ഉണ്ണിയപ്പത്തിന്റെ വലുപ്പത്തിൽ കണ്ണൂർ സ്പെഷൽ പഞ്ചാരപ്പം
Mail This Article
മുകൾ ഭാഗം വെള്ള നിറവും താഴെ നല്ല ബ്രൗൺ നിറത്തിലും വേവിച്ച് എടുക്കുന്ന കണ്ണൂരപ്പം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
പച്ചരി - 1 കപ്പ്
ചോറ് - 1 ടേബിൾ സ്പൂൺ
മൈദ - 2 ടേബിൾ സ്പൂൺ
പഞ്ചസാര - 5 തൊട്ടു 6 ടേബിൾ സ്പൂൺ വരെ
ബേക്കിങ് സോഡ - 1/4 ടീസ്പൂൺ താഴെ
ഉപ്പ് - ഒരു നുള്ള്
ഏലക്ക ചതച്ചത് - 4 എണ്ണം
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം :
ഒരു കപ്പ് പച്ചരി 4 തൊട്ടു 5 മണിക്കൂർ വരെ കുറച്ചു വെള്ളത്തിൽ കുതർത്തി വയ്ക്കുക.
4 മണിക്കൂറിനു ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞു മിക്സിയുടെ ജാറിൽ ഇടുക.
അതിലേക്കു ചോറ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് തരി ഉള്ള പോലെ അരച്ചെടുക്കുക.
അതിലേക്കു പഞ്ചസാര, മൈദ എന്നിവ കൂടി ചേർത്ത് നല്ല മിനുസമായ് അരച്ചെടുക്കുക.
ഒരു പാത്രത്തിലേക്ക് മാറ്റി ഒരു 8 തൊട്ടു 9 മണിക്കൂർ അടച്ചു വയ്ക്കുക.
അതിനുശേഷം അതിലേക്കു ബേക്കിങ് സോഡ, ഉപ്പ്, ഏലക്ക ചതച്ചത് എന്നിവ ഇട്ട് നന്നായി ഇളക്കുക.
ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ചൂടാക്കി മാവ് ഓരോ കുഴിയിലും ഒഴിച്ച് കൊടുക്കുക. മുകൾ ഭാഗം പൊങ്ങി വന്നാൽ അപ്പോൾ തന്നെ മറച്ചിടുക. എന്നിട്ട് താഴത്തെ ഭാഗം ബ്രൗൺ കളർ ആകുന്നതു വരെ വേവിക്കുക.
English Summary : Pancharaappam Recipe.