സൂപ്പർ രുചിയിൽ സോയ കീമ മസാല
Mail This Article
കീമ മസാലയ്ക്ക് വേണ്ടി സാധാരണയായി മട്ടൺ, ചിക്കൻ ഒക്കെ ആണ് ഉപയോഗിക്കുന്നത്. അതുപോലെ തന്നെ നമ്മുക്ക് സ്വദിഷ്ടമായ വെജിറ്ററിയൻ കീമ മസാല ഉണ്ടാക്കാം അതാണ് നമ്മുടെ ഈ സോയ കീമ മസാല. ഇത് സോയ ചങ്ക്‌സ് കീമ കൊണ്ടാണ് തയാറാക്കുന്നത്. ചപ്പാത്തിക്കും ചോറിനും പൊറോട്ടക്കും ബ്രഡിനും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു വിഭവം കൂടി ആണ് ഇത്.
ചേരുവകൾ
- സോയ ചങ്ക്‌സ് - 1 കപ്പ്
- സവാള - 2
- തക്കാളി - 2
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
- കറുവപ്പട്ട - ഒരു ചെറിയ പീസ്
- ഏലക്കായ - 1
- തക്കോലം - 1
- ജീരകം - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- തൈര് - 1/4 കപ്പ്
- ഉപ്പ്
- നെയ്യ് - 2 ടേബിൾസ്പൂൺ + 1 ടീസ്പൂൺ
- ഓയിൽ - 1 ടേബിൾസ്പൂൺ
- ഗ്രീൻ പീസ് - 1/2 കപ്പ്
തയാറാക്കുന്ന വിധം
ആദ്യം സോയ ചങ്ക്‌സ് 10 മിനിറ്റ് ചൂട് വെള്ളത്തിൽ കുതിർത്തു വയ്ക്കണം എന്നിട്ട് കഴുകി വെള്ളം പിഴിഞ്ഞ് കളഞ്ഞ ശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കണം. അതിന് ശേഷം പാൻ വെച്ച് 2 ടേബിൾസ്പൂൺ നെയ്യും 1 ടേബിൾസ്പൂൺ ഓയിലും ഒഴിച്ച് അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, തക്കോലം, ജീരകം എന്നിവ ഇട്ട് മൂപ്പിച്ച ശേഷം പൊടിയായി അരിഞ്ഞ സവാള ചേർത്ത് വഴറ്റണം. സവാള ലൈറ്റ് ബ്രൗൺ കളർ ആവുമ്പോൾ തക്കാളി കൂടി ചേർത്ത് വഴറ്റണം എന്നിട്ട് 2 മിനിറ്റ് അടച്ചു വച്ച് വേവിക്കണം. അതിന് ശേഷം പൊടികൾ ചേർത്ത് വഴറ്റണം എന്നിട്ട് തീ ഓഫ് ചെയ്ത് മസാല തണുക്കാൻ വയ്ക്കണം തണുത്ത ശേഷം തൈര് ചേർത്ത് ഇളക്കി വീണ്ടും തീ കത്തിച്ചു 2 മിനിറ്റ് തീ കുറച്ച് ഇളക്കിയ ശേഷം 2 മിനിറ്റ് അടച്ചു വയ്ക്കണം. ഇതിലേക്ക് അര കപ്പ് ഗ്രീൻ പീസും സോയാ കീമയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കണം. ഇതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് 5 മിനിറ്റ് ലോ ഫ്‌ളൈമിൽ വേവിക്കണം. വെള്ളം വറ്റി എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യണം.വേറെ ഒരു പാൻ വച്ച് അതിൽ 1 ടീസ്പൂൺ നെയ്യൊഴിച്ചു 1 ടീസ്പൂൺ ഇഞ്ചി ഇട്ട് മൂപ്പിക്കണം അതിന് ശേഷം തീ ഓഫ് ചെയ്തിട്ട് 1/2 ടീസ്പൂൺ മുളകുപൊടി കൂടി ഇട്ട് മൂപ്പിച്ച ശേഷം കീമ മസാലയിൽ ചേർത്ത് ഇളക്കണം.