ചോറിനും ചപ്പാത്തിക്കും ഒപ്പം കൊതിപ്പിക്കുന്ന രുചിയില്‍ കൂന്തള്‍ റോസ്റ്റ്
Mail This Article
കുറച്ച് ചേരുവകള്‍ വെച്ച് പെട്ടെന്ന് തയാറാക്കാം ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാന്‍ നല്ല രുചികരമായ കൂന്തള്‍ റോസ്റ്റ്.
ചേരുവകള്‍:
• കൂന്തൾ/കണവ - 500 ഗ്രാം
• വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
• സവാള - 1 (വലുത്)
• പച്ചമുളക് - 2
• ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
• മല്ലിപ്പൊടി - 2 ടീസ്പൂണ്‍
• മഞ്ഞൾപ്പൊടി -1/4 ടീസ്പൂണ്‍
• കാശ്മീരി മുളക്പൊടി - 2 ടീസ്പൂണ്‍
• പെരുംജീരകം പൊടിച്ചത് - 1 ടീസ്പൂണ്‍
• തക്കാളി - 1(വലുത്)
• കറിവേപ്പില -ആവശ്യത്തിന്
• ഉപ്പ് -ആവശ്യത്തിന്
• ഗരം മസാല പൊടി -1/2 ടീസ്പൂണ്‍
• കുരുമുളക് പൊടി -1/2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
• കൂന്തള്‍ വൃത്തിയാക്കി, വട്ടത്തിൽ ചെറുതാക്കി അരിഞ്ഞ് നന്നായി കഴുകി വയ്ക്കുക.
• ഒരു ചീനച്ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഇത് വാടി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഇതിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കി കൊടുക്കുക.
• പച്ചമണം മാറുമ്പോൾ തീ കുറച്ച് ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കാശ്മീരി മുളക് പൊടി, പെരും ജീരകപ്പൊടി ഇവ ചേർത്ത് മൂത്ത മണം വരുന്നത് വരെ വഴറ്റുക.
• ഇനി ഇതിലേക്ക് ചെറുതാക്കി അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്തിളക്കികൊടുക്കുക . തക്കാളി ഉടഞ്ഞ് കിട്ടാനായി 2-3 മിനിറ്റ് മൂടിവച്ച് വേവിക്കുക.
• തക്കാളി വെന്ത് വരുമ്പോൾ നന്നായി ഉടച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് കറിവേപ്പിലയും അരിഞ്ഞു വച്ചിരിക്കുന്ന കൂന്തളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക.
• ഇനി മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ഒഴിക്കണ്ട ആവശ്യമില്ല. വേവാന്‍ ആവശ്യത്തിനുള്ള വെള്ളം കൂന്തളില്‍ നിന്ന് തന്നെ ഇറങ്ങിവരും.
• രണ്ട് മിനിട്ട് കഴിയുമ്പോൾ തുറന്ന് ഇളക്കികൊടുത്ത് വീണ്ടും 8-10 മിനിട്ടോളം മൂടിവെച്ച് തന്നെ വേവിക്കുക.
• അതിനുശേഷം തുറന്നു നോക്കുമ്പോൾ ഒരു ഗ്രേവി പരുവത്തിലായിരിക്കും. ഈ സമയത്ത് ഇതിലേക്ക് ഗരം മസാല പൊടിയും കുരുമുളക് പൊടിയും കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് ഇളക്കുക. ഗ്രേവിയായി കഴിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഈ സമയത്ത് സ്റ്റൌ ഓഫ് ചെയ്ത് സെര്‍വ് ചെയ്യാം. അല്ലെങ്കില്‍ ചാറ് കുറുകി കൂന്തളിൽ പിടിക്കുന്നത് വരെ ചെറിയ തീയില്‍ 3-4 മിനിറ്റ് തുറന്ന് വെച്ച് ഇളക്കി കൊടുക്കാം.
രുചികരമായ കൂന്തള്‍ റോസ്റ്റ് റെഡി!
English Summary : Squid Roast, Malabar Cuisine Recipe.