ഞൊടിയിടയിൽ സ്വാദിഷ്ടമായ സാമ്പാറും വെണ്ണ അവിയലും
Mail This Article
സാമ്പാറും അവിയലും തയാറാക്കാൻ പ്രയാസം ആണോ? വേഗത്തിൽ നല്ല സ്വാദിഷ്ടമായ അടിപൊളി സാമ്പാറും നല്ല വെണ്ണ അവിയലും തയാറാക്കാം.
സാമ്പാർ
വേവിച്ച തുവര പരിപ്പിലേക്കു ചതുര കഷണങ്ങളായി അരിഞ്ഞു വച്ച പച്ചക്കറികൾ അൽപം ഉപ്പും മഞ്ഞളും കറിവേപ്പിലയും ചേർത്ത് കുക്കറിൽ വേവിക്കാം. അല്പം കായം കൂടി ചേർത്താൽ രുചി കൂടും.
ഉരുളക്കിഴങ്ങ്, ചെറിയ ഉള്ളി, സവാള, മുരിങ്ങക്ക, കുമ്പളങ്ങ, വെള്ളരിക്ക, അച്ചിങ്ങ പയർ, വഴുതനങ്ങ, പച്ചമുളക് എന്നിവയൊക്കെ ചേർക്കാം. ഈ സാമ്പാറിൽ കാരറ്റ്, ചേന മത്തങ്ങാ എന്നിവ ചേർക്കരുത്.
ഒരു വിസിൽ വന്ന ശേഷം വാങ്ങി വയ്ക്കാം. ഇവിടെയും പിഴിഞ്ഞ പുളി ചേർക്കാറില്ല. പകരം നല്ല പഴുത്ത തക്കാളി ചെറുതായി അരിഞ്ഞു വയ്ക്കുക.
ചൂടായ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളക്, ഉഴുന്ന് പരിപ്പ്, ചെറിയ ജീരകം, പെരുംജീരകം കറിവേപ്പില എന്നിവ വഴറ്റി തക്കാളി ചേർക്കുക.
നല്ല പോലെ വെന്തു വരുമ്പോൾ സാമ്പാർ പൊടി ചേർത്ത് തിളപ്പിച്ച ശേഷം കഷ്ണങ്ങളിലേക്കു ചേർക്കാം.
തിള വന്നു കഴിഞ്ഞാൽ അല്പം കായം കൂടി വിതറി നെയ്യ് ചേർത്ത് വാങ്ങി വയ്ക്കാം.
അവിയലിനു വേണ്ട ചേരുവകൾ
നീളത്തിൽ അരിഞ്ഞു വച്ച പച്ചക്കറികൾ ചെറിയ തീയിൽ അല്പം മാത്രം വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക.
ചേന, പടവലങ്ങ, വെള്ളരിക്ക, കുമ്പളങ്ങ, ഉരുളക്കിഴങ്ങ്, പയർ, കാരറ്റ്, മുരിങ്ങക്ക, പച്ച കായ എന്നിവ ഉപയോഗിക്കാം.
കൂട്ടത്തിൽ പച്ചമുളകും കറിവേപ്പിലയും മറക്കാതെ ചേർക്കുക. അല്പം വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർക്കണം.
ഒരു പകുതി വേവ് ആകുമ്പോൾ കുറച്ചു തൈര് ചേർത്ത് കൊടുക്കാം.
നന്നായി ഇളക്കി നല്ല വേവ് ആകുമ്പോൾ നാളികേരം, ചുവന്നുള്ളി, ജീരകം എന്നിവ നന്നായി ചതച്ചു ചേർക്കുക.
രണ്ടു മിനിറ്റു വേവിച്ച ശേഷം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വാങ്ങി വയ്ക്കുക.
നല്ല സ്വാദിഷ്ടമായ വെണ്ണ അവിയൽ റെഡി!
English Summary : Avial and Sambar made with a number of nutritious and colourful vegetables.