ADVERTISEMENT

മട്ടൺ ദം ബിരിയാണി, വീട്ടിൽ തയാറാക്കിയ ബിരിയാണി മസാലപ്പൊടി ഉപയോഗിച്ച് നല്ല കിടുക്കാച്ചി മട്ടൺ ബിരിയാണി.

ബിരിയാണി മസാല പൊടി തയാറാക്കാൻ 

ചേരുവകൾ

  • ഏലയ്ക്ക - 10 എണ്ണം
  • ഗ്രാമ്പു - 10 എണ്ണം
  • കറുകപട്ട - 4 ചെറിയ കഷ്ണങ്ങൾ
  • ജാതിപത്രി-1 എണ്ണം
  • ജാതിക്ക - 1 ചെറിയ കഷ്ണം
  • തക്കോലം -2 എണ്ണം
  • നല്ല ജീരകം -1/2 ടീസ്പൂൺ
  • സാജീരകം -1/2 ടീസ്പൂൺ
  • പെരുംജീരകം -1&1/2 ടേബിൾസ്പൂൺ
  • കുരുമുളക് -1/2 ടീസ്പൂൺ
  • മല്ലി -1 ടേബിൾസ്പൂൺ
  • പിരിയൻ മുളക്-10 എണ്ണം 

ബിരിയാണി മസാലപ്പൊടി തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ചേർത്ത് ചെറു തീയിൽ വറത്തെടുക്കുക. വറുത്തതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറുമ്പോൾ മിക്സിയിൽ പൊടിച്ചെടുക്കുക. ബിരിയാണി മസാലപ്പൊടി തയാർ. 

മട്ടൺ ബിരിയാണി തയാറാക്കാൻ 

ചേരുവകൾ

  • ബസ്മതി അരി - 4 കപ്പ്‌
  • വെള്ളം - ആവശ്യത്തിന്
  • ഏലയ്ക്ക - 6 എണ്ണം
  • ഗ്രാമ്പു - 5 എണ്ണം
  • കറുവാപട്ട - 2 ചെറിയ കഷ്ണം
  • ബിരിയാണി ഇല  - 2 എണ്ണം 
  • മട്ടൺ - 1.5 കിലോഗ്രാം 
  • വെളുത്തുള്ളി - 1 വലിയ കുടം
  • ഇഞ്ചി - 1 വലിയ കഷ്ണം
  • പച്ചമുളക് -12 എണ്ണം
  • സവാള -7 എണ്ണം
  • തക്കാളി - 2 എണ്ണം
  • കറിവേപ്പില - 1 തണ്ട്
  • മല്ലിയില  അരിഞ്ഞത് - 2  പിടി
  • പുതിനയില അരിഞ്ഞത് - 2 പിടി
  • സാജീരകം - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
  • ബിരിയാണി മസാലപ്പൊടി - 7 ടേബിൾസ്പൂൺ
  • അണ്ടിപരിപ്പ് - 4 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ – 5 ടേബിൾസ്പൂൺ
  • നെയ്യ് - 4 ടേബിൾസ്പൂൺ
  • തൈര് - 3 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
  • കുങ്കുമപ്പൂവ് കുതിർത്ത പാൽ - 1/4 കപ്പ്‌ 

മട്ടൺ ബിരിയാണി തയാറാക്കുന്ന വിധം

ബസ്മതി അരി നന്നായി കഴുകി 20 മിനിറ്റ് വെള്ളത്തിൽ  കുതിർത്ത് വെള്ളം ഊറ്റി കളയുക. ഒരു പാത്രത്തിൽ അരി വേവിക്കാനുള്ള  വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പു, കറുകപട്ട, ബിരിയാണിയില, ഉപ്പ്, 1 ടേബിൾസ്പൂൺ എണ്ണ എന്നിവ ചേർക്കുക. വെള്ളം  തിളയ്ക്കുമ്പോൾ കുതിർത്ത അരി ചേർത്ത് മുക്കാൽ വേവാവുന്നത് വരെ വേവിക്കുക. ചോറ് വെന്തു വരുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് ഒരു അരിപ്പ  പാത്രത്തിലേക്ക് മാറ്റുക.

ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി ചതച്ചെടുക്കുക.

ഒരു പ്രഷർ കുക്കറിൽ കഷണങ്ങളാക്കിയ മട്ടൺ ഇട്ടുകൊടുക്കുക. ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതിൽ നിന്നും പകുതി, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി 4 വിസിൽ  അടിപ്പിച്ചു വേവിച്ചെടുക്കുക. 

ചുവടു കട്ടിയുള്ള ഒരു വലിയ പാത്രം ചൂടാക്കി ഇതിലേക്ക്  5 ടേബിൾസ്പൂൺ എണ്ണയും 2 ടേബിൾസ്പൂൺ നെയ്യും ചേർക്കുക. ഈ എണ്ണയിൽ അണ്ടിപരിപ്പ്, ഉണക്കമുന്തിരി, 4 സവാള നീളത്തിൽ അരിഞ്ഞത് എന്നിവ വറുത്തു കോരുക. ശേഷം ഈ എണ്ണയിൽ തന്നെ 1/2 ടീസ്പൂൺ സാജീരകം ഇട്ട് പൊട്ടിക്കുക. പിന്നെ ഇതിലേക്ക് 3 സവാള നീളത്തിൽ അരിഞ്ഞതും കുറച്ച് ഉപ്പും ചേർത്ത് വഴറ്റുക. ഇനി ബാക്കിയുള്ള  ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചതും ചേർത്ത് വഴറ്റുക. തക്കാളി, ഒരു പിടി മല്ലിയില, ഒരു പിടി പുതിനയില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടിയും 7 ടേബിൾസ്പൂൺ  ബിരിയാണി മസാലപ്പൊടിയും ചേർത്ത് വഴറ്റുക. ഇനി തൈരും നാരങ്ങാനീരും ചേർത്ത് ഇളക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന മട്ടൺ അതിന്റെ ചാറോടു കൂടി ചേർക്കുക. കൂടെ വറുത്ത സവാള 3-4 ടേബിൾസ്പൂൺ ചേർത്ത് ഇളക്കുക. തീ കൂട്ടിവെച്ച് ഇതിന്റെ ചാറ് വറ്റിച്ചെടുക്കുക. ഉപ്പ് നോക്കി ആവശ്യാനുസരണം ചേർക്കുക. ഇനി തീ നന്നായി കുറയ്ക്കുക. ഈ മട്ടന്റെ മുകളിൽ പകുതി ചോറ് നിരത്തുക. 

ചോറിന്റെ മുകളിൽ 1 ടേബിൾസ്പൂൺ നെയ്യ്, കുറച്ച് ബിരിയാണി മസാലപ്പൊടി, മല്ലിയില, പുതിനയില, വറുത്ത സവാള, അണ്ടിപരിപ്പ്, ഉണക്ക മുന്തിരി എന്നിവ നിരത്തുക. കുങ്കുമപ്പൂവ് കലക്കിയ പാലും ഒഴിച്ച് കൊടുക്കുക. ഇതിന്റെ മുകളിൽ ബാക്കി ചോറ് നിരത്തി കൊടുക്കുക. ചോറിന്റെ മുകളിൽ വീണ്ടും നെയ്യ്, ബിരിയാണി മസാലപ്പൊടി, മല്ലിയില, പുതിനയില, വറുത്ത സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, കുങ്കുമപ്പൂവ് കലക്കിയ പാൽ എന്നിവ നിരത്തുക. ഒരു അലൂമിനിയം ഫോയിൽ വച്ച് ബിരിയാണി പാത്രം മൂടുക. ഇനി പാത്രത്തിന്റെ അടപ്പു വച്ച് അടയ്ക്കുക. 

ഒരു പഴയ ദോശക്കല്ല് ചൂടാക്കി ബിരിയാണി പാത്രം ദോശക്കല്ലിന്റെ മുകളിൽ വച്ച് ചെറിയ തീയിൽ 20 മിനിറ്റ് ദം വയ്ക്കുക. 20 മിനിറ്റിനു ശേഷം തീ കെടുത്തുക. 30 മിനിറ്റിനു ശേഷം ബിരിയാണി പാത്രം തുറന്നു നല്ല സ്വാദിഷ്ടമായ ബിരിയാണി വിളമ്പാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com