കുംഭ ഭരണി നാളിൽ ഓണാട്ടുകര സ്പെഷൽ കൊഞ്ചും മാങ്ങയും
Mail This Article
കുംഭ ഭരണി നാളിൽ സദ്യയുടെ കൂടെ ഓണാട്ടുകരയിലെ എല്ലാ വീടുകളിലും ഒരുക്കുന്ന ഒരു വിഭവമാണ് കൊഞ്ചുമാങ്ങ. വ്യാഴാഴ്ചയാണ് ഈ വർഷത്തെ കുംഭ ഭരണി. ഓണാട്ടുകരയിലെ വീടുകളിൽ കൊഞ്ചും മാങ്ങ തയാറാക്കി തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരു കുംഭഭരണി നാളിൽ ഒരു അമ്മ കൊഞ്ചും മാങ്ങയും തയാറാക്കുകയായിരുന്നു. വീടിനടുത്തുകൂടി കുത്തിയോട്ട ഘോഷയാത്ര കടന്നുപോയപ്പോൾ അത് കാണാൻ അമ്മയ്ക്ക് വലിയ ആഗ്രഹം. ഘോഷയാത്ര കാണാൻ പോയാൽ കൊഞ്ചുംമാങ്ങയും കരിഞ്ഞുപോകും. ഘോഷയാത്ര കാണണമെന്ന് വലിയ ആഗ്രഹവും. ഒടുവിൽ എന്റെ കൊഞ്ചും മാങ്ങ കരിഞ്ഞു പോകരുതേ ദേവി എന്ന് ഭഗവതിയെ വിളിച്ച് പ്രാർഥിച്ച് ആ അമ്മ കുത്തിയോട്ട ഘോഷയാത്ര കാണാൻ പോയി. സമയം ഒരുപാട് വൈകി മടങ്ങി എത്തിയപ്പോൾ കറി തയാറായിരുന്നു. കാലാന്തരത്തിൽ കൊഞ്ചും മാങ്ങ എന്ന വിഭവം കുംഭ ഭരണിക്ക് ചെട്ടികുളങ്ങരക്കാർക്ക് ഒഴിച്ചു കുടാനാവാത്തതായി.
കൊഞ്ചും മാങ്ങാ തയാറാക്കുന്ന വിധം
- ഉണക്ക കൊഞ്ച് - 100 ഗ്രാം
- പച്ചമാങ്ങ -150 ഗ്രാം
- തേങ്ങ ചിരകിയത് -ഒരെണ്ണം
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
- മുളകുപൊടി -ഒന്നര ടീസ്പൂൺ
- മല്ലിപ്പൊടി- ഒരു ടീസ്പൂൺ
- ഉലുവപ്പൊടി- കാൽ ടീസ്പൂൺ
- ചെറിയ ഉള്ളി- 6 അല്ലി
- പച്ചമുളക്-2
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
- വെളിച്ചെണ്ണ -ഒരു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- കൊഞ്ച് തലയും വാലും കളഞ്ഞശേഷം ചെറിയ തീയിൽ എണ്ണ ചേർക്കാതെ വറുത്തെടുക്കുക. വറുത്ത കൊഞ്ച് നന്നായി കഴുകി എടുക്കണം.
- മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി നീളത്തിൽ അരിഞ്ഞെടുക്കുക.നല്ല പുളിയുള്ള മാങ്ങ ആണെങ്കിൽ ഒരു മണിക്കൂർ ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കണം.
- തേങ്ങ മസാലപ്പൊടികളും ചെറിയ ഉള്ളിയും, അല്പം കറിവേപ്പിലയും ചേർത്ത് ചതച്ചെടുക്കുക.
- വെളിച്ചെണ്ണ ഒഴികെയുളള ചേരുവകളെല്ലാം കൂടി എണ്ണമയം പുരട്ടിയ ഒരു മൺചട്ടിയിൽ യോജിപ്പിക്കുക .അരക്കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കാം.
- ഏറ്റവും ചെറിയ തീയിൽ 15 മിനിറ്റ് വേവിച്ചെടുക്കണം. വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്തു വെളിച്ചെണ്ണയും കറിവേപ്പിലയും വിതറി അടച്ചു വയ്ക്കുക.
English Summary : Chettikulangara special Konjum mangayum