ആലപ്പുഴ സ്റ്റൈലിൽ ചിത്രലാട തിലോപ്പിയ മീൻകറി
Mail This Article
കേരത്തിലുടനീളം സഞ്ചരിച്ച് മീൻ രുചികൾ അറിഞ്ഞ മലയാള മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ ആലപ്പുഴ ശൈലിയിൽ പാകം ചെയ്ത ചിത്രലാട തിലോപ്പിയ മീൻകറി. പുഴകളും കായലുകളും താണ്ടി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മീൻപിടുത്തക്കാരുടെ ഒപ്പം സഞ്ചരിച്ച് ആസ്വാദ്യകരമായ കുറിപ്പുകളും പാചകക്കൂട്ടുകളും കോർത്തിണക്കി റസൽ ഷാഹുൽ തയാറാക്കിയ പുസ്തകമാണ് ‘രുചി മീൻ സഞ്ചാരം.’
ചേരുവകൾ
- ചിത്രലാട തിലോപ്പിയ - 2 എണ്ണം
- തക്കാളി - 3 എണ്ണം
- സവാള - 2 എണ്ണം
- പച്ചമുളക് - 2 എണ്ണം
- കുടംപുളി - 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- ഫിഷ്മസാല - 1 ടീസ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
- ഉലുവ - കാൽ ടീസ്പൂൺ
- വെള്ളം - 2 ഗ്ലാസ്സ്
- കറിവേപ്പില - 2 തണ്ട്
- കല്ലുപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
ചൂടായ മൺചട്ടിയിലേക്ക് പാകത്തിന് വെളിച്ചെണ്ണ ഒഴിച്ച് എണ്ണ ചൂടായതിനു ശേഷം ഉലുവ ചേർക്കുക.
അതിനു ശേഷം ഇഞ്ചി-വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുമ്പോൾ ചട്ടിയുടെ അടിയിൽ പിടിക്കാതിരിക്കാനായി അൽപം ഉപ്പ് ചേർക്കുക. അതിനുശേഷം ഇതിലേയ്ക്ക് അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും തക്കാളിയും പച്ചമുളകും കൂടി ചേർത്ത് വീണ്ടും വഴറ്റുക. ഇനി ഇതിലേക്ക് കഴുകിയെടുത്ത കുടംപുളി ചേർത്ത് നന്നായി ഇളക്കിയതിനു ശേഷം കല്ലുപ്പ് ചേർക്കാം. അതിനു ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, ഫിഷ്മസാല എന്നിവ കൂടി ചേർത്ത് വഴറ്റുക. ഇനി പാകത്തിന് വെള്ളം ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിത്രലാട തിലോപ്പിയ ചേർത്ത് കൊടുക്കുക. ഇനി ഇതിനു മുകളിലായി കറിവേപ്പിലയും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ച് ചെറിയ തീയിൽ 10 മിനിറ്റ് മൂടിവയ്ക്കുക. ആലപ്പുഴ ശൈലിയിൽ തയാറാക്കിയ ചിത്രലാട തിലോപ്പിയ കറി റെഡി.
English Summary : Alappuzha Style Fish Curry by Russell Shahul