ചെമ്മീൻ തീയൽ പുട്ടിന് ബെസ്റ്റ് കോമ്പിനേഷനാണിഷ്ടാ; കൂട്ടിന് പപ്പടവുമുണ്ടെങ്കിൽ സംഗതി പൊളിക്കും
Mail This Article
മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കറിയാണ് കൊഞ്ച് തീയൽ. പുട്ടും പപ്പടവും കൊഞ്ച് തീയലും ചേർത്ത് കഴിച്ചാൽ അതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.
ചേരുവകൾ
പച്ച കൊഞ്ച് - അരക്കിലോഗ്രാം
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
മല്ലി - രണ്ട് ടേബിൾസ്പൂൺ
വറ്റൽമുളക് - 8
കറിവേപ്പില - ഒരു തണ്ട്
ഉലുവ - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
ചുവന്നുള്ളി - രണ്ട് കപ്പ്
പച്ചമുളക് - 4 എണ്ണം
തേങ്ങാക്കൊത്ത് - കാൽ കപ്പ്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് - ഒരു ടേബിൾസ്പൂൺ
കറിവേപ്പില
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
വാളൻ പുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൊഞ്ച് തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തേങ്ങ ചിരകിയത്, മല്ലി, വറ്റൽമുളക്, കറിവേപ്പില, ഉലുവ എന്നിവ ബ്രൗൺ നിറത്തിൽ മൂപ്പിച്ചെടുക്കുക. ചൂടാറിയതിനു ശേഷം മിക്സിയിൽ ഇട്ട് എണ്ണ തെളിയുന്നതുവരെ പൊടിച്ചെടുക്കുക. ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ ചുവന്നുള്ളി, തേങ്ങാക്കൊത്ത്, പച്ചമുളക്, കറിവേപ്പില, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് എന്നിവ ചേർത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടിയും കൊഞ്ചും ചേർത്ത് അൽപനേരം കൂടി വഴറ്റുക.
തേങ്ങ അരച്ചത്, ആവശ്യത്തിന് തിളച്ച വെള്ളം, പുളി പിഴിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക.
അടച്ചു വച്ച് ചെറിയ തീയിൽ ചാറ് കുറുകുന്നതുവരെ വേവിച്ചെടുക്കുക. ചോറ്, ചപ്പാത്തി, പുട്ട് ഇവയുടെ കൂടെ സൂപ്പർ കോമ്പിനേഷനാണ്.
English Summary : Nadan Konju Theeyal Recipe