ചൂടോടെ കഴിക്കാം രുചികരമായ ജീര റൈസും രാജ്മ മസാലയും
Mail This Article
ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് രാജ്മ മസാല. ജീര റൈസിനൊപ്പം രുചികരമായ രാജ്മ മസാല എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
ജീര റൈസിന് ആവശ്യമുള്ള ചേരുവകൾ:
- ബസ്മതി അരി - 1 കപ്പ്
- ജീരകം - 1 ടേബിൾസ്പൂൺ
- എണ്ണ - 1 ടേബിൾസ്പൂൺ
രാജ്മ മസാലക്ക് ആവശ്യമുള്ള ചേരുവകൾ
- രാജ്മ - 1 കപ്പ്
- എണ്ണ - 4 ടേബിൾസ്പൂൺ
- ഉള്ളി - 1 1/2 കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
- തക്കാളി - 3/4 കപ്പ്
- തക്കാളി പ്യൂരി - 3 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- കശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - 3 ടീസ്പൂൺ
- ജീരകപൊടി - 1/2 ടീസ്പൂൺ
- ഗരംമസാല - 1/2 ടീസ്പൂൺ
- ആംചൂർ - 2 ടീസ്പൂൺ
- വെള്ളം - 1/2 കപ്പ്
- മല്ലിയില
വറുത്തിടാൻ
- നെയ്യ് - 2 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി - 1 ടീസ്പൂൺ
- മല്ലിയില
തയാറാക്കുന്ന വിധം :
- അരി നന്നായി കഴുകി അരിച്ചെടുത്ത് 15 മിനിറ്റ് മാറ്റി വയ്ക്കുക.
- ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട് വഴറ്റുക. ഇതിലേക്ക് അരി ഇട്ട് 7 മിനിറ്റ് മീഡിയം തീയിൽ വറുക്കുക.
- തീ കുറച്ച്, 2 കപ്പ് ചൂട് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. ചെറുതീയിൽ 7-8 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇനി തീ ഓഫ് ചെയ്ത് 10 മിനിറ്റിനു ശേഷം തുറന്ന് വിളമ്പാം.
രാജ്മ മസാല തയാറാക്കാം
രാജ്മ 5-6 മണിക്കൂർ വെള്ളത്തിൽ കുതിർത്തുവയ്ക്കുക. ശേഷം കുക്കറിൽ രാജ്മയും 2 കപ്പ് വെള്ളവും 1 ടീസ്പൂൺ ഉപ്പും ഇട്ട് ചെറുതീയിൽ 30 മിനിറ്റ് വേവിച്ച് മാറ്റി വയ്ക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഉള്ളി വഴറ്റുക. ഇനി തക്കാളിയും തക്കാളി പ്യൂരിയും ഇട്ട് നന്നായി വേവിക്കുക. ഇതിലേക്ക് പൊടികളെല്ലാം ഇട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. വേവിച്ചു വച്ചിരിക്കുന്ന രാജ്മ ഇട്ട് നന്നായി യോജിപ്പിക്കുക. തവി ഉപയോഗിച്ച് രാജ്മ ചെറുതായി ചതയ്ക്കുക. തിളച്ച ശേഷം തീ ഓഫ് ചെയ്ത് മല്ലിയില ഇട്ട് മാറ്റി വയ്ക്കുക.
മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ഇട്ട് വഴറ്റി കറിയിലേക്ക് ഒഴിക്കുക. രുചികരമായ രാജ്മ മസാല തയാർ.
English Summary : Rajma, Jeera Rice Recipe