ADVERTISEMENT

നെയ്യ് കൂടുതൽ ഉള്ളതുകൊണ്ടാണോ എന്നറിയില്ല അധികം ആരും പരീക്ഷിക്കാത്ത വിഭവമാണ് പോർക്ക് ബിരിയാണി. വളരെ രുചികരമായ പോർക്ക് ബിരിയാണി എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പോർക്ക്                              -    1 കിലോഗ്രാം
  • സവാള                                -   2 എണ്ണം 
  • തക്കാളി                               -  2 എണ്ണം 
  • പച്ചമുളക്                             -  4 എണ്ണം
  • വെളുത്തുള്ളി                        -   8 അല്ലി 
  • ഇഞ്ചി                                  -.  1 വലുത്
  • മഞ്ഞള്‍പ്പൊടി                       -   3/4 ടീസ്പൂൺ
  • കുരുമുളകുപൊടി                  -   1/2  ടീസ്പൂൺ
  • ഗരംമസാലപ്പൊടി                  -  1 1/2 ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി          -  3 ടേബിള്‍സ്പൂൺ
  • മല്ലിപ്പൊടി                           -  3 1/2 ടേബിള്‍സ്പൂൺ
  • വെള്ളം, വെളിച്ചെണ്ണ, വിനാഗിരി, മല്ലിയില, ഉപ്പ്  - ആവശ്യത്തിന്  

 

  • ബസ്മതി റൈസ്               -    750 ഗ്രാം  (3 1/2  കപ്പ്)
  • സവാള.                           -  2 എണ്ണം
  • ഗ്രാമ്പൂ                        .   - 20 എണ്ണം
  • ഏലയ്ക്കായ                   .-  20 എണ്ണം
  • തക്കോലം                       -. ഒന്ന് 
  • കറുവപ്പട്ട                   .    - 1 1/2  (വലിയ കഷ്ണം )
  • നാരങ്ങ                          -. ഒന്ന്
  • കശുവണ്ടി , ഉണക്കമുന്തിരി, ഉപ്പ് , നെയ്യ്, മല്ലിയില, പുതിനയില, വെള്ളം   -  ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 

  • പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില എന്നിവ  മിക്സിയിൽ വെള്ളം ഒട്ടും ചേർക്കാതെ നന്നായി അരച്ചെടുക്കുക.
  • ഒരു പാത്രത്തിലേക്ക് കഴുകി വൃത്തിയാക്കി വച്ചിട്ടുള്ള പോർക്ക് ഇട്ട് മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ് , നേരത്തെ അരച്ചു വച്ചിട്ടുള്ള അരപ്പിന്റെ പകുതി , രണ്ട് സ്പൂൺ വിനാഗിരി എന്നിവ ചേര്‍ത്ത്  കൈകൊണ്ട് നന്നായി ഇളക്കിയോചിപ്പിച്ച് 20 മിനിറ്റ് നേരം മാറ്റിവയ്ക്കുക, അതിനുശേഷം പോർക്ക് വേവിക്കുന്നതിനായി കുക്കറിലേക്ക് മാറ്റാം. അര ഗ്ലാസ് വെള്ളം ഒഴിച്ച് വേവിച്ച് എടുക്കാം. (പ്രഷർ കുക്കറിൽ തീകൂട്ടി ശേഷം ഒരു വിസിലും തീ കുറച്ച് രണ്ടു വിസ്സിലും വന്നാൽ പോർക്ക് നന്നായി വെന്തു കിട്ടും. ഓരോ പ്രഷർകുക്കറും ഫ്ലെയിമിനും അനുസരിച്ച് വേവ് വ്യത്യാസം വരും)

 

  • അതിനുശേഷം ബിരിയാണി തയാറാക്കുന്നതിനാവശ്യമായ കലത്തിലേക്ക് വേവിക്കാൻ വേണ്ട വെള്ളം ഒഴിച്ചു ചൂടായി വരുമ്പോൾ 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തുവച്ച ബസ്മതി റൈസ് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഗ്രാമ്പൂ, ഏലയ്ക്കായ, തക്കോലം, കറുവപ്പട്ട, അൽപം ഉപ്പ് എന്നിവ ചേർത്ത് നന്നായി ഒന്നിളക്കിക്കൊടുക്കുക . അതിലേക്ക് അൽപം നാരങ്ങാ നീര് പിഴിഞ്ഞുകൊടുത്ത ശേഷം ഒന്നുകൂടി  നന്നായി ഇളക്കി തിളയ്ക്കാനായി വയ്ക്കാം. തിളച്ചു തുടങ്ങുമ്പോൾ ഒരു മൂടി ഉപയോഗിച്ച് ആവിപോകുന്നതിനായി കലത്തിന്റെ പാതി ഭാഗം  വരെമാത്രം മൂടുക. തിള വന്നു തുടങ്ങുമ്പോള്‍ അതിലേക്ക് അല്‍പം മല്ലിയിലയും പുതിനയിലയും ചേർത്തുകൊടുത്ത് വീണ്ടും മൂടിവച്ച് വേവിക്കുക. അരി വെന്തു കഴിയുമ്പോള്‍ അതിൽ നിന്നും  വെള്ളമൂറ്റി മാറ്റിയശേഷം  ചൂടുപോകാനായി വയ്ക്കാം . 

 

  • ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് അൽപം നെയ്യ്, ഏലയ്ക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർക്കാം. അതിനുശേഷം ആവശ്യത്തിന് കശുവണ്ടി , ഉണക്കമുന്തിരി എന്നിവകൂടി ചേർത്ത് ചെറുതായി ഒന്നു വഴറ്റിയ ശേഷം കോരി മാറ്റുക. ശേഷം പാനിലേക്ക് കുറച്ചു കൂടുതൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് അരിഞ്ഞു വച്ചിട്ടുള്ള സവാള നല്ല ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റിയശേഷം കോരി മാറ്റുക. ബാക്കി വന്ന എണ്ണയിലേക്ക് പോർക്ക്  ഗ്രേവി തയാറാക്കുന്നതിന് ആവശ്യമായ സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് ഇട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് , കറിവേപ്പില, നേരത്തെ അരച്ചുവച്ചിട്ടുള്ള അരപ്പിന്റെ ബാക്കി എന്നിവ ചേര്‍ത്ത് പച്ചമണം മാറി വരുന്നത് വരെ മൂപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിച്ചെടുക്കുക. വഴന്നുവന്ന ചേരുവയിലേക്ക് തക്കാളി ചേർക്കാം. ഇവ വെന്തു വരുന്നതിനായി അഞ്ചു മിനിറ്റ് ചെറുതീയിൽ മൂടിവച്ച് വേവിക്കാം. വെന്തശേഷം അതിലേക്ക് വേവിച്ചുമാറ്റി വച്ചിട്ടുള്ള പോർക്ക് ഇട്ടുകൊടുത്ത് ചേരുവയുമായി ഇളക്കി യോചിപ്പിച്ച് ആവശ്യമെങ്കിൽ  ഉപ്പും അൽപം മല്ലിയിലയും ഒരു നുള്ള് ഗരംമസാലയും  ചേര്‍ത്ത് കുറച്ചു സമയം കൂടി മൂടി  വേവിച്ചെടുക്കുക. 

 

  • അടുത്തതായി ബിരിയാണി ദം ചെയ്യുന്നതിന് ഒരു പാനിലേക്ക് അൽപം നെയ്യ് ഒഴിച്ച് അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന റൈസ് കുറച്ച് ഇട്ടശേഷം അതിലേക്ക്  അല്‍പം പോർക്ക് ഗ്രേവി ഇട്ട് നിരത്തുക, അതിനു മേലെ കുറച്ച് നട്ട്സ് , കിസ്മിസ്സ് , വഴറ്റിവച്ചിട്ടുള്ള സവാള, മല്ലിയില, പുതിനയില എന്നിവ ഇട്ടികൊടുക്കുക. വീണ്ടും റൈസ് ഇട്ട് അതിനു മുകളിൽ ഗ്രേവി ഈ രീതിയിൽ തന്നെ പല ലയറുകളായി ഇട്ട് കൊടുത്ത ശേഷം , അടുപ്പില്‍ ഒരു പഴയ പാൻ വച്ച് അതിനുമുകളിലായി ദമ്മിട്ട പാത്രം നന്നായി മൂടി വച്ച് ഇടത്തരം ഫ്ലേമില്‍ പതിനഞ്ചു മിനിറ്റു നേരം ആവികേറ്റി എടുക്കാം.

 

English Summary : Pork Biryani Special Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com