലേക്കു കടുക്ക് ഇട്ട് പൊട്ടിച്ചതിനു ശേഷം ചെറിയ ഉള്ളി, കാന്താരി, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. കടുക് താളിച്ചത് കറിയിൽ ഒഴിച്ച് ഇളക്കുക. നല്ല എരിവും രുചിയുമുള്ള വ്യത്യസ്തമായ ചെമ്മീൻ കാന്താരി തയാർ.