ഇനി നെയ്യപ്പം നന്നായില്ലെന്നു ആരും പറയരുത്, പെർഫെക്ട് നെയ്യപ്പം റെസിപ്പി ഇതാ.
Mail This Article
നെയ്യപ്പം നന്നായില്ല, നെയ്യപ്പം പൊട്ടിപ്പോയി, വെന്തില്ല, പൊങ്ങി വന്നില്ല, ആരു വന്നില്ല എന്നൊന്നും ആരും പറയരുത്. ഇതുപോലെ ചെയ്താൽ നല്ല പെർഫെക്ട് നെയ്യപ്പം ഉണ്ടാക്കാം, ബേക്കിങ് സോഡയോ പൗഡറോ പപ്പടമോ ഒന്നും ചേർക്കാതെ തന്നെ. അകത്തു നല്ല സോഫ്റ്റ് ആയി ആരുകളുള്ള പുറത്തു മൊരിഞ്ഞ നല്ല നാടൻ നെയ്യപ്പത്തിന്റെ റെസിപ്പി ഇതാ.
ആവശ്യമായ ചേരുവകൾ
പച്ചരി – ഒന്നര കപ്പ്
വെള്ളം– 1/2 കപ്പ് + ആവശ്യത്തിന്
ശർക്കര– 250 ഗ്രാം
തേങ്ങാ ചിരവിയത് – 2 ടേബിൾസ്പൂൺ
പശുവിൻ നെയ്യ് – 2 ടേബിൾസ്പൂൺ
ചുക്ക് പൊടി – 1/4 ടീസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
നല്ലജീരകം – 1/2 ടീസ്പൂൺ
കരിംജീരകം –1 ടീസ്പൂൺ
മൈദ– 1/3 കപ്പ്
ഉപ്പ് –1/4 ടീസ്പൂൺ
എണ്ണ– ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി വെള്ളത്തിൽ നാലു മണിക്കൂർ കുതിരാൻ വയ്ക്കുക. ശർക്കര അരക്കപ്പ് വെള്ളത്തിൽ പാനിയാക്കി അരിച്ചെടുത്തു ചൂട് കുറയാൻ വയ്ക്കുക. നെയ്യ് ചൂടാക്കിയ ശേഷം തേങ്ങാ ചെറുതായി വറുത്തെടുക്കുക. തീയണച്ച ശേഷം ചുക്ക്, ഏലക്കാപ്പൊടി, നല്ല ജീരകം, കരിംജീരകം എന്നിവ ചേർത്ത് ചൂട് കുറയാൻ വയ്ക്കുക.
4 മണിക്കൂറിനു ശേഷം അരി നന്നായി ഊറ്റിയെടുത്തു ശർക്കരപാനി ചേർത്ത് ചെറിയ തരിയോടെ മിക്സിയിൽ അരച്ചെടുക്കുക.
ഇതിലേക്ക് മൈദയും ഉപ്പും ചേർത്ത് ഒന്നുകൂടെ അടിച്ചെടുക്കുക. ശേഷം തേങ്ങാ മിക്സ് ഇതിലേക്ക് ചേർത്തു 6 മണിക്കൂർ മാറ്റിവെക്കുക.
6 മണിക്കൂറിനു ശേഷം മാവിനെ കട്ടി കൂടിയ ദോശമാവിന്റെ പാകത്തിൽ ആക്കാൻ വേണ്ട വെള്ളം ചേർത്ത് പാകപ്പെടുത്തുക.
കുഴിയുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മീഡിയം തീയിൽ മാവ് ഒഴിക്കുക. 10 സെക്കൻഡിൽ നെയ്യപ്പം പൊള്ളി മുകളിലേക്ക് വരും. പിന്നെ ചെറിയ തീയിൽ ഗോൾഡൻ ബ്രൗൺ കളർ ആകുന്നതു വരെ തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക. ഈ അളവിൽ 11 നെയ്യപ്പം ഉണ്ടാക്കാം.
English Summary : Soft Neyyappam Recipe