കല്യാണ വീടുകളിൽ തലേ ദിവസം തയാറാക്കുന്ന എല്ലും കപ്പയും
Mail This Article
കല്യാണ വീടുകളിൽ തലേ ദിവസം ഉണ്ടാക്കുന്ന എല്ലും കപ്പയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. കുറഞ്ഞ അളവുകളിൽ വീട്ടിൽ തയാറാക്കാം.
ചേരുവകൾ
കപ്പ - 11/2 കിലോഗ്രാം
പോത്ത് ഇറച്ചി എല്ലോട് കൂടിയത് - 1 1/2 കിലോഗ്രാം
ചെറിയ ഉള്ളി - 15 എണ്ണം
സവാള - 2 എണ്ണം
ഇഞ്ചി - ഒരു വലിയ കഷ്ണം
വെളുത്തുള്ളി - 1 കുടം വെളുത്തുള്ളി ചതച്ചത് /1 കുടം ചതക്കാത്തത്
തേങ്ങാക്കൊത്ത് - 1/2 കപ്പ്
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി - 2 1/4 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 3/4 ടേബിൾസ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - 3 ടീസ്പൂൺ
ഏലക്ക , പെരുംജീരകം ഒരുമിച്ച് പൊടിച്ചത് - 1 ടീസ്പൂൺ
കുരുമുളക് പൊടി - 3 ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കടുക് താളിക്കാൻ - വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ, കടുക് - 1 ടീസ്പൂൺ, ചെറിയ ഉള്ളി - 2, വറ്റൽ മുളക് - 3, കറിവേപ്പില
തയാറാക്കുന്ന വിധം വിഡിയോ കാണാം
കഴുകി വൃത്തിയാക്കിയ എല്ലോട് കൂടിയ പോത്ത് ഇറച്ചി, ഒരു ടീസ്പൂൺ മുളകുപൊടി , 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മല്ലിപ്പൊടി , 1 ടീസ്പൂൺ ഗരം മസാല ,1 ടീസ്പൂൺ കുരുമുളകു പൊടി , ആവശ്യത്തിന് ഉപ്പും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക.
അതിനു ശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ഉള്ളി, സവാള, തേങ്ങാക്കൊത്ത്, ഇഞ്ചി – വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
ആ സമയത്ത് തന്നെ കൊത്തി അരിഞ്ഞ കപ്പ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക.
വഴന്ന ശേഷം പൊടികൾ ചേർത് നന്നായി മൂപ്പിക്കുക (1ടേബിൾസ്പൂൺ മുളകുപൊടി, 1 1/2 ടേബിൾസ്പൂൺ മല്ലിപ്പൊടി, 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി) അതിലേക്ക് വേവിച്ചു വച്ചിരിക്കുക ഇറച്ചി ചേർത്ത് ഇളക്കുക. കുറച്ച് വെള്ളം ചേർത്ത് ഗരം മസാല, ഏലക്ക പെരുംജീരകം മിക്സ്, കുരുമുളകു പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം കുറുകുന്നത് വരെ വേവിക്കുക.
ചാറ് കുറുകി വെന്തു വരുമ്പോൾ കപ്പ വേവിച്ചത് ചേർത്ത് ഇളകി യോജിപ്പിക്കുക. കടുകും താളിച്ച് ചേർക്കുക, എല്ലും കപ്പയും റെഡി.
English Summary : Ellum Kappayum, Nadan Food Recipe.