പ്രഭാത ഭക്ഷണത്തിന് വളരെ വ്യത്യസ്തമായ ഒരു വിഭവം, ഉഴുന്ന് പൂരി
Mail This Article
ഉഴുന്നു കൊണ്ടു തയാറാക്കാവുന്ന വളരെ രുചികരമായ പലഹാരം
ചേരുവകൾ :
1. ഉഴുന്ന് - 1 കപ്പ്
2. ഗോതമ്പു പൊടി/മൈദ - 1 1/2 കപ്പ്
3. പെരും ജീരകം - 2 1/2 ടീസ്പൂൺ
4. ഇഞ്ചി - 1 കഷ്ണം
5. പച്ചമുളക് - 4 എണ്ണം
6. കറുത്ത എള്ള് - 1/2 ടീസ്പൂൺ
7. കായപ്പൊടി - 1/4 ടീസ്പൂൺ താഴെ
8.എണ്ണ - 3 1/2 ടേബിൾ സ്പൂൺ (കൂടാതെ വറുക്കാൻ ആവശ്യമായതും )
9. ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഉഴുന്ന് നന്നായി കഴുകിയ ശേഷം രാത്രി മുഴുവനോ അല്ലെങ്കിൽ 5 മണിക്കൂർ കുതർത്ത് വയ്ക്കുക.
- അതിനുശേഷം വെള്ളം ഇല്ലാതെ മിക്സിയുടെ ജാറിൽ ഒരു 1/4 കപ്പ് വെള്ളം ഒഴിച്ച് നല്ല മിനുസമായി അരച്ചെടുക്കുക.
- ഒരു പാനിൽ 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി കറുത്ത എള്ള് ഇടുക. അതിലേക്കു കായപ്പൊടി ചേർത്ത് ഇളക്കി 1 1/2 ടീസ്പൂൺ പെരുംജീരകം കൂടി ചേർത്തിളക്കുക.
- അതിലേക്കു ഇഞ്ചി, പച്ചമുളക് നന്നായി ചതച്ചത് കൂടി ചേർത്ത് വഴറ്റുക. അരച്ച് വച്ച ഉഴുന്ന് ആവശ്യത്തിന് ഉപ്പ് ചേർത്ത് നിർത്താതെ ഇളക്കി വേവിക്കുക.
- താഴ്ന്ന തീയിൽ വച്ചു അതിലെ വെള്ളം എല്ലാം വറ്റി ഉഴുന്നിന്റെ പച്ച രുചി മാറി പാത്രത്തിൽ നിന്ന് വിട്ടു നിക്കുന്ന പരുവത്തിൽ കട്ടിയാക്കി എടുക്കണം.
- നന്നായി തണുത്ത ശേഷം ചെറിയ ഉരുളകളാക്കി എടുക്കാം.
- ഒരു പാത്രത്തിൽ ഗോതമ്പു പൊടി /മൈദ എന്നിവ ചേർത്ത് ആവശ്യത്തിന് ഉപ്പ്, കുറച്ചു പെരുംജീരകപ്പൊടി, ഇഞ്ചി– പച്ചമുളക് ചതച്ചത്, 2 ടീസ്പൂൺ ഓയിൽ എന്നിവ ചേർത്ത് ഇളക്കുക.
അതിലേക്കു കുറേശ്ശേ വെള്ളം ചേർത്ത് പൂരി മാവ് പരുവത്തിൽ നല്ല മിനുസമായി കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി എടുക്കുക. ഒരു ഉരുള എടുത്തു കൈയിൽ വച്ചു ചെറുതായ് പരത്തിയ ശേഷം ഉഴുന്ന് ഉരുളകളിൽ ഒന്ന് എടുത്തു നടുക്ക് വച്ചു ഒന്ന് കൂടി ഉരുളകളാക്കുക. പൂരി പരത്തുന്ന തട്ടിൽ കുറച്ചു എണ്ണ തടവി ചെറിയ കനത്തിൽ പൂരി പരത്തുന്ന വലുപ്പത്തിൽ പരത്തി എടുക്കുക. എണ്ണ നന്നായി ചൂടായാൽ മീഡിയം തീയിൽ വച്ചു പൂരി വറത്തെടുക്കുന്ന പോലെ വറത്തെടുക്കുക.
English Summary : Urad Dal Puri Recipe.