ചെറുപയർ കറി, തേങ്ങാ ചേർക്കാതെ രുചിയോടെ
Mail This Article
ചെറുപയർ കടഞ്ഞത്, ചപ്പാത്തി, പുട്ട്, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ നാളികേരം ചേർക്കാത്ത കറി.
ചേരുവകൾ
ചെറുപയർ - 1 കപ്പ്
ചെറിയ ഉള്ളി - 10 എണ്ണം
പച്ചമുളക് - 4 എണ്ണം
വെളുത്തുള്ളി - 1 അല്ലി
കടുക് - 1/2 ടീസ്പൂൺ
ജീരകം - 1/4 ടീസ്പൂൺ
മുഴുവൻ മല്ലി ചതച്ചത് - 1 1/2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാവാൻ വച്ചിട്ട് ചെറുപയർ അതിലേക്കു ഇട്ടു മീഡിയം തീയിൽ വറക്കുക.
ചെറുതായിട്ട് ഒന്ന് കളർ മാറുന്നതു വരെ വറുത്താൽ മതി.
ഒരു പ്രഷർ കുക്കറിൽ 21/2 കപ്പ് വെള്ളം എടുക്കുക.
അതിലേക്കു 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ഒഴിക്കാം.
വറത്തു വച്ച ചെറുപയർ നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇടുക.
അടച്ചു വച്ച് 7– 8 വിസിൽ വരെ വേവിക്കുക. നന്നായി ഉടഞ്ഞ പോലെ വേവിച്ചെടുക്കണം.
അതിനുശേഷം വെള്ളം കൂടുതലാണെന്നു തോന്നുന്നു എങ്കിൽ ഒന്ന് വറ്റിച്ചെടുക്കാം.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
അതിലേക്കു ജീരകം ചേർത്ത് പച്ചമുളക് കൂടി ചേർത്തിളക്കുക. അതിലേക്കു വെളുത്തുള്ളി അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം അരിഞ്ഞു വച്ച ചെറിയ ഉള്ളിയും ഒരു നുള്ള് ഉപ്പ്, കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക.
ചതച്ച മല്ലിയും ചേർത്ത് പച്ച രുചി പോകുന്നതു വരെ ഏകദേശം 2 മിനിറ്റ് വഴറ്റുക.
കറിയിലേക്ക് ചേർത്ത് 2 മിനിറ്റ് നന്നായി തിളപ്പിച്ച് തീ അണയ്ക്കുക.
English Summary : Cherupayar Kadanjath Recipe.