പിള്ളേരോണത്തിന് ചെറുപയർ പ്രഥമനും പിങ്ക് സേമിയ പായസവും
Mail This Article
തിരുവോണത്തിന് മുമ്പായും ഒരോണമുണ്ട്... പിള്ളേരോണം....ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു കുഞ്ഞോണം. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യയൊരുക്കിയാണ് പിള്ളേരോണം ആഘോഷിച്ചിരുന്നത്. ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ കേട്ടിട്ടുണ്ടാകുമോ? ഇന്ന് അപൂർവ്വം ചിലരിൽ മാത്രം ഒതുങ്ങുന്ന ആഘോഷമാണ് പിള്ളേരോണം....നന്മനിറഞ്ഞ ആ കുഞ്ഞോണത്തെ കുട്ടികൾക്ക് പ്രിയപ്പെട്ട വിഭവങ്ങൾ ചേർത്ത് രുചികരമായൊരു സദ്യയൊരുക്കി വരവേൽക്കാം.
പിള്ളേരോണത്തിന് തയാറാക്കാം രുചികരമായ 2 പായസങ്ങൾ.
ചെറുപയർ പ്രഥമൻ
ചേരുവകൾ
- ചെറുപയർ - മുക്കാൽ കപ്പ്
- ശർക്കര - 400 ഗ്രാം
- കട്ടി തേങ്ങാപ്പാൽ - ഒരു കപ്പ്
- രണ്ടാം തേങ്ങാപ്പാൽ - മൂന്ന് കപ്പ്
- ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ
- ചുക്കുപൊടി - അര ടീസ്പൂൺ
- ജീരകപ്പൊടി - കാൽ ടീസ്പൂൺ
- നെയ്യ് - ഒന്നര ടേബിൾസ്പൂൺ
- അണ്ടിപ്പരിപ്പ് - കാൽ കപ്പ്
- ഉണക്കമുന്തിരി - രണ്ട് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചെറുപയർ നന്നായി കഴുകി രണ്ട് കപ്പ് വെള്ളം ചേർത്ത് പ്രഷർ കുക്കറിൽ 5 വിസിൽ വരുന്നതുവരെ വേവിക്കുക. ചൂടാറിയ ശേഷം കുക്കർ തുറന്ന് വെള്ളം അധികമുണ്ടെങ്കിൽ ഊറ്റി കളയണം.
- ശർക്കര, അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചു പാനിയാക്കി അരിച്ചെടുക്കുക.
- ഒന്നര തേങ്ങ ചിരകിയതിൽ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ച് ഒന്നാം തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക. അധികമുള്ള തേങ്ങയിൽ വീണ്ടും മൂന്ന് കപ്പ് വെള്ളം ചേർത്ത് അരച്ച് രണ്ടാം തേങ്ങാപ്പാൽ പിഴിഞ്ഞ് എടുക്കുക.
- ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ ഉരുക്കി അരിച്ച ശർക്കര ചേർത്ത് ഒരു നൂൽ പരുവത്തിലുള്ള പാനിയാക്കുക.
- ഇതിലേക്ക് വേവിച്ച ചെറുപയറും അര ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി വരട്ടിയെടുക്കുക.
- പയറിലേക്ക് ശർക്കര നന്നായി പിടിച്ച് വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ മൂന്ന് കപ്പ് രണ്ടാം തേങ്ങാപ്പാൽ ചേർക്കുക.
- ഇടത്തരം തീയിൽ നന്നായി വേവിച്ചെടുക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. വെന്ത് കുറുകി വരുമ്പോൾ ഏലക്കാപ്പൊടി, ചുക്കുപൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് ഇളക്കുക.
- കട്ടി തേങ്ങാപ്പാൽ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു തിളവരുമ്പോൾ തീ ഓഫ് ചെയ്യുക.
- ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പായസത്തിന് മുകളിൽ ഒഴിച്ച് കൊടുക്കുക.
പിങ്ക് സേമിയ പായസം
ചേരുവകൾ
- സേമിയ - ഒരു കപ്പ്
- പാല് - അഞ്ച് കപ്പ്
- പഞ്ചസാര - കാൽകപ്പ് + അരക്കപ്പ്
- ബട്ടർ - ഒരു ടീസ്പൂൺ
- നെയ്യ് - ഒന്നര ടേബിൾസ്പൂൺ
- ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
- അണ്ടിപ്പരിപ്പ് - കാൽ കപ്പ്
- ഉണക്കമുന്തിരി - രണ്ട് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുകോരുക.
- ഇതേ നെയ്യിലേക്ക് സേമിയ ചേർത്ത് ചെറിയ തീയിൽ ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക.
- സേമിയ മാറ്റിയശേഷം കാൽകപ്പ് പഞ്ചസാരയും ബട്ടറും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി യോജിപ്പിക്കുക.
- ഇതിലേക്ക് അര കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിക്കുക.( ചൂട് പഞ്ചസാരയിലേക്ക് വെള്ളം ചേർക്കുമ്പോൾ തെറിച്ച് കൈ പൊള്ളാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിച്ചു വേണം വെള്ളം ഒഴിക്കാൻ)
- പഞ്ചസാരയും വെള്ളവും നന്നായി യോജിച്ചു കഴിയുമ്പോൾ ഇതിലേക്ക് 4 കപ്പ് പാല് ചേർക്കുക.
- പാല് നന്നായി തിളച്ചു തുടങ്ങുമ്പോൾ വറുത്ത് വെച്ച സേമിയ ചേർക്കുക. സേമിയ നന്നായി വെന്ത് തിളച്ച് കുറുകി തുടങ്ങുമ്പോൾ പഞ്ചസാരയും, ഏലക്കാപ്പൊടിയും ചേർക്കുക.
- പായസം കൂടുതൽ കുറുകിയത് പോലെ തോന്നിയാൽ ഒരു കപ്പ് പാൽ കൂടി തിളപ്പിച്ച് ചേർക്കുക.
- അഞ്ചു മിനിറ്റു കൂടി ചെറിയ തീയിൽ വേവിച്ചതിനു ശേഷം അര ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
- വറുത്ത് വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് കൊടുക്കുക.
- രുചികരമായ പിങ്ക് സേമിയ പായസം തയാർ.
English Summary : Green gram Pradhaman and Pink Vermicelli Payasam Recipe.