പ്രഭാതഭക്ഷണം ഹെൽത്തി ഉപ്പുമാവ് ആക്കിയാലോ?; കഴിക്കാൻ വേറെ കറിയൊന്നും വേണ്ട
Mail This Article
ഉണരാൻ വൈകുന്ന ദിവസങ്ങളിൽ പല അടുക്കളകളിലും ആദ്യം പാകമാകുന്നൊരു വിഭവമാണ് ഉപ്പുമാവെന്ന് പലരും പറയാറുണ്ട്. വീട്ടിലെ പല അംഗങ്ങളും ആ വിഭവത്തോട് മുഖം തിരിക്കുമ്പോൾ ഒപ്പം കഴിക്കാനുള്ള സൈഡ് ഡിഷ് നൽകിയാണ് പല അമ്മമാരും കുട്ടികളുൾപ്പടെയുള്ളവരെ പാട്ടിലാക്കുന്നത്. പ്രാതലിന്റെ പണി കുറയുമ്പോൾ സൈഡ് ഡിഷിന്റെ പണി കൂടുമെന്നു ചുരുക്കം. എന്നാലിനി ഉപ്പുമാവുണ്ടാക്കുമ്പോൾ ഒരു കോംപ്രമൈസും വേണ്ട. വേറെ കറികളൊന്നും സ്പെഷലായി വേണ്ടാത്ത ഉപ്പുമാവൊന്ന് ഉണ്ടാക്കിനോക്കിയാലോ. പോഷകസമ്പുഷ്ടമായ തക്കാളി ഉപ്പുമാവ് എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
റവ - ഒരു കപ്പ്
വെള്ളം - രണ്ടര കപ്പ്
നെയ്യ് / എണ്ണ - 2 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
ഉഴുന്ന് പരിപ്പ് - ഒരു ടേബിൾ സ്പൂൺ
കടുക് - ഒരു ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില - 2 തണ്ട്
ചെറിയ ഉള്ളി അരിഞ്ഞത് - അര കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
പച്ചമുളക് -2 എണ്ണം
കാരറ്റ് അരിഞ്ഞത് -2 ടേബിൾ സ്പൂൺ
ബീൻസ് അരിഞ്ഞത് - 2 ടേബിൾസ്പൂൺ
തക്കാളി - 2 ഇടത്തരം വലിപ്പത്തിൽ ഉള്ളത്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
റവ ചെറിയ തീയിൽ എണ്ണയില്ലാതെ അഞ്ചുമിനിറ്റ് വറുത്തെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറുതായി അരിഞ്ഞ അണ്ടിപ്പരിപ്പ് വറുത്ത് കോരുക. ഇതേ എണ്ണയിലേക്ക് ഉഴുന്നുപരിപ്പും കടുകും വറ്റൽ മുളകും ചേർക്കുക. കടുക് പൊട്ടി തുടങ്ങുമ്പോൾ കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് ഇവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. മഞ്ഞൾപൊടി കൂടി ചേർത്ത് വഴറ്റിയതിനു ശേഷം ചെറുതായി അരിഞ്ഞ ക്യാരറ്റ്, ബീൻസ്, തക്കാളി ഇവ ചേർത്ത് തക്കാളി ഉടയുന്നത് വരെ വഴറ്റുക. ഇതിലേക്ക് രണ്ടര കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക. പച്ചക്കറികൾ വെന്ത് കിട്ടാനായി അഞ്ചുമിനിറ്റ് അടച്ചുവച്ച് തിളപ്പിക്കുക. റവ അൽപാൽപമായി ഇട്ട് യോജിപ്പിക്കുക. വശങ്ങളിൽ നിന്നും വിട്ടു വരുമ്പോൾ തീ കുറച്ച് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. വറുത്തുവെച്ച അണ്ടിപ്പരിപ്പ് വിതറി അലങ്കരിക്കാം.രുചികരമായ തക്കാളി ഉപ്പുമാവ് തയാർ.
Content Summary : Tomato Upma Recipe