ADVERTISEMENT

ബിരിയാണി ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്നൊരു മീൻ ബിരിയാണി.

ചേരുവകൾ 

  • ആവോലി– അര കിലോ
  • ബസ്മതി അരി – 2 ഗ്ലാസ്‌
  • ഇഞ്ചി – 2 കഷ്ണം
  • വെളുത്തുള്ളി – 2 കുടം
  • പച്ചമുളക് – 4എണ്ണം
  • ഉപ്പ് – പാകത്തിന്
  • മുളകുപൊടി – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • സവാള – 4 എണ്ണം
  • തക്കാളി – 2 എണ്ണം
  • പെരുംജീരകപ്പൊടി – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
  • മല്ലിയില
  • പുതിനയില
  • കശുവണ്ടി പരിപ്പ്
  • ഉണക്കമുന്തിരി
  • എണ്ണ – ആവശ്യത്തിന്
  • നെയ്യ് – 5 ടേബിൾസ്പൂൺ
  • ഏലക്ക, ഗ്രാമ്പൂ – 4 എണ്ണം വീതം
  • കറുവപ്പട്ട - 2 എണ്ണം
  • ബേ ലീഫ് 
  • ചെറുനാരാങ്ങാ – 1എണ്ണം

തയാറാക്കുന്ന വിധം വിഡിയോ കാണാം

ആദ്യം മീൻ വറുത്തെടുക്കാനുള്ള മസാല തയാറാക്കാൻ ഇഞ്ചി , വെളുത്തുള്ളി, പച്ചമുളക് , ഇവ എല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ നിന്ന് ഒരു സ്പൂൺ എടുത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ പെരുംജീരക പൊടിയും ആവശ്യത്തിന് ഉപ്പും 2 ടേബിൾ സ്പൂൺ ചെറുനാരങ്ങാ നീരും  നന്നായി  യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ഓരോ മീനുകളായി മസാല പുരട്ടി വയ്ക്കുക അര മണിക്കൂറിനു ശേഷം വറുത്തെടുക്കുക.

പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിൽ സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് നല്ലപോലെ വറുത്തെടുക്കുക. അതിനുശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക ശേഷം കുറച്ചു എണ്ണ കൂടി ഒഴിച്ച് മീൻ വറുത്തെടുക്കുക. മസാല തയാറാക്കുന്നതിനായി മീൻ വറുത്ത അതേ ഓയിൽ തന്നെ ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുക്കുക. വഴന്ന് വന്നതിന്ശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിനുശേഷം തക്കാളി അരിഞ്ഞത് ചേർത്തുകൊടുക്കുക. ഇതെല്ലാം നന്നായി വഴന്നു വന്നതിനുശേഷം ഇതിലേക്ക് മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കുക. ശേഷം ഒരു കഷ്ണം മീൻ ചെറിയ കഷ്ണങ്ങളാക്കി ഇതിലേക്ക് ചേർത്തു കുറച്ചു നേരം അടച്ചു വയ്ക്കുക . അതിനു ശേഷം വറത്തു വച്ചിരിക്കുന്ന മീൻ ചേർത്ത് കുറച്ച് നേരം അടച്ച് വച്ച് തീ ഓഫ് ചെയ്യുക.

ബിരിയാണിയുടെ ചോറ് തയാറാക്കാൻ ഒരു പാത്രത്തിൽ ‌ അരി വേവിച്ചെടുക്കുന്നതിന് ആവശ്യമായ വെള്ളം ഒഴിച്ച് ഇതിലേക്ക് കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ബേ ലീഫ് ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച ശേഷം അരി ഇട്ട് ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് അരി മുക്കാൽ വേവ് ആയതിനുശേഷം ഊറ്റി എടുക്കാം. 

ഇനി ബിരിയാണി ദം ചെയ്യാനുള്ള പാത്രം ഒന്ന് ചൂടാക്കിയതിനു ശേഷം ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് കുറച്ചു മസാല ഇട്ടതിനു ശേഷം അതിന്റെ മുകളിലായി വേവിച്ച ചോറ് ഇട്ട് കൊടുക്കുക. വറുത്തെടുത്ത ഉള്ളി, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില, പുതിനയില എന്നിവ കുറച്ചുചേർത്ത് അതിന്റെ മുകളിൽ ബാക്കി മസാലയും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തു വേവിച്ചു വച്ച ചോറ് ഇട്ടുകൊടുക്കുക. അതിന്റെ മുകളിലായി മീൻ വച്ചു കൊടുക്കുക ബാക്കി ഉള്ള വറുത്തെടുത്ത അണ്ടിപരിപ്പ്, മുന്തിരി എന്നിവ എല്ലാം ചേർത്ത് ആവി പുറത്തു പോകാത്ത തരത്തിൽ ഒരു മൂടി കൊണ്ട് അടച്ചു വയ്ക്കുക. കുറഞ്ഞ തീയിൽ 15 മിനിറ്റ് ദം ചെയ്തെടുക്കുക.

പതിനഞ്ചു മിനിട്ടിനു ശേഷം നല്ല ആവി പറക്കുന്ന മീൻ ബിരിയാണി റെഡി, ചോറും മസാലയും കൂട്ടി യോജിപ്പിച്ചതിനു ശേഷം സെർവിങ് പ്ലേറ്റിലേക്ക് മാറ്റി മുകളിൽ വറുത്തെടുത്ത അണ്ടി പരിപ്പും മുന്തിരിയും ചേർത്ത് അലങ്കരിച്ച ശേഷം വിളമ്പാം.

English Summary : Tasty Fish Dum Biriyani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com